മുംബൈ: സ്വന്തം മണ്ണിലേക്ക് വീണ്ടുമെത്തിയ ഏകദിന ലോകകപ്പിന്‍റെ (ODI World Cup 2023) അവസാനഘട്ട ഒരുക്കത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. നേരത്തെ 2011-ല്‍ ആതിഥേയരായപ്പോള്‍ എംഎസ് ധോണിയുടെ നേതൃത്വത്തില്‍ ഇറങ്ങിയ ഇന്ത്യന്‍ ടീം കിരീടം നേടിയിരുന്നു. ഇക്കുറി രോഹിത് ശര്‍മയ്‌ക്ക് കീഴിലിറങ്ങുന്ന ഇന്ത്യന്‍ ടീം 2011 ആവര്‍ത്തിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
ഇപ്പോഴിതാ ഇന്ത്യയ്‌ക്ക് ലോകകപ്പ് നേടണമെങ്കില്‍ ബാറ്റിങ് ഓര്‍ഡറില്‍ ഒരു സുപ്രധാന മാറ്റം വേണമെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ താരം യോഗ്‌രാജ് സിങ് (Yograj Singh on Indian batting Order). ടീമിന്‍റെ ഓപ്പണിങ്ങില്‍ നിന്നും ക്യാപ്റ്റന്‍ രോഹിത് ശര്‍മ (Rohit Sharma) മാറണമെന്നാണ് ഇന്ത്യയുടെ ലോകകപ്പ് ജേതാവായ യുവരാജ് സിങ്ങിന്‍റെ അച്ഛന്‍ കൂടിയായ യോഗ്‌രാജ് സിങ് അഭിപ്രായപ്പെട്ടിരിക്കുന്നത്.
ഓപ്പണിങ്ങില്‍ ഇടങ്കയ്യന്‍-വലങ്കയ്യന്‍ കോമ്പിനേഷന്‍ ലഭിക്കാനായി ശുഭ്‌മാന്‍ ഗില്ലിനൊപ്പം ഇഷാന്‍ കിഷന്‍ (Ishan Kishan) ഇറങ്ങണമെന്നാണ് 65-കാരന്‍ പറയുന്നത്. "ഓപ്പണിങ്ങിൽ ഇടങ്കയ്യന്‍-വലങ്കയ്യന്‍ കോമ്പിനേഷന്‍ വേണ്ടത് വളരെ പ്രധാനമാണ്. നമുക്ക് അൽപം പിന്നിലേക്ക് പോവാം. ഒരു സമയത്ത് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കൊപ്പം ഇടങ്കയ്യനായ സൗരവ് ഗാംഗുലിയാണ് ഇന്ത്യയ്‌ക്കായി ഓപ്പണ്‍ ചെയ്‌തിരുന്നത്. ഓപ്പണിങ്ങില്‍ ഇടങ്കയ്യന്‍-വലങ്കയ്യന്‍ കോമ്പിനേഷന്‍ വന്നപ്പോള്‍ 75 ശതമാനം മത്സരങ്ങളിലും ടീമിന് വളരെ മികച്ച തുടക്കമാണ് ലഭിച്ചിട്ടുള്ളത്.
ഇംഗ്ലണ്ടുമായുള്ള 2002-ലെ നാറ്റ് വെസ്റ്റ് ട്രോഫി ഫൈനൽ അധികം ആരും മറന്നിട്ടുണ്ടാവില്ല. അന്ന് ലക്ഷ്യം പിന്തുടരാന്‍ ഇറങ്ങിയ ഇന്ത്യയ്‌ക്കായി ഓപ്പണിങ് വിക്കറ്റില്‍ 90 റണ്‍സിന്‍റെ കൂട്ടുകെട്ടായിരുന്നു സച്ചിനും ഗാംഗുലിയും ചേര്‍ന്ന് നേടിയത്. ആ മത്സരത്തില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത് ആ തുടക്കമാണ്"- യോഗ്‌രാജ് സിങ് പറഞ്ഞു.
ശുഭ്‌മാന്‍ ഗില്ലും (Shubman Gill) ഇഷാന്‍ കിഷനും മികച്ച ഓപ്പണിങ് ജോഡിയാകുമെന്നും രോഹിത് മൂന്നാം നമ്പറിലും വിരാട് കോലി നാലാം നമ്പറിലും കളിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. "ഓപ്പണിങിൽ ശുഭ്‌മാൻ ഗില്ലും ഇഷാൻ കിഷനും പെർഫെക്‌ട് ജോഡികളാണ്. രോഹിത് ശര്‍മ ഓപ്പണിങ്ങില്‍ നിന്നും മാറി മൂന്നാം നമ്പറില്‍ കളിക്കണം.
നിലവില്‍ മൂന്നാം നമ്പറിലിറങ്ങുന്ന വിരാട് കോലി നാലാം നമ്പറിലേക്കും മാറട്ടെ. എന്നെ സംബന്ധിച്ച് എക്കാലത്തേയും മികച്ച ടോപ്പ് ഫോർ ഇതാണ്. ഇന്ത്യ ഈ ബാറ്റിങ് ലൈനപ്പ് പരീക്ഷിച്ചാൽ, നമ്മള്‍ ഏകദിന ലോകകപ്പ് നേടുമെന്ന് എനിക്ക് ഉറപ്പുണ്ട്", യോഗ്‌രാജ് പറഞ്ഞു നിര്‍ത്തി.