ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ഇന്ന് കലാശപ്പോരാട്ടം. നാല് തവണ ചാമ്പ്യന്മാരായ ജപ്പാനും ആദ്യമായി ക്വാര്‍ട്ടര്‍ ഫൈനലിനപ്പുറത്തേക്ക് സഞ്ചരിച്ച ഖത്തറും ഇന്ന് ഏറ്റുമുട്ടും.
ടൂർണമെന്‍റ് ഫേവറിറ്റുകളായ ഓസ്‌ട്രേലിയ, ഇറാൻ, ദക്ഷിണ കൊറിയ എന്നിവർ പാതിവഴിയില്‍ വീണപ്പോള്‍ ജപ്പാനും അറ്റാക്കിംഗ് ഫുട്‌ബോളുമായി ഖത്തറും ഫൈനലിന് യോഗ്യത നേടുകയായിരുന്നു. ഏഷ്യൻ കപ്പിൽ ചരിത്രം കുറിച്ച ടീമാണ് ജപ്പാൻ. കൂടാതെ ലോകകപ്പ് പോലുള്ള വലിയ ടൂർണമെന്‍റ് കളിച്ചുള്ള പരിചയവും ജപ്പാന്‍റെ ശക്തിയാണ്. ഇന്നത്തെ ഫൈനലിൽ ജയിച്ച് ഏറ്റവും കൂടുതൽ തവണ ഏഷ്യൻ ചാമ്പ്യന്മാരായ റെക്കോർഡും അവരെ കാത്തിരിക്കുന്നു. ജപ്പാന്‍ നിരയില്‍ യുയ ഒസാകോയാണ് ശ്രദ്ധേയ താരം. പരിക്ക് ഭേദമായി ടീമില്‍ തിരിച്ചെത്തിയ ശേഷം സെമിയിൽ ഇറാനെതിരെ ഇരട്ട ഗോളുകള്‍ നേടിയാണ് ഒസാകോ ഫോം അറിയിച്ചത്.
ഖത്തറിന് ചരിത്രം പറയാനില്ല. എന്നാൽ മ്യാന്‍മാറില്‍ 2014-ൽ നടന്ന എ.എഫ്.സി അണ്ടര്‍ 19 ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ ഖത്തര്‍ ടീമാണ് ഇന്ന് സീനിയര്‍ കപ്പിനായി കളത്തിലിറങ്ങുന്നത്. നാല് വര്‍ഷത്തിലേറെയായി ഒരുമിച്ച് കളിക്കുന്ന കിടിലന്‍ സംഘമാണ് ഖത്തറിന്‍റേത്. പരിശീലകൻ ഫെലിക്‌സ് സാഞ്ചസിന്റെ അറ്റാക്കിംഗ് തന്ത്രങ്ങള്‍ വിജയിപ്പിക്കുവാന്‍ പോന്ന താരങ്ങളും ടീമിലുണ്ട്. അല്‍മോസ് അലി, അക്രം അഫീഫ്, താരെക്‌സല്‍മാന്‍ എന്നീ സൂപ്പര്‍ താരങ്ങളെ എതിരാളികള്‍ ഭയക്കും. ടൂര്ണമെന്റില് ആറ് മത്സരങ്ങളില്‍ നിന്ന് എട്ട് ഗോൾ നേടിയ യുവ സ്‌ട്രൈക്കര്‍ അല്‍മോസ് അലിയാണ് ഖത്തറിന്‍റെ തുറുപ്പ്ചീട്ട്.
മികച്ച കളിക്കാരും വലിയ ടൂർണമെന്‍റുകളിലെ മത്സര പരിചയവും കരുത്താക്കി ജപ്പാനും, പുതിയ ചരിത്രം കുറിക്കാൻ ഖത്തറും ഇറങ്ങുമ്പോൾ ഇന്നത്തെ ഫൈനൽ തീപാറുമെന്ന് ഉറപ്പ്. സയദ് ഫുട്ബോൾ സ്റ്റേഡിയത്തിൽ രാത്രി 7.30 നാണ് മത്സരം.