മർഗാവോ: എഎഫ്‌സി ചാമ്പ്യൻസ് ലീഗില്‍ എഫ്‌സി ഗോവയ്ക്ക് തോല്‍വി. ഗ്രൂപ്പ് ഇ മത്സരത്തിൽ ഇറാനിയൻ ചാമ്പ്യൻമാരായ പെർസെപോളിസ് എഫ്‌സിയോടാണ് ഏകപക്ഷീയമായ നാലുഗോളുകള്‍ക്ക് ഗോവ തോല്‍വി വഴങ്ങിയത്. ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ഏകപക്ഷീയമായ മത്സരത്തിൽ ഷഹ്രിയാര്‍ മൊഗൻലോ (24-ാം മിനിറ്റ്), മെഹാദി തോറാബി (43-ാം മിനിറ്റ്), ഇസാ അൽകാസിർ (47-ാം മിനിറ്റ്), കമൽ കാമ്യാബിനിയ (58-ാം മിനിറ്റ്) എന്നിവർ വിജയികൾക്കായി ഗോൾ കണ്ടെത്തി.
കഴിഞ്ഞയാഴ്ച തുടര്‍ച്ചയായ മൂന്ന് മത്സരങ്ങള്‍ കളിക്കേണ്ടി വന്നതിനാല്‍ മികച്ച പ്രകടനം നടത്തുന്ന ഗോള്‍ കീപ്പര്‍ ധീരജ് സിങ്ങിനെയുള്‍പ്പെടെ പുറത്തിരുത്തിയാണ് കോച്ച് ജുവാൻ ഫെറാണ്ടോയ്ക്ക് ടീമിനെ കളത്തിലിറക്കേണ്ടിവന്നത്. എന്നാല്‍ ഇറാനിയന്‍ സംഘത്തിന്‍റെ ആക്രമണത്തില്‍ ടീമിന് അടി പതറുകയായിരുന്നു. ഇതിനിടെ ഗോവന്‍ താരങ്ങള്‍ വരുത്തിവച്ച പിഴവുകളും ഗോളുകളായി.
ഗോള്‍ കീപ്പര്‍ നവീന്‍ കുമാറിന്‍റെ പിഴവില്‍ നിന്നാണ് ഗോവ ആദ്യ രണ്ട് ഗോളുകള്‍ വഴങ്ങിയത്. അതേസമയം പ്രതിരോധ താരം മുഹമ്മദ് അലിയുടെ പിഴവാണ് നാലാം ഗോളില്‍ കലാശിച്ചത്. അതേസമയം നാല് മത്സരങ്ങളില്‍ നിന്നും രണ്ട് തോല്‍വിയും രണ്ട് സമനിലകളുമായി ഗ്രൂപ്പ് ഇയില്‍ മൂന്നാം സ്ഥാനത്താണ് ഗോവ. കളിച്ച നാല് മത്സരങ്ങളും വിജയിച്ച പെർസെപോളിസ് എഫ്‌സിയാണ് ഒന്നാം സ്ഥാനത്ത്.