ബംഗളൂരു: ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചഹലിന്‍റെ മാതാപിതാക്കൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. താരത്തിന്‍റെ ഭാര്യ ധനശ്രീ വര്‍മയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ അറിയിച്ചത്. ഗുരുതര രോഗ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് പിതാവ് കെകെ ചഹലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ചെറിയ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച അമ്മ സുനിത ദേവി വീട്ടില്‍ തന്നെയാണെന്നുമാണ് ധനശ്രീ അറിയിച്ചത്.
അതേസമയം കഴിഞ്ഞ മാസം ധനശ്രീയുടെ അമ്മയ്ക്കും സഹോദരനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. നിലവില്‍ ഇവര്‍ രോഗമുക്തി നേടിയിട്ടുണ്ട്. എന്നാല്‍ തന്‍റെ കുടുംബത്തെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ രണ്ട് മാസവും പ്രയാസമുള്ളതായിരുന്നുവെന്നും തന്‍റെ അടുത്ത ബന്ധുക്കളെ കൊവിഡ് മൂലം നഷ്ടപ്പെട്ടതായും ധനശ്രീ പറയുന്നു.
also read: കൊവാക്‌സിൻ ഉത്പാദനം വർധിപ്പിക്കാൻ മറ്റ് കമ്പനികളെ ക്ഷണിച്ച് കേന്ദ്രവും ബയോടെക്കും
ഇക്കാലയളവിലെല്ലാം താന്‍ അവര്‍ക്കൊപ്പം ആശുപത്രിയിലുണ്ടായിരുന്നു. ഒരുപാട് പേര്‍ ഏറ്റവും മോശം അവസ്ഥയിലൂടെ കടന്നുപോകുന്നത് നേരിട്ട് കാണാനായെന്നും ധനശ്രീ പറയുന്നു. ഇക്കാരണത്താല്‍ കുടുംബത്തെയോര്‍ത്ത് എല്ലാവരും വീടുകളില്‍ തന്നെ തുടരണമെന്നും സാമൂഹിക അകലം പാലിച്ച് മാത്രമേ പുറത്ത് പോകാവൂ എന്നും ധനശ്രീ പോസ്റ്റിലുടെ അഭ്യര്‍ത്ഥിക്കുന്നു.