ഓവല്‍: ഇന്ത്യയ്‌ക്ക് എതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയ കൂറ്റന്‍ ലീഡിലേക്ക്. മത്സരത്തിന്‍റെ നാലാം ദിനത്തില്‍ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് പുനരാരംഭിച്ച ഓസ്‌ട്രേലിയ ലഞ്ചിന് പിരിയുമ്പോള്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 201 റണ്‍സ് എന്ന നിലയിലാണ്. ഇതോടെ നിലവില്‍ 374 റണ്‍സിന്‍റെ ലീഡാണ് ഓസീസിനുള്ളത്.
അലക്‌സ് ക്യാരി (41*) മിച്ചല്‍ സ്റ്റാര്‍ക്ക് (11*) എന്നിവരാണ് പുറത്താവാതെ നില്‍ക്കുന്നത്. നാല് വിക്കറ്റ് നഷ്‌ടത്തില്‍ 123 റണ്‍സ് എന്ന നിലയിലാണ് ഓസീസ് ഇന്ന് രണ്ടാം ഇന്നിങ്‌സ് പുനരാരംഭിച്ചത്. തുടക്കം തന്നെ മാർനസ് ലബുഷെയ്‌ൻ, കാമറൂണ്‍ ഗ്രീൻ എന്നിവരെ സംഘത്തിന് നഷ്‌ടമായി.
കഴിഞ്ഞ ദിവസം നേടിയ വ്യക്തിഗത സ്‌കോറിലേക്ക് ഒരു റണ്‍സ് പോലും ചേര്‍ക്കും മുമ്പ് ഉമേഷ് യാദവാണ് ലബുഷെയ്‌നെ (41) മടക്കിയത്. ഉമേഷിന്‍റെ ഒരു മികച്ച പന്തില്‍ ബാറ്റുവച്ച ലബുഷെയ്‌ന്‍ എഡ്‌ജായി ഫസ്റ്റ് സ്ലിപ്പില്‍ ചേതേശ്വര്‍ പുജാരയുടെ കയ്യില്‍ ഒതുങ്ങുകയായിരുന്നു. പിന്നാലെ ഗ്രീനിനെ ( 25) രവീന്ദ്ര ജഡേജ ബൗള്‍ഡാക്കുകയായിരുന്നു.
മോശം തുടക്കമായിരുന്നു രണ്ടാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയയ്‌ക്ക് ലഭിച്ചത്. ഓപ്പണര്‍മാരായ ഉസ്‌മാന്‍ ഖവാജ (13), ഡേവിഡ് വാര്‍ണര്‍ (1) എന്നിവര്‍ വേഗം മടങ്ങി. വാര്‍ണറെ മുഹമ്മദ് സിറാജും ഖവാജയെ ഉമേഷ് യാദവും വിക്കറ്റ് കീപ്പര്‍ ശ്രീകര്‍ ഭരത്തിന്‍റെ കയ്യില്‍ എത്തിക്കുകയായിരുന്നു.
പിന്നാലെ ആദ്യ ഇന്നിങ്സില്‍ സെഞ്ചുറി നേടിയ സ്റ്റീവ് സ്‌മിത്തിനേയും (34), ട്രാവിസ് ഹെഡിനേയും (18) രവീന്ദ്ര ജഡേജയും തിരിച്ചയച്ചതോടെ ഓസീസ് പ്രതിരോധത്തിലായിരുന്നു. എന്നാല്‍ ആദ്യ ഇന്നിങ്‌സിലെ ലീഡിന്‍റെ ആത്മവിശ്വാസത്തിലാണ് തുടര്‍ന്നെത്തിയവര്‍ ബാറ്റ് വീശുന്നത്.
നേരത്തെ ആദ്യം ബാറ്റ് ചെയ്‌ത ഓസീസ് നേടിയ 469 റണ്‍സിന് മറുപടിക്കിറങ്ങിയ ഇന്ത്യ 296 റണ്‍സില്‍ പുറത്തായിരുന്നു. ഇതോടെ ഒന്നാം ഇന്നിങ്‌സില്‍ 173 റണ്‍സ് ലീഡാണ് ഓസീസ് നേടിയത്. ടോസ് നഷ്‌ടപ്പെട്ട് ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഓസ്‌ട്രേലിയയ്‌ക്കായി ഏകദിന ശൈലിയില്‍ കളിച്ച ട്രാവിസ് ഹെഡ് 163 റണ്‍സ് അടിച്ചെടുത്തപ്പോള്‍ 121 റണ്‍സായിരുന്നു സ്‌മിത്ത് നേടിയത്. ഇന്ത്യയ്‌ക്കായി മുഹമ്മദ് സിറാജ് നാല് വിക്കറ്റുകള്‍ വീഴ്‌ത്തിയിരുന്നു.
മറുപടിക്കിറങ്ങിയ ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ നിരാശപ്പെടുത്തിയതോടെ കൂട്ടത്തകര്‍ച്ചയെ മുന്നില്‍ കണ്ടിരുന്നു. രോഹിത് ശര്‍മ (15), ശുഭ്‌മാന്‍ ഗില്‍ (13), ചേതേശ്വര്‍ പുജാര (14), വിരാട് കോലി (14) എന്നിവര്‍ വേഗം തന്നെ മടങ്ങിയതോടെ ഒരു ഘട്ടത്തില്‍ 74-4 എന്ന നിലയിലായിരുന്നു ഇന്ത്യ. തുടര്‍ന്ന് രവീന്ദ്ര ജഡേജയേയും (48) പിന്നീട് ശാര്‍ദുല്‍ താക്കൂറിനേയും (51) കൂട്ടുപിടിച്ച് അജിങ്ക്യ രഹാനെ (89 ) നടത്തിയ പ്രകടനമാണ് ഇന്ത്യയുടെ മാനം കാത്തത്. ശ്രീകര്‍ ഭരത് (5), ഉമേഷ് യാദവ് (5), മുഹമ്മദ് ഷമി (13) എന്നിവരായിരുന്നു പുറത്തായ മറ്റ് താരങ്ങള്‍.