ഓവല്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്‍റെ മൂന്നാം ദിന മത്സരത്തിനിടെ ഓസ്‌ട്രേലിയന്‍ ബാറ്റര്‍ മാര്‍നസ് ലബുഷെയ്‌നിന്‍റെ 'പൂച്ചയുറക്കം' സോഷ്യല്‍ മീഡിയയില്‍ ഏറെ ചിരി പടര്‍ത്തിയിരുന്നു. ഇന്ത്യയെ ഓള്‍ ഔട്ട് ആക്കിയ ശേഷം ഓസീസിന്‍റെ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് പുരോഗമിക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത്. ഓസീസ് ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറും ഉസ്‌മാന്‍ ഖവാജയും ക്രീസില്‍ നില്‍ക്കെ ഡ്രസിങ് റൂമിന് പുറത്തായുണ്ടായിരുന്ന കസേരയില്‍ ഇരുന്നുകൊണ്ടായിരുന്നു ലബുഷെയ്‌നിന്‍റെ ഉറക്കം.
മൂന്നാമനായി ബാറ്റു ചെയ്യേണ്ടതിനാല്‍ പാഡെല്ലാം അണിഞ്ഞുകൊണ്ടായിരുന്നു താരം ഇരുന്നിരുന്നത്. എന്നാല്‍ നാലാം ഓവറില്‍ തന്നെ ഓസീസിന് ആദ്യ വിക്കറ്റ് നഷ്‌ടമായതോടെ ലബുഷെയ്‌നിന്‍റെ ഉറക്കത്തിന് അല്‍പായുസ് മാത്രമാണുണ്ടായിരുന്നത്. വെറ്ററന്‍ താരം ഡേവിഡ് വാര്‍ണറുടെ വിക്കറ്റായിരുന്നു ഓസീസിന് ആദ്യം നഷ്‌ടമായത്.
ഡേവിഡ് വാര്‍ണറെ മുഹമ്മദ് സിറാജ് വിക്കറ്റ് കീപ്പര്‍ കെഎസ് ഭരതിന്‍റെ കൈകളിലെത്തിക്കുകയായിരുന്നു. സത്യത്തില്‍ വാര്‍ണര്‍ പുറത്തായത് മാര്‍നസ് ലബുഷെയ്‌ന്‍ Marnus Labuschagne അറിയുന്നത് കാണികളുടെ വിക്കറ്റ് ആഘോഷം കേട്ടാണ്. ഉടന്‍ ചാടിയെണീറ്റ താരം പെട്ടന്ന് തന്നെ റെഡിയായി ക്രീസിലേക്കെത്തുകയും ചെയ്‌തിരുന്നു.
ഇപ്പോഴിതാ തന്‍റെ പൂച്ചയുറക്കത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് 28-കാരന്‍. തന്‍റെ കണ്ണുകള്‍ക്ക് വിശ്രമം നല്‍കാനും അല്‍പം ഏകാഗ്രത ലഭിക്കുന്നതിനുമായിരുന്നു ആ ഉറക്കമെന്നാണ് ഓസീസ് ബാറ്റര്‍ പറയുന്നത്. എല്ലായ്‌പ്പോഴും താരങ്ങള്‍ക്ക് മത്സരം കാണാന്‍ കഴിയണമെന്നില്ലെന്നും മാര്‍നസ് ലബുഷെയ്‌ന്‍ പറഞ്ഞു.
"ഞാൻ എന്‍റെ കണ്ണുകളടച്ച് അല്‍പം വിശ്രമിക്കുകയായിരുന്നു. അൽപ്പം ശാന്തത കൈവരിക്കാനും ശ്രമിച്ചു. നിങ്ങൾക്ക് എല്ലായ്‌പ്പോഴും മത്സരം കാണാന്‍ കഴിഞ്ഞേക്കില്ല. മുഹമ്മദ് സിറാജ് വേഗത്തില്‍ തന്നെ വിക്കറ്റ് വീഴ്‌ത്തിയതിനാല്‍ എനിക്ക് അധികം വിശ്രമം ലഭിച്ചില്ല", മാര്‍നസ് ലബുഷെയ്‌ന്‍ പറഞ്ഞു.
വാര്‍ണര്‍ക്ക് പിന്നാലെ ഉസ്‌മാന്‍ ഖവാജ (13), സ്റ്റീവ് സ്‌മിത്ത് (34), ട്രാവിസ് ഹെഡ് (18) എന്നിവരുടെ വിക്കറ്റും മൂന്നാം ദിനത്തില്‍ ഓസീസിന് നഷ്‌ടമായെങ്കിലും 41 റണ്‍സുമായി ലബുഷെയ്‌ന്‍ പുറത്താവാതെ നില്‍ക്കുകയാണ്. ഏഴ് റണ്‍സുമായി കാമറൂണ്‍ ഗ്രീന്‍ ആണ് കൂട്ടിനുള്ളത്. ഇന്ത്യയ്‌ക്കായി രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റുകള്‍ വീഴ്‌ത്തിയപ്പോള്‍ മുഹമ്മദ് സിറാജ്, ഉമേഷ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റുകളും നേടിയിട്ടുണ്ട്.
നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഓസ്‌ട്രേലിയ 469 റണ്‍സ് നേടിയിരുന്നു. സ്റ്റീവ് സ്‌മിത്ത്, ട്രാവിസ് ഹെഡ് എന്നിവര്‍ നേടിയ സെഞ്ചുറികളാണ് ടീമിനെ മികച്ച നിലയില്‍ എത്തിച്ചത്. ട്രാവിസ് ഹെഡ് ഏകദിന ശൈലിയില്‍ കളിച്ച് 163 റണ്‍സ് അടിച്ചപ്പോള്‍ 121 റണ്‍സായിരുന്നു സ്‌മിത്ത് നേടിയത്.
മറുപടിക്കിറങ്ങിയ ഇന്ത്യ 296 റണ്‍സില്‍ പുറത്തായിരുന്നു. അജിങ്ക്യ രഹാനെ (89) ajinkya rahane, ശാര്‍ദുല്‍ താക്കൂര്‍ (51), രവീന്ദ്ര ജഡേജ (48) എന്നിവരുടെ ചെറുത്ത് നില്‍പ്പാണ് ഇന്ത്യയെ ഭേദപ്പെട്ട നിലയില്‍ എത്തിച്ചത്. തുടര്‍ന്ന് രണ്ടാം ഇന്നിങ്‌സിന് ഇറങ്ങിയ ഓസീസ് മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 123 റണ്‍സ് എന്ന നിലയിലാണ്. ഓസീസിന് നിലവില്‍ 296 റണ്‍സിന്‍റെ ലീഡുണ്ട്.