മുംബൈ: വിമൻസ് പ്രീമിയര്‍ ലീഗ് (ഡബ്ലിയുപിഎല്‍) പ്രഥമ പതിപ്പിന് മുന്നോടിയായുള്ള താരലേലത്തില്‍ പൊന്നും വിലയുള്ള വിദേശ താരങ്ങളായി ഓസീസ് താരം ആഷ്‌ലീ ഗാർഡ്‌നറും ഇംഗ്ലണ്ടിന്‍റെ നതാലി സ്‌കിവറും. 3.2 കോടി രൂപയാണ് ഇരു താരങ്ങളും നേടിയത്.
ഓസീസ് ഓള്‍റൗണ്ടര്‍ ആഷ്‌ലീ ഗാർഡ്‌നറെ ഗുജറാത്ത് ജയന്‍റ്‌സ് സ്വന്തമാക്കിയപ്പോള്‍ നതാലിയെ മുംബൈ ഇന്ത്യന്‍സാണ് കൂടാരത്തില്‍ എത്തിച്ചത്. ആഷ്‌ലീയ്‌ക്കായി തുടക്കത്തില്‍ മുംബൈ ഇന്ത്യന്‍സ് രംഗത്തുണ്ടായിരുന്നു.
എന്നാല്‍ തുക രണ്ട് കോടി കടന്നതോടെ പിന്മാറി. പിന്നീട് യുപി വാരിയേഴ്‌സാണ് ഗുജറാത്തിന് വെല്ലുവിളി ഉയര്‍ത്തിയത്. ഓസീസ് താരം എല്ലിസ് പെറിയെ 1.7 കോടിക്ക് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്വന്തമാക്കി. ലേലത്തില്‍ വമ്പന്‍ വില പ്രതീക്ഷിച്ചിരുന്ന താരമാണ് പെറി.
ഇംഗ്ലണ്ട് താരം സോഫി എക്ലെസ്റ്റോണിനെ 1.80 കോടി രൂപക്ക് യുപി വാരിയേഴ്‌സ് ടീമിലെത്തിച്ചു. ന്യൂസിലന്‍ഡിന്‍റെ സോഫി ഡിവൈനിനെ അടിസ്ഥാന വിലയായ 50 ലക്ഷം രൂപക്ക് ബാംഗ്ലൂരും സ്വന്തമാക്കി. ഓസീസിന്‍റെ മറ്റൊരു താരം ബേത്ത് മൂണിയെ രണ്ട് കോടിയ്‌ക്ക് ഗുജറാത്ത് ജയന്‍റ്സ് സ്വന്തമാക്കി.
ദക്ഷിണാഫ്രിക്കയുടെ ഷബ്‌നിം ഇസ്‌മായിലിനെ ഒരു കോടിക്ക് യുപി വാരിയേഴ്‌സ് സ്വന്തമാക്കിയപ്പോള്‍ ന്യൂസിലന്‍ഡിന്‍റെ അമേലിയ കെറിനായി മുംബൈ ഇന്ത്യന്‍സ് ഒരു കോടി മുടക്കി.