ഓവല്‍ : ഓസ്‌ട്രേലിയയ്‌ക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ ഇന്ത്യയുടെ ദയനീയ പ്രകടനത്തില്‍ കട്ടക്കലിപ്പിലാണ് ഇതിഹാസ ബാറ്റർ സുനിൽ ഗവാസ്‌കര്‍. ലണ്ടനിലെ കെന്നിങ്‌ടണ്‍ ഓവലില്‍ നടന്ന മത്സരത്തില്‍ 209 റണ്‍സിനാണ് ഇന്ത്യ ഓസ്‌ട്രേലിയയോട് തോല്‍വി വഴങ്ങിയത്. ഇതോടെ 10 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടുമൊരു ഐസിസി കിരീടം നേടാനുള്ള അവസരമാണ് ഇന്ത്യയ്‌ക്ക് നഷ്‌ടമായത്.
തോല്‍വിക്ക് ശേഷം ഇന്ത്യയുടെ ബാറ്റിങ് യൂണിറ്റിന്‍റെ പ്രകടനത്തേയും സമീപനത്തെയും കടുത്ത ഭാഷയിലാണ് മുന്‍ നായകന്‍ കൂടിയായ ഗവാസ്‌കര്‍ വിമർശിച്ചത്. ഇപ്പോഴിതാ ടീമിന്‍റെ എല്ലാ യൂണിറ്റുകളിലുമുണ്ടായ വീഴ്‌ചകള്‍ പരിഹരിച്ചാല്‍ മാത്രമേ മികച്ച തിരിച്ചുവരവിന് കഴിയൂവെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് അദ്ദേഹം.
മോശം പ്രകടനം നടത്തിയാല്‍ വിമര്‍ശിക്കപ്പെടുക തന്നെ ചെയ്യുമെന്നും ഗവാസ്‌കര്‍ പറഞ്ഞു. "42 റണ്‍സില്‍ പുറത്തായ ടീമിന്‍റെ ഭാഗമായിരുന്ന ആളാണ് ഞാന്‍. ഡ്രസ്സിങ് റൂം ഏറെ ശോകമായിരുന്നു. ഞങ്ങളും ഏറെ രൂക്ഷമായി വിമർശിക്കപ്പെട്ടു.
അതിനാൽ, ഇപ്പോഴത്തെ അവസ്ഥ വിമർശനത്തിന് അതീതമല്ലെന്ന് നിങ്ങൾക്ക് പറയാൻ കഴിയില്ല എന്ന് തന്നെയാണ് ഞാൻ കരുതുന്നത്. എന്താണ് സംഭവിച്ചതെന്ന് അവർ വിശകലനം ചെയ്യേണ്ടതുണ്ട്. എങ്ങനെയാണ് പുറത്തായത്, എന്തുകൊണ്ടാണ് നന്നായി പന്തെറിയാന്‍ കഴിയാതിരുന്നത്, എന്തുകൊണ്ടാണ് ക്യാച്ചുകള്‍ നഷ്‌ടപ്പെട്ടത്, പ്ലെയിങ് ഇലവന്‍റെ തെരഞ്ഞെടുപ്പ് ശരിയായിരുന്നോ എന്നീ കാര്യങ്ങള്‍ എല്ലാം തന്നെ പരിശോധിക്കപ്പെടേണ്ടതുണ്ട്" - സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.
ഓസ്‌ട്രേലിയയെപ്പോലുള്ള വമ്പൻ ടീമുകൾക്കെതിരായ മത്സരങ്ങളില്‍ ഇന്ത്യന്‍ ടീം തങ്ങളുടെ പിഴവുകൾ ആവർത്തിക്കുന്നത് തുടരുകയാണെങ്കിൽ, വെസ്റ്റ് ഇൻഡീസ് പോലുള്ള ടീമുകൾക്കെതിരായ ഉഭയകക്ഷി പരമ്പരകളിൽ വിജയിക്കുന്നതിൽ അർഥമില്ലെന്നും ഗവാസ്‌കർ കൂട്ടിച്ചേര്‍ത്തു.
'ഞങ്ങള്‍ക്ക് വെസ്റ്റ് ഇൻഡീസിനെതിരെ രണ്ട് മത്സരങ്ങള്‍ വിജയിക്കാന്‍ കഴിഞ്ഞു' എന്ന് പറഞ്ഞുകൊണ്ട് ഇത്തരം വീഴ്‌ചകള്‍ മറച്ച് വയ്‌ക്കാന്‍ കഴിയില്ല. വെസ്റ്റ് ഇൻഡീസ് ലോകത്തിലെ ഏറ്റവും മികച്ച ടീമല്ല. നിങ്ങൾ പോയി അവരെ രണ്ടേ പൂജ്യത്തിനോ മൂന്നേ പൂജ്യത്തിനോ, ഇനി എത്ര മത്സരമുണ്ടോ അത്രയും മത്സരങ്ങളില്‍ തോല്‍പ്പിക്കൂ.
അതില്‍ യാതൊരു അര്‍ഥവുമില്ല. കാരണം വീണ്ടും ഓസ്‌ട്രേലിയയ്‌ക്ക് എതിരെ കളിക്കുമ്പോള്‍ സമാന തെറ്റുകള്‍ വരുത്തിയാല്‍, നിങ്ങള്‍ക്ക് എങ്ങനെ ട്രോഫികള്‍ നേടാന്‍ കഴിയും" - ഗവാസ്‌കര്‍ പറഞ്ഞു.
അതേസമയം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയായിരുന്നു ഇത്. 2021-ലെ പ്രഥമ പതിപ്പില്‍ വിരാട് കോലിക്ക് കീഴില്‍ ഫൈനല്‍ കളിച്ച ഇന്ത്യയെ ന്യൂസിലന്‍ഡായിരുന്നു കീഴടക്കിയത്. ഇക്കുറി നായക സ്ഥാനം കയ്യാളിയത് രോഹിത് ശര്‍മയും എതിരാളി ഓസ്‌ട്രേലിയയുമായിരുന്നു എന്ന വ്യത്യാസം മാത്രമാണുണ്ടായിരുന്നത്.
ALSO READ: 'ഐപിഎല്‍ വിജയം ലോകകപ്പ് നേടുന്നതിലേക്കാള്‍ കഠിനം'; ഇന്ത്യയെ രോഹിത് തന്നെ നയിക്കണമെന്ന് സൗരവ് ഗാംഗുലി
ഓവലില്‍ ഓസീസ് ഉയര്‍ത്തിയ 444 റണ്‍സിന്‍റെ വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 234 റണ്‍സിന് പുറത്താവുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഓസ്‌ട്രേലിയ സെഞ്ചുറി നേടിയ ട്രാവിസ് ഹെഡ്, സ്‌റ്റീവ് സ്‌മിത്ത് എന്നിവരുടെ 469 റണ്‍സാണ് നേടിയിരുന്നത്. മറുപടിക്കിറങ്ങിയ ഇന്ത്യയെ 296 റണ്‍സിന് വീഴ്‌ത്തിയ സംഘം ഒന്നാം ഇന്നിങ്‌സില്‍ 173 റണ്‍സിന്‍റെ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടുകയും ചെയ്‌തു. തുടര്‍ന്ന് രണ്ടാം ഇന്നിങ്‌സില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 270 റണ്‍സ് നേടി ഡിക്ലയര്‍ ചെയ്താണ് ഇന്ത്യയ്‌ക്ക് മുന്നില്‍ ഓസീസ് വലിയ ലക്ഷ്യം ഉയര്‍ത്തിയത്.