ഓവല്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയ്‌ക്കെതിരെ ഓസ്‌ട്രേലിയയ്‌ക്ക് ഭേദപ്പെട്ട തുടക്കം. ഒന്നാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ 23 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 73 റണ്‍സ് എന്ന നിലയിലാണ് ഓസ്‌ട്രേലിയ. മാർനസ് ലബുഷെയ്‌ന്‍ (61 പന്തില്‍ 26*), സ്റ്റീവ് സ്‌മിത്ത് (7 പന്തില്‍ 2*) എന്നിവരാണ് ക്രീസില്‍.
ഓപ്പണര്‍മാരായ ഡേവിഡ് വാർണർ, ഉസ്മാൻ ഖവാജ എന്നിവരുടെ വിക്കറ്റാണ് ഓസീസിന് നഷ്‌ടമായത്. ഇന്ത്യന്‍ പേസര്‍മാരായ മുഹമ്മദ് ഷമിയ്‌ക്കും മുഹമ്മദ് സിറാജിനും തുടക്കം തന്നെ സ്വിങ് ലഭിച്ചതോടെ ഓസീസ് ഓപ്പണര്‍മാര്‍ പ്രതിരോധത്തിലായിരുന്നു. ഇതിന്‍റെ ഫലമായി നാലാം ഓവറില്‍ തന്നെ ഇന്ത്യയ്‌ക്ക് ആദ്യ ബ്രേക്ക് ത്രൂ ലഭിച്ചു.
അക്കൗണ്ട് തുറക്കാന്‍ കഴിയാതിരുന്ന ഉസ്മാൻ ഖവാജയെ നാലാം ഓവറിന്‍റെ നാലാം പന്തില്‍ മുഹമ്മദ് സിറാജാണ് പുറത്താക്കിയത്. 10 പന്തുകള്‍ നേരിട്ട താരത്തെ വിക്കറ്റ് കീപ്പര്‍ ശ്രീകര്‍ ഭരത് പിടികൂടുകയായിരുന്നു. തുടര്‍ന്ന് എത്തിയ മാർനസ് ലബുഷെയ്‌നൊപ്പം ടീമിനെ മുന്നോട്ട് നയിക്കവെ 22-ാം ഓവറിന്‍റെ നാലാം പന്തിലാണ് വാര്‍ണര്‍ വീണത്.
60 പന്തില്‍ 43 റണ്‍സെടുത്ത വാര്‍ണറെ ശാര്‍ദുര്‍ താക്കൂര്‍ വിക്കറ്റ് കീപ്പര്‍ ശ്രീകര്‍ ഭരത്തിന്‍റെ കയ്യില്‍ എത്തിക്കുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ 69 റണ്‍സാണ് മാർനസ് ലബുഷെയ്‌നൊപ്പം വാര്‍ണര്‍ നേടിയത്. ഷമിയുടെയും സിറാജിന്‍റെയും ആദ്യ സ്പെല്‍ കഴിഞ്ഞതോടെയാണ് ഓസീസ് സ്‌കോര്‍ ഉയര്‍ത്തി തുടങ്ങിയത്.
ശാര്‍ദുല്‍ താക്കൂറിനെ ബഹുമാനത്തോടെ നേരിട്ട ഓസീസ് താരങ്ങള്‍ ഉമേഷ് യാദവിനെ കടന്നാക്രമിച്ചു. ഉമേഷിന്‍റെ ഒരോവറില്‍ നാല് ബൗണ്ടറികളാണ് വാര്‍ണര്‍ നേടിയത്. നേരത്തെ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. സാഹചര്യങ്ങളും മൂടിക്കെട്ടിയ കാലാവസ്ഥയും അനുസരിച്ചാണെന്നാണ് ബോള്‍ ചെയ്യാനുള്ള തീരുമാനത്തില്‍ എത്തിയതെന്ന് രോഹിത് അറിയിച്ചിരുന്നു.
ഒഡിഷ ട്രെയിൻ അപകടത്തിൽ മരിച്ചവര്‍ക്ക് ആദരവര്‍പ്പിച്ച് കയ്യില്‍ കറുത്ത ആംബാന്‍ഡ് ധരിച്ചുകൊണ്ടാണ് ഇന്ത്യന്‍ താരങ്ങള്‍ കളിക്കുന്നത്. ഓസീസ് താരങ്ങളും ആംബാന്‍ഡ് അണിഞ്ഞിട്ടുണ്ട്. മത്സരം തുടങ്ങുന്നതിന് മുമ്പ് ഇരു ടീമംഗങ്ങളും ഒരു മിനിറ്റ് മൗനം ആചരിക്കുകയും ചെയ്‌തിരുന്നു.
ALSO READ: WTC Final | 'ഫൈനലിൽ മുൻതൂക്കം ഇന്ത്യക്ക്'; ഈ താരങ്ങൾ നിർണായകമാകുമെന്ന് സച്ചിൻ
ഇന്ത്യ (പ്ലേയിങ് ഇലവൻ): രോഹിത് ശർമ (ക്യാപ്റ്റന്‍), ശുഭ്‌മാൻ ഗിൽ, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, ശ്രീകർ ഭരത് (ഡബ്ല്യു), രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.
ഓസ്‌ട്രേലിയ (പ്ലേയിങ് ഇലവൻ): ഡേവിഡ് വാർണർ, ഉസ്മാൻ ഖവാജ, മാർനസ് ലബുഷെയ്‌ന്‍, സ്റ്റീവൻ സ്‌മിത്ത്, ട്രാവിസ് ഹെഡ്, കാമറൂൺ ഗ്രീൻ, അലക്‌സ് ക്യാരി (ഡബ്ല്യു), പാറ്റ് കമ്മിൻസ് (ക്യാപ്റ്റന്‍), മിച്ചൽ സ്റ്റാർക്ക്, നഥാൻ ലിയോൺ, സ്‌കോട്ട് ബോലാൻഡ്.
ALSO READ: WTC Final | 'അതിനുള്ള കഴിവും ആത്മവിശ്വാസവും അവനുണ്ട്'; ഗില്ലിനെ വാഴ്‌ത്തി കോലി