ഓവല്‍: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഇംഗ്ലണ്ടിലെ കെന്നിങ്‌ടണ്‍ ഓവലില്‍ തുടക്കമായിരിക്കുകയാണ്. ഇരു ടീമുകളെ നയിക്കാന്‍ ഇറങ്ങിയതോടെ തങ്ങളുടെ കരിയറില്‍ ഒരു നിര്‍ണായക നാഴികകല്ലില്‍ എത്തിച്ചേര്‍ന്നിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സും. ഇരുവരുടെയും 50-ാം ടെസ്റ്റ് മത്സരമാണിത്.
ഇതേവരെ കളിച്ച 49 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 45.66 ശരാശരിയിൽ 3,379 റൺസാണ് രോഹിത് അടിച്ചുകൂട്ടിയിട്ടുള്ളത്. ഇതില്‍ 66.73 ശരാശരിയിൽ 2002 റൺസ് ഹോം ഗ്രൗണ്ടിലാണ് 36-കാരനായ രോഹിത് നേടിയത്. ഒമ്പത് സെഞ്ചുറികളും 14 അർധസെഞ്ചുറികളുമാണ് താരത്തിന്‍റെ അക്കൗണ്ടിലുള്ളത്. ഇതില്‍ എട്ട് സെഞ്ചുറികളും ആറ് അർധസെഞ്ചുറികളും സ്വന്തം മണ്ണിലാണ് രോഹിത് നേടിയത്.
എന്നാല്‍ ഇംഗ്ലണ്ടിൽ മികച്ച ശരാശരിയാണ് രോഹിത് നിലനിർത്തിയത്. ആറ് മത്സരങ്ങളിൽ നിന്ന് 42.36 ശരാശരിയിൽ ഒരു സെഞ്ചുറിയും രണ്ട് അർധ സെഞ്ചുറികളും സഹിതം 466 റൺസാണ് താരം നേടിയത്. 127 റണ്‍സാണ് മികച്ച സ്‌കോർ. ഓസ്‌ട്രേലിയയ്‌ക്കെതിരെയും താരത്തിന് മികച്ച റെക്കോഡുണ്ട്. 11 ടെസ്റ്റുകളിൽ നിന്ന് 34.21 ശരാശരിയിൽ 650 റൺസാണ് താരം നേടിയത്.
20 ഇന്നിങ്‌സുകളിൽ നിന്ന് ഒരു സെഞ്ചുറിയും മൂന്ന് അർധ സെഞ്ചുറികളും കണ്ടെത്താന്‍ താരത്തിന് കഴിഞ്ഞിട്ടുണ്ട്. 120 റൺസാണ് ഓസീസിനെതിരെ രോഹിത്തിന്‍റെ മികച്ച സ്‌കോർ. അതേസമയം ഓപ്പണര്‍ എന്ന നിലയിലാണ് രോഹിത് ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ളത്. ടെസ്റ്റിൽ ഓപ്പണറായി 24 മത്സരങ്ങളിൽ നിന്ന് 52.76 ശരാശരിയിൽ 1794 റൺസാണ് താരം നേടിയത്. നോണ്‍ ഓപ്പണര്‍ എന്ന നിലയില്‍ 25 മത്സരങ്ങളില്‍ നിന്നും 54.57 ശരാശരിയിൽ 1,037 റൺസാണ് താരത്തിന് നേടാന്‍ കഴിഞ്ഞത്.
ഓസ്‌ട്രേലിയയുടെ പ്രധാന ബോളറായ കമ്മിൻസാവട്ടെ ഇതേവരെ 21.50 ശരാശരിയിൽ 217 വിക്കറ്റുകളാണ് നേടിയിട്ടുള്ളത്. ഇതില്‍ എട്ട് തവണ അഞ്ച് വിക്കറ്റ് പ്രകടനം നടത്താന്‍ കമ്മിന്‍സിനായിട്ടുണ്ട്. ബാറ്റുകൊണ്ടും ഓസീസിന് മുതല്‍ക്കൂട്ടാവാന്‍ താരത്തിന് കഴിഞ്ഞു.
രണ്ട് അര്‍ധ സെഞ്ചുറികള്‍ ഉള്‍പ്പെടെ 924 റൺസാണ് താരം കണ്ടെത്തിയത്. അതേസമയം ഇന്ത്യയ്‌ക്കെതിരെ മികച്ച പ്രകടനമാണ് കമ്മിന്‍സ് ഇതേവരെ നടത്തിയിട്ടുള്ളത്. ഇന്ത്യയ്‌ക്കെതിരെ 12 മത്സരങ്ങൾ കളിച്ച താരം 46 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. 27 റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റ് വീഴ്‌ത്തിയതാണ് മികച്ച പ്രകടനം.
അതേസമയം മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബോളിങ് തെരഞ്ഞെടുത്തിരുന്നു. പിച്ചിലെ പച്ചപ്പും മൂടിക്കെട്ടിയ അന്തരീക്ഷത്തിന്‍റേയും അടിസ്ഥാനത്തിലാണ് ബോളിങ് തെരഞ്ഞെടുത്തതെന്ന് രോഹിത് പറഞ്ഞിരുന്നു. ഒന്നാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ 23 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 73 റണ്‍സ് എന്ന നിലയിലായിരുന്നു ഓസീസ്. ഉസ്‌മാന്‍ ഖവാജ, ഡേവിഡ് വാര്‍ണര്‍ എന്നിവരുടെ വിക്കറ്റുകളാണ് സംഘത്തിന് നഷ്‌ടമായത്.
ഇന്ത്യ (പ്ലേയിങ് ഇലവൻ): രോഹിത് ശർമ (ക്യാപ്റ്റന്‍), ശുഭ്മാൻ ഗിൽ, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, ശ്രീകർ ഭരത് (ഡബ്ല്യു), രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.
ഓസ്‌ട്രേലിയ (പ്ലേയിങ് ഇലവൻ): ഡേവിഡ് വാർണർ, ഉസ്മാൻ ഖവാജ, മാർനസ് ലബുഷെയ്‌ന്‍, സ്റ്റീവൻ സ്മിത്ത്, ട്രാവിസ് ഹെഡ്, കാമറൂൺ ഗ്രീൻ, അലക്‌സ് ക്യാരി (ഡബ്ല്യു), പാറ്റ് കമ്മിൻസ് (ക്യാപ്റ്റന്‍), മിച്ചൽ സ്റ്റാർക്ക്, നഥാൻ ലിയോൺ, സ്‌കോട്ട് ബോലാൻഡ്.
ALSO READ: WTC Final | കറുത്ത ആംബാന്‍ഡ് അണിഞ്ഞ് ഇന്ത്യ-ഓസീസ് താരങ്ങള്‍; കാരണമറിയാം