ന്യൂഡല്‍ഹി: വെള്ളിയാഴ്ച നടക്കാനിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇന്ത്യയും ന്യൂസിലാന്‍ഡും 15 അംഗ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചെങ്കിലും അന്തിമ ഇലവനെക്കുറിച്ച് സൂചനകളൊന്നും നല്‍കിയിട്ടില്ല.
എന്നാല്‍ മാസങ്ങള്‍ക്ക് മുന്നെ ഇതെപ്പറ്റിയുള്ള ചര്‍ച്ചകള്‍ ക്രിക്കറ്റ് ലോകത്ത് തുടങ്ങിക്കഴിഞ്ഞിരുന്നു. ബൗളിങ് യൂണിറ്റില്‍ അഞ്ച് പേസര്‍മാരുമായി കിവീസ് ഇറങ്ങുമ്പോള്‍ മൂന്ന് പേസര്‍മാരും രണ്ട് സ്പിന്നര്‍മാരുമടങ്ങിയ കോമ്പിനേഷനാവും ഇന്ത്യ പരീക്ഷിക്കുകയെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നത്.
ഇന്ത്യയുടെ ബൗളിങ് യൂണിറ്റില്‍ പേസര്‍മാരായി ജസ്‌പ്രീത് ബുംറയും മുഹമ്മദ് ഷമിയും സ്ഥാനം പിടിക്കുമെന്ന് നേരത്തെ തന്നെ ഉറപ്പാണ്. ഇവരെക്കൂടാതെ ഇശാന്ത് ശര്‍മ, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ് എന്നിവരാണ് 15 അംഗ ടീമില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റ് പേസര്‍മാര്‍.
also read:'ഡെക്കാൻ ചാർജേഴ്സിന് 4816 കോടി'; സിങ്കിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
ഇതില്‍ ടീമിലേക്ക് പരിഗണിക്കുമെന്ന രീതിയില്‍ ഇശാന്തിന്‍റേയും സിറാജിന്‍റേയും പേരാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്. ഇപ്പോഴിതാ ഇന്ത്യയുടെ പേസ് യൂണിറ്റിലേക്ക് തന്‍റെ നിര്‍ദേശം മുന്നോട്ട് വെച്ചിരിക്കുകയാണ് മുന്‍ താരം വിവിഎസ് ലക്ഷ്മണ്‍. പരിചയസമ്പന്നനായ ഇഷാന്തിനെയാവും താന്‍ തെരഞ്ഞെടുക്കുകയെന്നാണ് ലക്ഷ്മണ്‍ പറയുന്നത്.
'ഓസ്‌ട്രേലിയയ്‌ക്കെതിരെയും ഇംഗ്ലണ്ടിനെതിരെയും മികച്ച പ്രകടനം നടത്തിയതിന് ശേഷം സിറാജിന് ആത്മവിശ്വാസമുണ്ടെന്ന് എനിക്ക് തോന്നുന്നു. എന്നാല്‍ ഇഷാന്ത് വര്‍ഷങ്ങളായി ഇന്ത്യന്‍ ക്രിക്കറ്റിന് ചെയ്യുന്ന സംഭാവനകള്‍ അവിശ്വസനീയമാണ്.
സുപ്രധാനമായ ഫൈനലില്‍ പരിചയസമ്പത്ത് ആവശ്യമാണ്. ഇന്ത്യന്‍ ബൗളിങ് യൂണിറ്റിന് ഇശാന്ത് നല്‍കിയ ദൃഢത അവിസ്‌മരണീയമാണ്, അതിനാൽ ഡബ്ല്യുടിസി ഫൈനലിൽ എന്‍റെ മൂന്ന് പേസർമാരായി ഇഷാന്ത് ശര്‍മ്മ, മുഹമ്മദ് ഷമി, ജസ്‌പ്രീത് ബുംറ എന്നിവരെ തെരഞ്ഞെടുക്കും' ലക്ഷ്മണ്‍ പറഞ്ഞു.