ന്യൂഡല്‍ഹി : 28 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലുള്ള ഇന്ത്യയുടെ ക്രിക്കറ്റ് ലോകകപ്പ് നേട്ടത്തെ അനുസ്‌മരിച്ച് മുന്‍ താരം യുവ്‌രാജ് സിങ്. ലോകകപ്പ് നേടിയതിലൂടെ ഒരു ബില്യൺ ഇന്ത്യക്കാരുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടതായി യുവ്‌രാജ് പറഞ്ഞു. ഇന്ത്യയുടെ രണ്ടാം ക്രിക്കറ്റ് ലോകകപ്പ് നേട്ടത്തിന്‍റെ 11ാം വാര്‍ഷികത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
ട്വിറ്ററിലൂടെയാണ് യുവ്‌രാജിന്‍റെ പ്രതികരണം. "ഇത് വെറുമൊരു ലോകകപ്പ് വിജയമായിരുന്നില്ല, ഒരു ബില്യൺ ഇന്ത്യക്കാരുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു, രാജ്യത്തിന് വേണ്ടിയും സച്ചിന് വേണ്ടിയും കപ്പ് നേടാൻ ആഗ്രഹിച്ച ഈ ടീമിന്‍റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു. ത്രിവർണ പതാക ധരിച്ചതിന്‍റെയും, രാഷ്ട്രത്തിനായി മഹത്വം കൈവരിച്ചതിന്‍റെയും അഭിമാനത്തിന് മറ്റൊന്നും തുല്യമാകില്ല" - യുവ്‌രാജ് ട്വീറ്റ് ചെയ്‌തു.
2011 ഏപ്രില്‍ രണ്ടിനാണ് മുംബൈയിലെ വാങ്കഡെയിൽ ഇന്ത്യ വീണ്ടും ക്രിക്കറ്റ് ലോകത്തിന്‍റെ നെറുകയിലേക്കുയര്‍ന്നത്. ടൂര്‍ണമെന്‍റില്‍ ഇന്ത്യയുടെ മുന്നേറ്റത്തിന് നിര്‍ണായകമായ താരം കൂടിയാണ് യുവ്‌രാജ്. കുമാര്‍ സംഗക്കാരയ്‌ക്ക് കീഴിലിറങ്ങിയ ശ്രീലങ്കയെ ആറ് വിക്കറ്റിന് തോല്‍പ്പിച്ചായിരുന്നു ഇന്ത്യയുടെ കിരീടനേട്ടം.
കലാശപ്പോരില്‍ ആദ്യം ബാറ്റ് ചെയ്‌ത ലങ്ക 275 റണ്‍സിന്‍റെ വിജയ ലക്ഷ്യമാണ് ഇന്ത്യയ്‌ക്ക് മുന്നിലുയര്‍ത്തിയത്. 88 പന്തില്‍ 103 റണ്‍സെടുത്ത ജയവര്‍ധനയുടെ ഇന്നിങ്സാണ് ലങ്കയ്‌ക്ക് തുണയായത്. എന്നാല്‍ മറുപടിക്കിറങ്ങിയ ഇന്ത്യയ്‌ക്ക് തുടക്കം പതറി.
also read: FIFA World Cup 2022 | മരണഗ്രൂപ്പില്ല, ഖത്തറിൽ ആരാധകരെ കാത്തിരിക്കുന്നത് മരണക്കളികൾ
രണ്ടാം പന്തിൽ തന്നെ വിരേന്ദർ സെവാഗിനെയും ആറാം ഓവറിൽ സച്ചിനെയും നഷ്ടമായതോടെ സംഘം അപകടം മണത്തിരുന്നു. ഈ സമയം 31 റണ്‍സാണ് ടീം ടോട്ടലിലുണ്ടായിരുന്നത്. പക്ഷേ പിന്നാലെയെത്തിയ ഗൗതം ഗംഭീർ നിലയുറപ്പിച്ചതോടെ പ്രതീക്ഷകള്‍ക്ക് ജീവന്‍വച്ചു.
ഇടയ്ക്ക് വിരാട് കോലി (35) തിരിച്ച് കയറിയെങ്കിലും തുടര്‍ന്നെത്തിയ ധോണിയോടൊപ്പം ഗംഭീര്‍ നിറഞ്ഞാടി. അർഹിച്ച സെഞ്ച്വറിക്ക് മൂന്ന് റൺസ് അകലെ ഗംഭീർ വീണെങ്കിലും യുവരാജിനെയും കൂട്ടുപിടിച്ച് ധോണി മുന്നേറി.
ഒടുവിൽ 48-ാം ഓവറിലെ രണ്ടാം പന്തിൽ നുവാൻ കുലശേഖരയുടെ പന്ത് സിക്‌സറടിച്ചാണ് ധോണി ഇന്ത്യയെ വിജയത്തിലെത്തിച്ചത്. 91 റൺസുമായി പുറത്താകാതെ നിന്ന് ധോണി മത്സരത്തിലെ താരവും യുവരാജ് ടൂർണമെന്‍റിന്‍റെ താരവുമായി.