പോയ ഒരു വര്‍ഷക്കാലം, സംഭവ ബഹുലമായിരുന്നു കായിക ലോകം കണ്ട കാഴ്‌ചകള്‍. നൊവാക്ക് ജോക്കോവിച്ചിന്‍റെ ചരിത്രനേട്ടവും ക്രിക്കറ്റില്‍ ഓസ്ട്രേലിയന്‍ ടീമിന്‍റെ ആധിപത്യവും മെസിയുടെയും നെയ്മറിന്‍റെയും കൂടുമാറ്റവുമെല്ലാം വലിയ രീതിയിലാണ് 2023ല്‍ ചര്‍ച്ചയായത്. പടിയിറങ്ങുന്ന ഒരു കാലണ്ടര്‍ വര്‍ഷത്തില്‍ ലോക കായിക ഭൂപടത്തിലെ ചില സുപ്രധാന സംഭവ വികാസങ്ങളിലേക്ക് ഒരു തിരിഞ്ഞുനോട്ടം.
ഇതിഹാസമായ നൊവാക് ജോക്കോവിച്ച്: ഗ്രാന്‍ഡ്‌സ്ലാം കിരീട നേട്ടങ്ങളില്‍ റോജര്‍ ഫെഡറര്‍, റാഫേല്‍ നദാല്‍ എന്നിവരെ മറികടന്ന് നൊവാക് ജോക്കോവിച്ച് റെക്കോഡിട്ടത് ഈ വര്‍ഷമാണ്. ജൂണില്‍ നടന്ന ഫ്രഞ്ച് ഓപ്പണില്‍ കാസ്‌പര്‍ റൂഡ് ഉയര്‍ത്തിയ വെല്ലുവിളി മറികടന്നുകൊണ്ടാണ് ജോക്കോ 23 ഗ്രാന്‍സ്ലാം കിരീടങ്ങളെന്ന ചരിത്ര നേട്ടത്തിലേക്ക് എത്തിയത്.
പുല്‍കോര്‍ട്ടിലെ രാജ്ഞിയായി മാര്‍ക്കേറ്റ വോണ്‍ഡ്രോസോവ: ചെക്ക് റിപ്പബ്ലിക്കിന്‍റെ മാര്‍ക്കേറ്റ വോണ്‍ഡ്രോസോവ വിംബിള്‍ഡണ്‍ കിരീടം നേടി ചരിത്രം സൃഷ്‌ടിച്ചതും ഈ വര്‍ഷം. ജൂലൈയില്‍ നടന്ന ടൂര്‍ണമെന്‍റിന്‍റെ ഫൈനലില്‍ ഓന്‍സ് ജാബ്യൂറിനെ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു വോണ്‍ഡ്രോസോവ പരാജയപ്പെടുത്തിയത്. ഇതോടെ സീഡ് ചെയ്യപ്പെടാതെ വിംബിള്‍ഡണ്‍ വനിത ചാമ്പ്യന്‍ ആകുന്ന ആദ്യ താരമായും മാറാന്‍ വോണ്‍ഡ്രോസോവയ്‌ക്കായി
മെസി അമേരിക്കയില്‍, നെയ്‌മര്‍ സൗദിയില്‍: പിഎസ്‌ജിയില്‍ നിന്നും ഫുട്‌ബോള്‍ സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസിയും നെയ്‌മര്‍ ജൂനിയറും ബാഴ്‌സലോണയിലേക്ക് തിരികെയെത്തുമോ എന്നുള്ള ചര്‍ച്ചകള്‍ക്ക് തിരശീല വീഴുന്നതിനും ഈ വര്‍ഷം കായിക ലോകം സാക്ഷിയായി. ഫ്രഞ്ച് ക്ലബില്‍ നിന്നും മെസി അമേരിക്കന്‍ സോക്കര്‍ ലീഗ് ടീമായ ഇന്‍റര്‍ മയാമിയിലേക്ക് ചേക്കേറിയപ്പോള്‍ നെയ്‌മര്‍ സൗദി പ്രോ ലീഗ് ക്ലബ് അല്‍ ഹിലാലിനൊപ്പം സൈന്‍ ചെയ്യുകയായിരുന്നു.
സിറ്റി ചിരിച്ച വര്‍ഷം: മാഞ്ചസ്റ്റര്‍ സിറ്റിയും അവരുടെ ആരാധകരും 2023നെ ഒരിക്കലും മറക്കില്ല. കാരണം, അഞ്ച് കിരീടങ്ങളാണ് ഈ ഒരു വര്‍ഷം അവര്‍ തങ്ങളുടെ ഷെല്‍ഫില്‍ എത്തിച്ചത്. പ്രീമിയര്‍ ലീഗ് കിരീടം നിലനിര്‍ത്തിയ സിറ്റി എഫ് എ കപ്പും സൂപ്പര്‍ കപ്പും ഇക്കുറി സ്വന്തമാക്കി. കൂടാതെ, ചരിത്രത്തില്‍ ആദ്യമായി യൂറോപ്പിന്‍റെ രാജാക്കന്മാരായും പെപ് ഗ്വാര്‍ഡിയോളയും സംഘവും മാറി. ഏറ്റവും ഒടുവില്‍ ക്ലബ് ലോകകപ്പ് കിരീടവും തങ്ങളുടെ ഷെല്‍ഫില്‍ എത്തിച്ചാണ് മാഞ്ചസ്റ്റര്‍ സിറ്റി ഈ സുവര്‍ണ വര്‍ഷം അവസാനിപ്പിക്കുന്നത്.
സ്പാനിഷ് പെണ്‍പുലികള്‍: കാല്‍പ്പന്ത് കളിയില്‍ കനക കിരീടം ചൂടി സ്പാനിഷ് വനിതകള്‍. ഒന്‍പതാമത്തെ വനിത ഫുട്‌ബോള്‍ ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് കൊണ്ടായിരുന്നു സ്പെയിന്‍ ചാമ്പ്യന്മാരായത്. സ്പാനിഷ് വനിതകളുടെ ആദ്യ ലോക കിരീട നേട്ടമായിരുന്നു ഇത്.
ലോകകപ്പിലെ ചുംബന വിവാദം: വനിത ലോകകപ്പ് ഫുട്‌ബോള്‍ ഫൈനലിന് പിന്നാലെ സ്പാനിഷ് താരം ജെന്നി ഹെര്‍മോസൊയെ ചുംബിച്ചതിന് സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്‍റ് ലൂയിസ് റുബിയാലിസ് ഫിഫയുടെ അച്ചടക്ക നടപടി നേരിട്ടതും ഈ വര്‍ഷം. സ്പെയിനും ഇംഗ്ലണ്ടും തമ്മിലേറ്റുമുട്ടിയ കലാശാപ്പോരാട്ടത്തിന് പിന്നാലെ താരങ്ങള്‍ക്ക് മെഡല്‍ വിതരണം ചെയ്യുന്നതിനിടെ ഉണ്ടായ ഈ സംഭവം ആഗോളതലത്തില്‍ തന്നെ വലിയ ചര്‍ച്ചയായിരുന്നു.
മാറക്കാനയിലെ തമ്മില്‍ തല്ല്: ലോക ഫുട്‌ബോളിലെ ക്ലാസിക് പോരാട്ടമാണ് അര്‍ജന്‍റീനയും ബ്രസീലും തമ്മിലേറ്റുമുട്ടുന്ന മത്സരം. ഈ വര്‍ഷം മാറക്കാനയില്‍ ലോകകപ്പ് യോഗ്യത റൗണ്ട് മത്സരത്തിനായാണ് ഇരു ടീമും മുഖാമുഖം വന്നത്. അന്ന് ഗാലറിയില്‍ അര്‍ജന്‍റീന ആരാധകര്‍ക്കെതിരായ ബ്രസീല്‍ പൊലീസിന്‍റെ നടപടി കായിക ലോകത്ത് ഏറെ ചര്‍ച്ചയായിരുന്നു.
തലയെടുപ്പോടെ ഓസ്‌ട്രേലിയ: പുരുഷ - വനിത ക്രക്കറ്റില്‍ ഓസ്‌ട്രേലിയ വീണ്ടും നേട്ടങ്ങള്‍ കൊയ്‌ത ഒരാണ്ട്. ദക്ഷിണാഫ്രിക്ക ആതിഥേയത്വം വഹിച്ച വനിത ടി20 ലോകകപ്പില്‍ ഓസ്‌ട്രേലിയന്‍ വനിതകള്‍ സ്വന്തമാക്കി. പിന്നാലെ, പുരുഷന്മാരുടെ തേരോട്ടം. ജൂണില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്, നവംബറില്‍ ഏകദിന ലോകകപ്പ് നേട്ടം. രണ്ട് കലാശക്കളിയിലും കങ്കാരുപ്പട തകര്‍ത്തത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ആയിരുന്നു.
ക്രിക്കറ്റ് ഭൂപടത്തില്‍ ഉഗാണ്ടയും: ചരിത്രത്തില്‍ ആദ്യമായി ഉഗാണ്ട ടി20 ലോകകപ്പ് യോഗ്യത നേടിയ വര്‍ഷമാണ് കടന്നുപോകുന്നത്. അടുത്ത വര്‍ഷം ജൂണില്‍ അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കുന്ന ലോകകപ്പിലേക്ക് ആഫ്രിക്കന്‍ മേഖലയില്‍ നിന്നാണ് ഉഗാണ്ട യോഗ്യത ഉറപ്പാക്കിയത്.
നേട്ടം കൊയ്‌ത് മാക്‌സ് വെർസ്റ്റാപ്പന്‍: ഫോര്‍മുല വണ്‍ കാറോട്ട ഡ്രൈവര്‍ മാക്സ് വെര്‍സ്റ്റപ്പാന്‍ റെക്കോഡുകള്‍ വാരിക്കൂട്ടിയ വര്‍ഷം. സീസണിലെ 22 റേസുകളില്‍ 19 എണ്ണത്തിലും ജയിച്ചത് വെര്‍സ്റ്റപ്പാനാണ്. കൂടാതെ, തുടര്‍ച്ചയായ കൂടുതല്‍ ജയം, ഒറ്റ സീസണില്‍ പോള്‍ പൊസിഷനില്‍ നിന്നുള്ള കൂടുതല്‍ ജയങ്ങള്‍ അങ്ങനെ നിരവധി നേട്ടങ്ങളാണ് ഡച്ച് താരം പോയ ഒരുവര്‍ഷം കൊണ്ട് സ്വന്തമാക്കിയത്.