ന്യൂഡൽഹി : കിവീസിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ തോല്‍വിക്ക് പിന്നാലെ സെലക്ടര്‍മാരെ വിമര്‍ശിച്ച് മുൻ വിക്കറ്റ് കീപ്പറും നാഷണൽ സെലക്ടറുമായിരുന്ന സാബ കരീം. പേസര്‍ ജസ്പ്രീത് ബുംറയെ ടീമിലുള്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് വിമര്‍ശനം.
ബുംറയെ ടീമിലെടുത്തത് ഫോം നോക്കിയല്ലെന്നും പ്രശസ്തിയുടെ അടിസ്ഥാനത്തിലാണെന്നുമാണ് അദ്ദേഹം പറയുത്. 'സെലക്ടർമാർ ബുംറയുടെ ഇപ്പോഴത്തെ ഫോം വിലയിരുത്താതെ പ്രശസ്തിയാണ് ഒരുപരിധി വരെ പരിഗണിച്ചതെന്നാണ് എനിക്ക് തോന്നുന്നത്. ഓസ്ട്രേലിയൻ പര്യടനത്തിനിടെ പരിക്കേറ്റത് മുതൽ ബുംറ ടെസ്റ്റ് മത്സരങ്ങളില്‍ കളിച്ചിട്ടില്ല.
also read: 'സാന്നിധ്യമറിയിക്കാനല്ല, വിജയിക്കാനാണ് ടോക്കിയോയില്‍ പോകുന്നത്': കിരണ്‍ റിജിജു
ടി20യില്‍ മാത്രമാണ് അടുത്തിടെ കളിച്ചത്. സ്വന്തം നാട്ടില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റിൽപോലും ബുംറ കളിച്ചിരുന്നില്ല. ടെസ്റ്റിൽ ഫോമില്ലാതെ വലയുന്നതിനൊപ്പം മതിയായ പരിശീലനും ബുംറ നടത്തിയില്ലെ'ന്നും സാബ കരീം പറഞ്ഞു. അനുകൂലമായ കാലാവസ്ഥയായിരുന്നിട്ടും വേണ്ടത്ര ലെങ്ത് കണ്ടെത്താൻ ബുംറയ്ക്ക് കഴിഞ്ഞില്ല.
അതേസമയം രണ്ടാം ഇന്നിങ്സില്‍ ബുംറ താളം കണ്ടെത്തിയതായി തോന്നി. ക്യാച്ച് നഷ്ടപ്പെടുത്തിയതാണ് വിക്കറ്റ് ലഭിക്കാതിരുന്നതിന് കാരണം. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ മികച്ച ലെങ്ത്തില്‍ ബുംറ പന്തെറിയേണ്ടതുണ്ടെന്നും സാബ കരീം കൂട്ടിച്ചേർത്തു.
സാബ കരീമിന്‍റെ ചില വാദങ്ങള്‍ തെറ്റ്
എന്നാല്‍ ഇംഗ്ലണ്ടിനെതിരെ ചെന്നൈയില്‍ നടന്ന ആദ്യ ടെസ്റ്റിൽ ബുംറ കളിച്ചിരുന്നു. മത്സരത്തില്‍ നാല് വിക്കറ്റുകളും താരം കണ്ടെത്തി. തുടര്‍ന്ന് അഹമ്മദാബാദില്‍ നടന്ന മൂന്നാം ടെസ്റ്റിലും ബുംറ കളിച്ചിരുന്നെങ്കിലും വിക്കറ്റ് ലഭിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് വിവാഹവുമായി ബന്ധപ്പെട്ട് താരം അവധിയെടുത്തത്.