ഓവല്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയ ഉയര്‍ത്തിയ വമ്പന്‍ ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയുടെ പ്രധാന ബാറ്റിങ് പ്രതീക്ഷകളില്‍ ഒരാളായിരുന്നു ശുഭ്‌മാന്‍ ഗില്‍. ഈ വര്‍ഷം അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ മിന്നും ഫോമില്‍ ബാറ്റ് വീശിയ താരം അടുത്തിടെ അവസാനിച്ച ഐപിഎല്ലിലും തകര്‍പ്പന്‍ പ്രകടനമായിരുന്നു പുറത്തെടുത്തത്. എന്നാല്‍ ആ മികവൊന്നും ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ബാറ്റ് ചെയ്യാനെത്തിയ ഗില്ലിന് പുറത്തെടുക്കാനായില്ല.
ഇന്നലെ, ഇന്ത്യക്കായി ബാറ്റ് ചെയ്യാനെത്തിയ ഓപ്പണര്‍മാരായ ശുഭ്‌മാന്‍ ഗില്ലും ക്യാപ്‌റ്റന്‍ രോഹിത് ശര്‍മയും ചേര്‍ന്ന് തരക്കേടില്ലാത്ത തുടക്കമാണ് സമ്മാനിച്ചത്. ആദ്യ മൂന്നോവറില്‍ 22 റണ്‍സായിരുന്നു ഇരുവരും അടിച്ചെടുത്തത്. എന്നാല്‍, പിന്നീടായിരുന്നു ടീമിന്‍റെ പതനം.
ആദ്യം നായകന്‍ രോഹിത് ശര്‍മയെ ആണ് ഇന്ത്യയ്‌ക്ക് നഷ്‌ടമായത്. മത്സരത്തിന്‍റെ ആറാം ഓവറിലായിരുന്നു രോഹിതിന്‍റെ പുറത്താകല്‍. ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സ് ഇന്ത്യന്‍ ക്യാപ്‌റ്റനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയത്.
തൊട്ടടുത്ത ഓവറിലായിരുന്നു ശുഭ്‌മാന്‍ ഗില്ലിന്‍റെ വിക്കറ്റ് ഇന്ത്യയ്‌ക്ക് നഷ്‌ടമായത്. സ്‌കോട്ട് ബോളണ്ടായിരുന്നു വിക്കറ്റ് ടേക്കര്‍. ഓഫ്‌സൈഡിലെത്തിയ പന്ത് ലീവ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ബോളണ്ടിന്‍റെ പന്ത് ഗില്ലിന്‍റെ മിഡില്‍ സ്റ്റമ്പ് തെറിപ്പിക്കുകയായിരുന്നു.
ഐപിഎല്ലില്‍ നിന്നും നേരിട്ട് ഒരു പരിശീലന മത്സരം പോലും കളിക്കാതെ ടെസ്റ്റിലേക്ക് മാറുമ്പോള്‍ താരങ്ങള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് കൃത്യമായി മനസിലാക്കി തരുന്ന വിക്കറ്റായിരുന്നു അത്. തന്‍റെ ഓഫ് സ്റ്റമ്പിനെ കുറിച്ച് കൃത്യമായൊരു ധാരണ ഇല്ലാതെ ആയിരുന്നു മത്സരത്തില്‍ പന്ത് ലീവ് ചെയ്യാന്‍ ശുഭ്‌മാന്‍ ഗില്‍ ശ്രമിച്ചതെന്ന് നിസംശയം പറയാം. ഫൈനല്‍ മത്സരത്തിന് മുന്‍പ് തന്നെ ഐപിഎല്ലില്‍ നിന്നും ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള മാറ്റം അല്‍പം വെല്ലുവിളി നിറഞ്ഞതായിരിക്കും എന്ന് ശുഭ്‌മാന്‍ ഗില്‍ അഭിപ്രായപ്പെട്ടിരുന്നു.
അതേസമയം, ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്‍റെ ഒന്നാം ഇന്നിങ്‌സില്‍ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്താന്‍ ഓസ്‌ട്രേലിയയ്‌ക്ക് സാധിച്ചു. 469 റണ്‍സാണ് ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത അവര്‍ സ്വന്തമാക്കിയത്. സ്റ്റീവ് സ്‌മിത്ത് (121), ട്രാവിസ് ഹെഡ് (161) എന്നിവരുടെ സെഞ്ച്വറിയാണ് ഓസീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
327-3 എന്ന നിലയിലായിരുന്നു രണ്ടാം ദിനത്തില്‍ ഓസ്‌ട്രേലിയ ബാറ്റിങ് പുനരാരംഭിച്ചത്. എന്നാല്‍, ഇന്നലെ 142 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെയാണ് അവര്‍ക്ക് ശേഷിക്കുന്ന ഏഴ് വിക്കറ്റുകള്‍ നഷ്‌ടമായത്. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ അലക്‌സ് കാരി മാത്രമാണ് രണ്ടാം ദിനത്തില്‍ ഓസീസ് നിരയില്‍ പിടിച്ചുനിന്നത്.
ഏഴാമനായ് ക്രീസിലെത്തിയ താരം 69 പന്തില്‍ 48 റണ്‍സ് നേടിയാണ് പുറത്തായത്. കാമറൂണ്‍ ഗ്രീന്‍ (6), മിച്ചല്‍ സ്റ്റാര്‍ക്ക് (5), പാറ്റ് കമ്മിന്‍സ് (9), നാഥന്‍ ലിയോണ്‍ (9) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റര്‍മാര്‍. സ്‌കോട്ട് ബോളണ്ട് (1) ആണ് ഓസീസ് നിരയില്‍ പുറത്താകാതെ നിന്ന ബാറ്റര്‍.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യന്‍ ടീം രണ്ടാം ദിനത്തില്‍ കളി അവസാനിക്കുമ്പോള്‍ ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിന് 318 റണ്‍സ് പിന്നിലാണ് ഇന്ത്യ. അഞ്ച് വിക്കറ്റുകള്‍ നഷ്‌ടപ്പെട്ട ഇന്ത്യ 151 റണ്‍സ് സ്‌കോര്‍ ചെയ്‌തിട്ടുണ്ട്. അജിങ്ക്യ രഹാനെ (29), കെഎസ് ഭരത് (5) എന്നിവരാണ് ക്രീസിലുള്ള ഇന്ത്യന്‍ താരങ്ങള്‍.
Also Read : WTC Final | തകർന്നടിഞ്ഞ് ഇന്ത്യൻ മുന്നേറ്റ നിര; ഓസ്‌ട്രേലിയ കൂറ്റൻ ലീഡിലേക്ക്