ലഖ്‌നൗ : സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച മതവിദ്വേഷ പോസ്റ്റിനെ തുടർന്നുണ്ടായ വിവാദത്തിൽ വീണ്ടും വിശദീകരണവുമായി ഗുജറാത്ത് ടൈറ്റൻസ് താരം യാഷ് ദയാൽ. തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്‌തിട്ടുണ്ടെന്നും ലവ് ജിഹാദുമായി ബന്ധപ്പെടുത്തിയുള്ള സ്‌റ്റോറിയും അതിന് പിന്നാലെയുള്ള ക്ഷമാപണക്കുറിപ്പും താനല്ല പോസ്റ്റ് ചെയ്‌തതെന്നും താരം വ്യക്തമാക്കി. വിവദങ്ങൾക്ക് പിന്നാലെ വാർത്തക്കുറിപ്പിലൂടെയാണ് യാഷ് വിവാദ സംഭവത്തിൽ വിശദീകരണം നൽകിയതെന്നാണ് പ്രമുഖ സ്‌പോർട്‌സ് വെബ്‌സൈറ്റായ ഇഎസ്‌പിൻ റിപ്പോർട്ട് ചെയ്യുന്നത്.
അക്കൗണ്ട് ഹാക്ക് ചെയ്യപ്പട്ടതുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടുണ്ടെന്നും അക്കൗണ്ട് തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണെന്നും താരം അറിയിച്ചു. എല്ലാ സമുദായങ്ങളെയും താൻ ബഹുമാനിക്കുന്നുണ്ടെന്നും വൈറലായ ചിത്രത്തിലുള്ളത് തന്‍റെ യഥാർഥ വെളിപ്പെടുത്തുന്നതല്ലെന്നും യാഷ് ദയാൽ വാർത്താകുറിപ്പിലൂടെ വ്യക്തമാക്കി.
'എന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്‌ത രണ്ട് സ്‌റ്റോറികളും ഞാൻ പങ്കുവച്ചതല്ല. സംഭവം ഞാൻ അധികൃതരെ അറിയിച്ചിട്ടുണ്ട്. മറ്റാരോ അക്കൗണ്ടിന്‍റെ നിയന്ത്രണം കൈക്കലാക്കിയാണ് വിവാദപരമായ സ്റ്റോറി പോസ്റ്റ് ചെയ്‌തെന്നാണ് മനസിലാക്കാൻ കഴിയുന്നത്. ഇൻസ്റ്റഗ്രാം അക്കൗണ്ടിന്‍റെ നിയന്ത്രണം തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നുണ്ട്. എല്ലാ സമുദായങ്ങളെയും ഞാൻ ബഹുമാനിക്കുന്നുണ്ട്. ഇന്നു പങ്കുവയ്ക്കപ്പെട്ട ചിത്രം എന്റെ നിലപാടിനെയല്ല വെളിപ്പെടുത്തുന്നത്.'- പ്രസ്‌താവനയിലൂടെ യാഷ് ദയാൽ വിശദീകരിച്ചു.
ഇന്നലെയാണ് യാഷിന്‍റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം ഹാൻഡിലിൽ ലൗവ് ജിഹാദിനെ അനുകൂലിക്കുന്ന തരത്തിലുള്ള വർഗീയ പോസ്റ്റ് സ്റ്റോറിയിലൂടെ പങ്കുവച്ചത്. വിഷയം വിവാദമായതോടെ സ്റ്റോറി നീക്കം ചെയ്‌തെങ്കിലും ഇതിന്‍റെ സ്ക്രീൻഷോട്ടുകൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ഇതിന് പിന്നാലെയാണ് സംഭവത്തിൽ മാപ്പ് അപേക്ഷിക്കുന്ന തരത്തിൽ മറ്റൊരു സ്റ്റോറി ഇട്ടത്.
ആദ്യത്തെ സ്റ്റോറി അബദ്ധത്തിൽ പോസ്റ്റ് ചെയ്‌തതായിരുന്നു എന്നായിരുന്നു വിശദീകരണം. 'ആ സ്റ്റോറിക്ക് മാപ്പ് നൽകണം. അബദ്ധത്തിൽ പോസ്റ്റ് ചെയ്‌തതാണത്. ദയവായി ആരും വിദ്വേഷം പ്രചരിപ്പിക്കരുത്. എല്ലാ സമുദായത്തോടും എനിക്ക് ബഹുമാനമുണ്ട്'. എന്നായിരുന്നു രണ്ടാമത് പങ്കുവച്ചത്.
എന്നാൽ അക്കൗണ്ടിൽ പങ്കുവച്ച രണ്ട് സ്റ്റോറികളും മറ്റാരോ അക്കൗണ്ടിന്‍റെ നിയന്ത്രണം ഏറ്റെടുത്ത ശേഷം പോസ്റ്റ് ചെയ്‌താതണെന്നാണ് യാഷിന്‍റെ വിശദീകരണം. രണ്ടാമത് പങ്കുവച്ച ക്ഷമാപണക്കുറിപ്പ് അടങ്ങിയ സ്റ്റോറിയും അക്കൗണ്ടിൽ നിന്ന് നീക്കം ചെയ്‌തിട്ടുണ്ട്.
ALSO READ : വർഗീയ പോസ്റ്റ് പങ്കുവച്ചത് അബദ്ധത്തിൽ; മാപ്പ് പറഞ്ഞ് യാഷ് ദയാല്‍
ഐപിഎല്ലില്‍ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിലെ അവസാന ഓവറിൽ അഞ്ച് സിക്‌സർ വഴങ്ങിയ താരമാണ് യാഷ് ദയാൽ. കൊല്‍ക്കത്ത ബാറ്റര്‍ റിങ്കു സിങ്ങായിരുന്നു യാഷ് ദയാലിന്‍റെ പന്തുകളെ നിലംതൊടാതെ ഗ്യാലറിയിലേക്ക് പറത്തിയത്. ഗുജറാത്തിനെതിരായ മത്സരത്തിന്‍റെ 20-ാം ഓവറില്‍ ഉമേഷ് യാദവും റിങ്കു സിങ്ങും ക്രീസില്‍ നില്‍ക്കെ കൊല്‍ക്കത്തയ്‌ക്ക് ജയിക്കാന്‍ 29 റണ്‍സായിരുന്നു വേണ്ടിയിരുന്നത്.
ആദ്യ പന്തില്‍ സിംഗിളെടുത്ത ഉമേഷ് യാദവ് റിങ്കുവിന് സ്ട്രൈക്ക് കൈമാറി. തുടർന്നാണ് അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ 'റിങ്കു ഷോ' അരങ്ങേറിയത്. 5 പന്തുകളിൽ സിക്‌സർ പറത്തിയ റിങ്കു കൊൽക്കത്തയ്‌ക്ക് മൂന്ന് വിക്കറ്റിന്‍റെ അവിശ്വസനീയ വിജയം സമ്മാനിക്കുകയായിരുന്നു.