മുംബൈ: ഇന്ത്യയെ ഏറെ ടെസ്റ്റ് വിജയങ്ങളിലേക്ക് നയിച്ച ക്യാപ്റ്റനാണ് വിരാട് കോലി. ഇന്ത്യയെ പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലിലേക്ക് നയിച്ചുവെന്നതുള്‍പ്പെടെയുള്ള നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയാണ് 35-കാരനായ താരം ടീമിന്‍റെ നായക സ്ഥാനം ഒഴിയുന്നത്. എന്നാല്‍ ഏറെ വിവാദങ്ങള്‍ക്കും നാടകീയതയ്‌ക്കും ഒടുവിലായിരുന്നു കോലിയുടെ പടിയിറക്കം.
ഇതിന് പിന്നാലെയാണ് രോഹിത് ശര്‍മയ്‌ക്ക് ടെസ്റ്റ് ടീമിന്‍റെയും ചുമതല നല്‍കുന്നത്. ഐപിഎല്ലിന്‍റെ തിരക്കുകള്‍ക്ക് ശേഷം വീണ്ടുമൊരു ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. ലണ്ടനിലെ ഓവലിൽ നടക്കുന്ന ഫൈനലില്‍ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളി.
കഴിഞ്ഞ തവണ കൈവിട്ട കിരീടം ഇക്കൂറി നേടിയെടുക്കാന്‍ ഉറച്ച് തന്നെയാവും രോഹിത് ശര്‍മയും സംഘവും ഇത്തവണ ഓസീസിനെതിരെ ഇറങ്ങുകയെന്നത് ഉറപ്പാണ്. ഇതിനിടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് മുന്നെ എന്തെങ്കിലും 'അപ്രതീക്ഷിതമായ സാഹചര്യങ്ങൾ' ഉണ്ടായാൽ വിരാട് കോലിയെ ക്യാപ്റ്റൻസി ഓപ്ഷനായി ഇന്ത്യ നിലനിർത്തണമെന്ന് അഭിപ്രായപ്പെട്ട് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ താരവും പരിശീലകനുമായ രവി ശാസ്‌ത്രി.
"നിര്‍ണായക മത്സരങ്ങള്‍ക്ക് മുമ്പ് ഇത്തരം ഒരു കാര്യത്തെക്കുറിച്ച് കൂടി ആലോചിക്കേണ്ടതുണ്ടെന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. രോഹിത് ടീമിന്‍റെ ക്യാപ്റ്റനായതിനാൽ ഫിറ്റായിരിക്കണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. പക്ഷെ അപ്രതീക്ഷിതമായ സാഹചര്യമുണ്ടായാൽ, തീർച്ചയായും ഞാൻ ആ ദിശയിലേക്ക് തന്നെയാവും നോക്കുക"- രവി ശാസ്‌ത്രി പറഞ്ഞു.
കഴിഞ്ഞ വർഷം ഇംഗ്ലണ്ടിനെതിരെ ബർമിങ്‌ഹാമില്‍ നടന്ന ടെസ്റ്റില്‍ രോഹിത് ശര്‍മയുടെ അഭാവത്തില്‍ ജസ്പ്രീത് ബുംറയ്ക്ക് ചുമതല നല്‍കിയതിന് പകരം വിരാട് കോലിയെ ഇന്ത്യയ്ക്ക് ക്യാപ്റ്റനാക്കാമായിരുന്നുവെന്നും രവി ശാസ്‌ത്രി പറഞ്ഞു.
"രോഹിത്തിന് പരിക്കേറ്റുകഴിഞ്ഞാൽ, അവനോട് (കോലിയോട്) ക്യാപ്റ്റന്‍സിയെക്കുറിച്ച് ചോദിക്കുമെന്ന് ഞാൻ കരുതി. ഞാനവിടെ ഉണ്ടായിരുന്നുവെങ്കില്‍ തീര്‍ച്ചയായും ചോദിക്കുമായിരുന്നു. രാഹുൽ (ദ്രാവിഡ്) അതേ കാര്യം ചെയ്യുമെന്ന് എനിക്ക് ഉറപ്പില്ല.
ഞാന്‍ അദ്ദേഹത്തോട് സംസാരിച്ചിട്ടുമില്ല. പരമ്പരയിൽ 2-1 ന് മുന്നിട്ട് നിൽക്കുന്ന ടീമിന്‍റെ ഭാഗമായതിനാലും, കോലി ടീമിനെ നയിക്കുന്നത് ന്യായമായതിനാലും ഇക്കാര്യം ഞാൻ ബോർഡിനോട് ശുപാർശ ചെയ്യുമായിരുന്നു", രവി ശാസ്‌ത്രി വ്യക്തമാക്കി.
കോലി പുത്തന്‍ ഊര്‍ജ്ജത്തില്‍: കഴിഞ്ഞ വർഷത്തേക്കാൾ മികച്ച മാനസികാവസ്ഥയിലാണ് കോലിയുള്ളതെന്നും 2017 മുതൽ 2021 വരെ ഇന്ത്യയെ പരിശീലിപ്പിച്ച രവി ശാസ്‌ത്രി കൂട്ടിച്ചേര്‍ത്തു. "അവന് ഒരു ഇടവേള ആവശ്യമുണ്ടോ?, എന്നതിനെക്കുറിച്ച് കഴിഞ്ഞ വർഷം ഞങ്ങള്‍ ചർച്ച ചെയ്‌തപ്പോൾ എനിക്ക് തോന്നിയത് ലോകത്തിന്‍റെ മുഴുവൻ ഭാരവും അവന്‍റെ ചുമലില്‍ ഉള്ളതായാണ്.
എന്നാല്‍ ഇപ്പോൾ, അവൻ പുത്തന്‍ ഊര്‍ജത്തോടെയാണ് കളിക്കുന്നത്. ആ ആവേശവും കളിയോടുള്ള അഭിനിവേശവും നിങ്ങള്‍ക്ക് തന്നെ കാണാന്‍ കഴിയും. ഊർജവും ആസ്വാദനവും തിരികെ വന്നിരിക്കുന്നു. എന്നെ സംബന്ധിച്ച് ഏറെ സന്തോഷകരമായ കാര്യമാണത്.
ഒരു പക്ഷെ അവന്‍ ഏറെ റണ്‍സ് നേടുകയും അല്ലെങ്കില്‍, അതിന് കഴിയാതെയും വന്നേക്കാം. എന്നാൽ ആവേശവും ദൃഢനിശ്ചയം കാണാനാവുന്നത് സന്തോഷം തന്നെയാണ്. പ്രത്യേകിച്ച് ഇത്രയും നിലവാരമുള്ള ഒരു കളിക്കാരനില്‍", ശാസ്ത്രി കൂട്ടിച്ചേർത്തു.