പാരീസ്: ഫ്രഞ്ച് ഫുട്ബോള്‍ ക്ലബ് പാരീസ് സെന്‍റ് ജര്‍മനിലെ മൂന്ന് താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ടീം ട്വിറ്ററിലൂടെയാണ് വിവരം പുറത്തുവിട്ടിരിക്കുന്നത്. ഏതൊക്കെ താരങ്ങളാണ് കൊവിഡ് ബാധിതരായതെന്ന് ക്ലബ് വ്യക്തമാക്കിയിട്ടില്ല.
അതേസമയം സൂപ്പര്‍ താരം നെയ്‌മര്‍, അര്‍ജന്‍റീനിയൻ താരങ്ങളായ ഏയ്‌ഞ്ചല്‍ ഡി മരിയ, ലിയനാഡൊ പാരഡെസ് എന്നിവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. എന്നാല്‍ പിഎസ്‌ജി അധികൃതര്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല. "ടീമിലെ മൂന്ന് താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ നിരീക്ഷണത്തിലാണ്. വരും ദിവസങ്ങളില്‍ എല്ലാ താരങ്ങളെയും, സ്‌റ്റാഫ് അംഗങ്ങളെയും കൊവിഡ് പരിശോധനയ്‌ക്ക് വിധേയരാക്കും" - എന്നാണ് പിഎസ്‌ജിയുടെ ഔദ്യോഗിക ട്വീറ്റ്. ചാമ്പ്യൻസ് ലീഗ് ഫൈനലില്‍ ബയേണ്‍ മ്യൂണിക്കിനോട് തോറ്റ ശേഷം പിഎസ്‌ജി മറ്റ് മത്സരങ്ങള്‍ കളിച്ചിട്ടില്ല.