അഗര്‍ത്തല: ബംഗാളിന്‍റെ വെറ്ററന്‍ വിക്കറ്റ് കീപ്പർ ബാറ്റർ വൃദ്ധിമാൻ സാഹ അടുത്ത സീസണുകളിൽ ത്രിപുരയ്‌ക്ക് വേണ്ടി കളിക്കും. ത്രിപുരയുടെ പ്ലെയർ കം മെന്‍റർ റോളിലാണ് 37കാരനായ സാഹ എത്തുക. സാഹയുമായി ചർച്ച നടത്തിയെന്നും ത്രിപുരയ്‌ക്കായി കളിക്കാൻ അദ്ദേഹം സമ്മതിച്ചതായും ത്രിപുര ക്രിക്കറ്റ് അസോസിയേഷൻ (ടിസിഎ) ജോയിന്‍റ് സെക്രട്ടറി കിഷോർ ദാസ് പറഞ്ഞു.
കളിക്കാരെ പ്രചോദിപ്പിക്കുന്നതിന് സീനിയർ ടീമിന്‍റെ ഉപദേശകനായും അദ്ദേഹം പ്രവർത്തിക്കും. ജൂലൈ 15-നകം സാഹ ടിസിഎയുമായി കരാർ ഒപ്പിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അദ്ദേഹത്തെ ടീമിന്‍റെ ക്യാപ്‌റ്റനാക്കുമോ എന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. ഇത് പിന്നീട് തീരുമാനിക്കുമെന്നും കിഷോർ ദാസ് വ്യക്തമാക്കി.
ത്രിപുരയ്‌ക്കായി സാഹ രഞ്‌ജി ട്രോഫി, വിജയ് ഹസാരെ ട്രോഫി മത്സരങ്ങൾ കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനുള്ള നോ ഒബ്‌ജക്ഷൻ സർട്ടിഫിക്കറ്റ് ബംഗാൾ ക്രിക്കറ്റ് അസോസിയേഷന്‍ താരത്തിന് നല്‍കിയിട്ടുണ്ട്. അസോസിയേഷനുമായുള്ള തര്‍ക്കങ്ങളെ തുടർന്നാണ് സാഹ ടീം വിട്ടത്.
ശ്രീലങ്കയ്‌ക്ക് എതിരായ ഇന്ത്യൻ ടെസ്റ്റ് ടീമിൽ നിന്ന് പുറത്താക്കപ്പെട്ടതിന് പിന്നാലെ ബംഗാളിനായുള്ള മത്സരങ്ങളില്‍ നിന്നും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ പിന്മാറിയിരുന്നു. തുടര്‍ന്ന് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ ജോയിന്‍റ് സെക്രട്ടറി ദേബബ്രത ദാസ് നടത്തിയ പരാമര്‍ശമാണ് സാഹയെ അലോസരപ്പെടുത്തിയത്.
താരത്തിന്‍റെ പ്രതിബദ്ധതയെ ചോദ്യം ചെയ്‌തായിരുന്നു ദേബബ്രത ദാസ് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ഇതിന് പിന്നാലെ ദേബബ്രത ദാസ് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് സാഹ രംഗത്തെത്തിയിരുന്നു.
2007ൽ ബംഗാളിനായി അരങ്ങേറ്റം കുറിച്ച സാഹ 122 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലും 102 ലിസ്‌റ്റ് എ മത്സരങ്ങളിലും കളിച്ചിട്ടുണ്ട്. 40 ടെസ്റ്റുകളിലും ഒമ്പത് ഏകദിനങ്ങളിലും സാഹ ഇന്ത്യയെ പ്രതിനിധീകരിക്കുകയും ചെയ്‌തു.