ന്യൂഡല്‍ഹി: ഐപിഎല്ലിന്‍റെ തിളക്കത്തില്‍ നീണ്ട ഇടവേളയ്‌ക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയ വെറ്ററന്‍ താരം ദിനേഷ് കാര്‍ത്തികാണ് ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ ചര്‍ച്ചാ വിഷയം. 37കാരനായ താരം തിരിച്ചെത്തിയത്, ദേശീയ ടീം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മറ്റ് സീനിയര്‍ താരങ്ങള്‍ക്കും പ്രതീക്ഷ നല്‍കുന്നതാണ്. എന്നാൽ തന്‍റെ കാര്യം അല്‍പം വ്യത്യസ്‌തമാണെന്നാണ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ വൃദ്ധിമാന്‍ സാഹ പറയുന്നത്.
കാര്‍ത്തികിനെപ്പോലെ അവസരം നല്‍കിയിരുന്നെങ്കില്‍ താനും ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലുണ്ടാവുമായിരുന്നെന്ന് സാഹ പറഞ്ഞു. അന്താരാഷ്‌ട്ര ക്രിക്കറ്റിലേക്ക് ഇനിയൊരു തിരിച്ചുവരവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും 37കാരനായ സാഹ പറഞ്ഞു. ഭാവി പദ്ധതികളില്‍ താൻ ഇല്ലെന്ന് സെലക്ഷൻ കമ്മിറ്റിയും കോച്ചും നേരത്തെ തന്നെ തന്നോട് വ്യക്തമാക്കിയിട്ടുണ്ടെന്നും സാഹ ആവര്‍ത്തിച്ചു.
'ഇനി ദേശീയ ടീമിലെത്തുമെന്ന് ഞാൻ കരുതുന്നില്ല. എന്നെ തിരഞ്ഞെടുക്കാൻ അവർക്ക് താത്‌പര്യമുണ്ടെങ്കിൽ, ഐപിഎല്ലിലെ പ്രകടനത്തിന് ശേഷം ഞാൻ ഇംഗ്ലണ്ട് പര്യടനത്തിൽ ഉണ്ടായിരുന്നേക്കാം. ഇതിനർഥം അവർ എന്നെ കുറിച്ചുള്ള കാര്യങ്ങള്‍ ഉറപ്പിച്ചു കഴിഞ്ഞുവെന്നാണ്.
also read: ബംഗാളുമായി തര്‍ക്കം; വൃദ്ധിമാൻ സാഹ ത്രിപുരയിലേക്കെന്ന് സൂചന
ഇപ്പോള്‍ എനിക്ക് കാര്യങ്ങള്‍ വ്യക്തമാണ്. പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം ഈ കളിയെ സ്‌നേഹിക്കുന്നിടത്തോളം ഞാന്‍ തുടരും', സാഹ പറഞ്ഞു. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ കിരീടത്തിലേക്ക് നയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കാന്‍ സാഹയ്‌ക്ക് കഴിഞ്ഞിരുന്നു. 11 മത്സരങ്ങളില്‍ നിന്നും 317 റണ്‍സാണ് താരം അടിച്ചെടുത്തത്.