ബെൽഫാസ്റ്റ്: സിംബാബ്‌വെ മുൻ നായകനും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനുമായ ബ്രണ്ടൻ ടെയ്‌ലർ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നു. ട്വിറ്ററിലൂടെയാണ് താരം തന്‍റെ വിരമിക്കല്‍ പ്രഖ്യാപിച്ചത്.
2004ൽ ശ്രീലങ്കയ്‌ക്കെതിരെ ഏകദിന അരങ്ങേറ്റം കുറിച്ച ടെയ്‌ലർ, അന്താരാഷ്ട്ര ക്രിക്കറ്റിൽ സിംബാബ്‌വെയുടെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ്. തിങ്കളാഴ്ച അയർലണ്ടിനെതിരെയാണ് ടെയ്‌ലര്‍ തന്‍റെ അവസാന മത്സരം കളിക്കുക.
''പ്രിയപ്പെട്ട രാജ്യത്തിനായുള്ള എന്‍റെ അവസാന മത്സരമാവും നാളത്തേതെന്ന് വളരെ ദുഃഖത്തോടെയാണ് പ്രഖ്യാപിക്കുന്നത്. 17 വർഷത്തെ അങ്ങേയറ്റത്തെ ഉയർന്നതും താഴ്ന്നതുമായ കരിയറായിരുന്നു എന്‍റേത്. ഇത്രയും കാലമായി ഉണ്ടായിരുന്ന സ്ഥാനം ഞാന്‍ എത്ര ഭാഗ്യവാനാണെന്ന് എപ്പോഴും ഓർമിപ്പിക്കുന്നു.
2004ൽ ആദ്യമായി ടീമിന്‍റെ ഭാഗമാവുമ്പോള്‍, അതിനെ എല്ലായെപ്പോഴും മികച്ച സ്ഥാനത്ത് എത്തിക്കുക എന്നതായിരുന്നു എന്‍റെ ലക്ഷ്യം, ഞാൻ അത് ചെയ്തുവെന്ന് പ്രതീക്ഷിക്കുന്നു'' 34കാരനായ താരം ട്വീറ്റ് ചെയ്തു.
204 ഏകദിന മത്സരങ്ങളിൽ നിന്നും 6677 റൺസ് സ്വന്തമാക്കാന്‍ ടെയ്‌ലർക്ക് കഴിഞ്ഞിട്ടുണ്ട്. രാജ്യത്തിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന മുന്‍ താരം ആൻഡി ഫ്ലവറിന്‍റെ റെക്കോർഡിനൊപ്പമെത്താന്‍ 112 കുറവ് മാത്രമാണ് താരത്തിനുള്ളത്. 213 മത്സരങ്ങളില്‍ നിന്നായി 6786 റണ്‍സാണ് ആൻഡി ഫ്ലവറിന്‍റെ നേട്ടം.