ഓവല്‍: ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ നിലവില്‍ ഇന്ത്യ ബാക്ക് ഫൂട്ടിലാണ്. കെന്നിങ്‌ടണ്‍ ഓവലില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഓസീസിനെതിരെ ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞിരുന്നില്ല. ട്രാവിസ് ഹെഡും സ്‌റ്റീവ് സ്‌മിത്തും സെഞ്ചുറി നേടിയതോടെ 469 റണ്‍സ് എന്ന മികച്ച സ്‌കോറാണ് ഒന്നാം ഇന്നിങ്‌സില്‍ ഓസീസ് നേടിയത്.
മറുപടിക്കിറങ്ങിയ ഇന്ത്യയ്‌ക്കായി നിരാശാജനകമായ പ്രകടനമായിരുന്നു ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ നടത്തിയത്. രോഹിത് ശര്‍മ, ശുഭ്‌മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി എന്നിവര്‍ വന്നപാടെ മടങ്ങിയതോടെ ഒരു ഘട്ടത്തില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 71 റണ്‍സ് എന്ന നിലയിലായിരുന്നു ഇന്ത്യ. തുടര്‍ന്ന് അര്‍ധ സെഞ്ചുറി പ്രകടനം നടത്തിയ അജിങ്ക്യ രഹാനെ (89), ശാര്‍ദുല്‍ താക്കൂര്‍ (51) എന്നിവരും രവീന്ദ്ര ജഡേജയും (48) ചെറുത്ത് നിന്നതോടെയാണ് 296 റണ്‍സ് എന്ന സ്‌കോര്‍ ഇന്ത്യയ്‌ക്ക് കണ്ടെത്താന്‍ കഴിഞ്ഞത്.
അഞ്ചാം നമ്പറില്‍ ക്രീസിലെത്തിയ രഹാനെ തുടര്‍ന്നെത്തിയ രവീന്ദ്ര ജഡേജയ്‌ക്കൊപ്പം 71 റണ്‍സും, ഏഴാം വിക്കറ്റില്‍ ശാര്‍ദുലിനൊപ്പം 109 റണ്‍സും ചേര്‍ത്തതാണ് ഇന്ത്യയ്‌ക്ക് രക്ഷയായത്. ഈ അര്‍ധ സെഞ്ചുറി പ്രകടനത്തിന് അജിങ്ക്യ രഹാനെയേയും ശാർദുൽ താക്കൂറിനെയും പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ നായകന്‍ സൗരവ് ഗാംഗുലി.
ഓവലില്‍ എങ്ങനെ ബാറ്റ് ചെയ്യണമെന്ന് ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍ ഇരുവരില്‍ നിന്നും പഠിക്കണമെന്നാണ് ഗാംഗുലി പറയുന്നത്. "ഈ വിക്കറ്റില്‍ ശ്രദ്ധയോടെ കളിക്കുകയും അല്‍പം ഭാഗ്യവുമുണ്ടെങ്കില്‍ റണ്‍സ് നേടാന്‍ കഴിയുമെന്ന് ഡ്രസിങ് റൂമിന് കാണിച്ചു കൊടുക്കുകയാണ് രഹാനെയും ശാര്‍ദുലും ചെയ്‌തത്. രഹാനെയ്ക്ക് ക്രെഡിറ്റ് നല്‍കണം.
ഗംഭീര പ്രകടനമായിരുന്നു അവന്‍റേത്. തുടക്കം അല്‍പം പ്രതിരോധത്തിലായിരുന്നുവെങ്കിലും പിടിച്ച് നില്‍ക്കാന്‍ ശാര്‍ദുലിനും കഴിഞ്ഞു. ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും മുമ്പും അവന്‍ നന്നായി ബാറ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യയിൽ നിന്നുള്ള നല്ലൊരു പോരാട്ടമായിരുന്നുവത്. സത്യത്തില്‍ ഇന്ത്യന്‍ ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ക്കുള്ള മികച്ച ഒരു സന്ദേശം കൂടിയാണത്", സൗരവ് ഗാംഗുലി Sourav Ganguly പറഞ്ഞു.
ഇന്ത്യ (പ്ലേയിങ് ഇലവൻ): രോഹിത് ശർമ (ക്യാപ്റ്റന്‍), ശുഭ്‌മാൻ ഗിൽ, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, ശ്രീകർ ഭരത് (ഡബ്ല്യു), രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.
ഓസ്‌ട്രേലിയ (പ്ലേയിങ് ഇലവൻ): ഡേവിഡ് വാർണർ, ഉസ്‌മാൻ ഖവാജ, മാർനസ് ലബുഷെയ്‌ന്‍, സ്റ്റീവൻ സ്‌മിത്ത്, ട്രാവിസ് ഹെഡ്, കാമറൂൺ ഗ്രീൻ, അലക്‌സ് ക്യാരി (ഡബ്ല്യു), പാറ്റ് കമ്മിൻസ് (ക്യാപ്റ്റന്‍), മിച്ചൽ സ്റ്റാർക്ക്, നഥാൻ ലിയോൺ, സ്‌കോട്ട് ബോലാൻഡ്.
ALSO READ: WTC Final | ആ ഉറക്കത്തിന് പിന്നില്‍ കാരണമുണ്ട്; വെളിപ്പെടുത്തലുമായി മാര്‍നസ് ലബുഷെയ്‌ന്‍