ന്യൂഡല്‍ഹി : ശുഭ്‌മാന്‍ ഗില്‍ ക്രിക്കറ്റിന്‍റെ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയ്‌ക്കായി കളിക്കാനാവുന്ന താരമാണെന്ന് മുന്‍ സെലക്‌ടര്‍ സാബ കരീം. ശരിയായ സാങ്കേതികത ഉപയോഗിച്ച് മൂന്ന് ഫോർമാറ്റുകളിൽ കളിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. എന്നാല്‍ ഗില്ലിന് അതിന് കഴിയുന്നുണ്ടെന്നും കരീം പറഞ്ഞു. സിംബാബ്‌വെയ്‌ക്കെതിരായ ഒന്നാം ഏകദിനത്തിലെ ഗില്ലിന്‍റെ പ്രകടനത്തിന് പിന്നാലെയാണ് സാബ കരീമിന്‍റെ പ്രതികരണം.
2023ലെ ഐസിസി ലോകകപ്പില്‍ ബാക്കപ്പ് ഓപ്പണറുടെ റോൾ നിർവഹിക്കാന്‍ ഗില്ലിന് കഴിയും. ഇക്കാരണത്താല്‍ തന്നെ കെഎൽ രാഹുൽ നാലാം നമ്പറില്‍ ബാറ്റ് ചെയ്യണമെന്നും കരീം അഭിപ്രായപ്പെട്ടു. 'ഈ സമയം ബാറ്റിങ് ഓര്‍ഡറില്‍ കെഎൽ രാഹുലിന്‍റെ സ്ഥാനം നാലാണ്. ഇതോടെയാണ് ശിഖർ ധവാനും ശുഭ്‌മാന്‍ ഗില്ലും ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്‌തത്.
ഇന്ത്യയുടെ സെലക്ടർമാരും ടീം മാനേജ്‌മെന്‍റും 2023 ലോകകപ്പിനുള്ള ബാക്കപ്പ് ഓപ്പണറെ തിരയുകയാണ്. രോഹിത് ശർമയും ശിഖർ ധവാനും ഓപ്പണർമാരാവുമ്പോള്‍, ഗില്ലിന് ഒരു ബാക്കപ്പ് ഓപ്പണറുടെ റോൾ നിറവേറ്റാനാകും. ശരിയായ സാങ്കേതികത ഉപയോഗിച്ച് മൂന്ന് ഫോർമാറ്റുകളിൽ കളിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്.
എന്നാൽ ഗില്ലിന് ആ ഘടകങ്ങളെല്ലാമുണ്ട്. വളരെ മികച്ച രീതിയിലാണ് അവന്‍ കളിക്കുന്നത്. റൺസ് നേടിയിടത്തെല്ലാം കടുത്ത വെല്ലുവിളികളെയാണ് അവന്‍ മറികടന്നത്. ഇത് ശുഭ്‌മാനെ സംബന്ധിച്ചിടത്തോളം ഒരു നല്ല ഘട്ടമാണ്. മൂന്ന് ഫോർമാറ്റുകളും കളിക്കാൻ കഴിയുന്ന ഒരു താരമായി ടീം മാനേജ്മെന്‍റ് അവനെ അടയാളപ്പെടുത്തിയെന്ന് ഞാൻ കരുതുന്നു. ഇത് വലിയ കാര്യമാണ്' - സാബ കരീം പറഞ്ഞു.
സിംബാബ്‌വെയ്‌ക്കെതിരായ ആദ്യമത്സരത്തില്‍ ഓപ്പണര്‍മാരായ ശിഖര്‍ ധവാനും ഗില്ലും ഇന്ത്യയെ 10 വിക്കറ്റ് ജയത്തിലേക്ക് നയിച്ചിരുന്നു. ടോസ് നഷ്‌ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ ആതിഥേയര്‍ 40.3 ഓവറില്‍ 189 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ ഇന്ത്യ 30.5 ഓവറില്‍ വിക്കറ്റ് നഷ്‌ടമില്ലാതെ 192 റണ്‍സെടുത്തു. 72 പന്തില്‍ 10 ഫോറും ഒരു സിക്‌സും സഹിതം 82 റണ്‍സാണ് ഗില്‍ അടിച്ച് കൂട്ടിയത്. 113 പന്തില്‍ ഒമ്പത് ഫോറടക്കം 81 റണ്‍സാണ് ധവാന്‍റെ സമ്പാദ്യം.