പനാജി: എ.എഫ്.സി കപ്പിനൊരുങ്ങുന്ന ബംഗളൂരു എഫ്.സിയ്ക്ക് കനത്ത തിരിച്ചടി. ടീമിലെ മൂന്ന് അംഗങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. കളിക്കാരും സ്റ്റാഫും ഉള്‍പ്പെടെയുള്ളവര്‍ക്കാണ് രോഗബാധയെന്ന് ക്ലബ് അധികൃതര്‍ അറിയിച്ചു.
എന്നാല്‍ വെെറസ് ബാധയുണ്ടായവരുടെ വിവരങ്ങള്‍ ക്ലബ് പുറത്തുവിട്ടിട്ടില്ല. സുരക്ഷിതവും ആരോഗ്യകരവുമായിരിക്കാന്‍ ആവശ്യമായ എല്ലാ മുൻകരുതലുകളും തുടരുന്നതായി ക്ലബ് പ്രസ്താവനയില്‍ അറിയിച്ചു. ടീമിന്‍റെ പരിശീലകനായി മാർക്കോ പെസായിയോളി കഴിഞ്ഞ മാസം സ്ഥാനമേറ്റതിന് പിന്നാലെ എ.എഫ്.സി കപ്പിനായി ടീം തീവ്ര പരിശീലനത്തിലാണിപ്പോള്‍ ഉള്ളത്.
അതേസമയം നായകൻ സുനിൽ ഛേത്രി കൊവിഡ് നെഗറ്റീവായതിനെത്തുടർന്ന് തിരിച്ചെത്തിയത് ടീമിന് ആശ്വാസമാണ്. ഏപ്രിൽ 14 ന് ഗോവയിലെ ബംബോലിം സ്‌റ്റേഡിയത്തിലാണ് എ.എഫ്.സി കപ്പിൽ ബംളൂരുവിന്‍റെ ആദ്യ മത്സരം നടക്കുക. കഴിഞ്ഞ ഐ.എസ്.എല്ലിൽ മികച്ച പ്രകടനം നടത്താന്‍ ടീമിന് സാധിച്ചിരുന്നില്ല. പട്ടികയില്‍ ഏഴാമതായാണ് ടീം കഴിഞ്ഞ സീസണ്‍ പൂര്‍ത്തിയാക്കിയത്.