എ.എഫ്.സി അണ്ടർ-23 യോഗ്യത മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി. ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ ഉസ്ബെക്കിസ്ഥാനോട് എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഇന്ത്യ തോല്‍വി വഴങ്ങിയത്. മലയാളി താരങ്ങളായ രാഹുല്‍ കെ.പിയും സഹല്‍ അബ്ദുല്‍ സമദും ഇന്നിറങ്ങി.
ഏഷ്യൻ കപ്പില്‍ കളിക്കാൻ ഇന്നത്തെ ജയം അനിവാര്യമായിരുന്നു. ഗ്രൂപ്പിലെ മത്സരങ്ങളിലെല്ലാം ജയിച്ച് ഒന്നാം സ്ഥാനത്തെത്തിയാല്‍ മാത്രമേ ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടാനാകൂ.നിലവിലെ ചാമ്പ്യന്മാരായ ഉസ്ബെക്കിസ്ഥാന്‍റെ യുവനിരയുടെ പ്രകടനത്തിന് മുമ്പില്‍ പിടിച്ചുനില്‍ക്കാൻഇന്ത്യക്ക് കഴിഞ്ഞില്ല. മത്സരത്തിന്‍റെ 45 ആം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെയാണ് ഉസ്ബെക്കിസ്ഥാൻ ആദ്യ ഗോൾ നേടിയത്. രണ്ടാം പകുതിയില്‍ മത്സരത്തിന്‍റെ നിയന്ത്രണം ഉസ്ബെക്കിസ്ഥാൻ ഏറ്റെടുക്കുകയായിരുന്നു. പിന്നീട് 78 ആം മിനിറ്റിലും 85 ആം മിനിറ്റിലും ബോബിറിന്‍റെ ഇരട്ട ഗോളുകൾ ഉസ്ബെക്കിസ്ഥാന്വമ്പൻ വിജയം സമ്മാനിച്ചു.
ഇന്നത്തെ തോല്‍വിയോടെ ഇന്ത്യയുടെ ഏഷ്യൻ കപ്പ് യോഗ്യത പ്രതീക്ഷകൾക്ക് തിരിച്ചടിയായി. ഇതിന് മുമ്പ് ഖത്തറുമായി നടന്ന സൗഹൃദ മത്സരത്തിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഇനി താജിക്കിസ്ഥാനുമായുള്ളഅവസാന മത്സരത്തില്‍ ജയിച്ചാലും ഇന്ത്യക്ക് ഏഷ്യൻ കപ്പ്യോഗ്യത എളുപ്പമാകില്ല.