ഖത്തറിൽ നടക്കുന്ന 2022 ലെ ഫുട്ബോള്‍ ലോകകപ്പില്‍ 48 ടീമുകള്‍ക്ക് മത്സരിക്കാവുന്നതാണെന്ന് ഫിഫ. ഖത്തറിന്‍റെഅയൽ രാജ്യങ്ങളിൽകൂടി വേദി അനുവദിച്ചാൽ കൂടുതൽ ടീമുകള്‍ക്ക് മത്സരിക്കാമെന്ന്ഫിഫ ഭരണസമിതി നടത്തിയ പഠനത്തില്‍ കണ്ടെത്തി.
കൂടുതൽ ടീമുകളെ പങ്കെടുപ്പിക്കണോ എന്ന് ജൂണിൽ തീരുമാനിക്കുമെന്നും ഫിഫ അറിയിച്ചു. നിലവില്‍ 32 ടീമുകളാണ് ലോകകപ്പില്‍ മത്സരിക്കുന്നത്. ലോകകപ്പില്‍ കൂടുതൽ ടീമുകളെ മത്സരിപ്പിക്കുമെന്നത് ഫിഫ പ്രസിഡന്‍റ് ഇന്‍ഫന്‍റീനോയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. ഖത്തറിനൊപ്പം കുവൈറ്റ്, ഒമാന്‍, ബഹ്റൈന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളില്‍ കൂടി വേദികള്‍ അനുവദിച്ചാല്‍ 48 ടീമുകളെ പങ്കെടുപ്പിച്ച് ലോകകപ്പ് നടത്തുന്നതിന് തടസമില്ലെന്നാണ് ഫിഫയുടെ പഠനത്തില്‍ പറയുന്നത്.
എന്നാൽ 48 ടീമുകളെ പങ്കെടുപ്പിച്ച് ലോകകപ്പ് നടത്തണമെങ്കില്‍ ഖത്തറും അയല്‍രാജ്യങ്ങളുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടതുണ്ടെന്നതാണ് ഫിഫയുടെ മുന്നിലുള്ള പ്രധാന കടമ്പ. മറ്റ് രാജ്യങ്ങളില്‍ വേദി അനുവദിക്കുന്ന കാര്യത്തില്‍ ഖത്തറിന്റെ കൂടെ അനുവാദം ആവശ്യമാണ്. 2017 മുതല്‍ ബഹ്റൈനും സൗദിയും യു.എ.ഇയും ഖത്തറുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ പോലും നിര്‍ത്തിവെച്ചിരിക്കുകയാണ്. നിലവിലെ ഷെഡ്യൂള്‍ അനുസരിച്ച് ഖത്തറിലെ എട്ട് സ്റ്റേഡിയങ്ങളിലായി 64 മത്സരങ്ങളാണ് നടത്തേണ്ടത്.