ഹൈദരാബാദ്: ഇന്ത്യ ആതിഥേയരാവുന്ന ഏകദിന ലോകകപ്പ് (ODI World Cup 2023) ആവേശത്തില്‍ റാമോജി ഫിലിം സിറ്റി. ടൂര്‍ണമന്‍റിലെ ചാമ്പ്യന്മാര്‍ക്കുള്ള ലോകകപ്പ് ട്രോഫി റാമോജി ഫിലിം സിറ്റിയിൽ ഐസിസി പ്രദർശനത്തിന് എത്തിച്ചു (ICC Men's Cricket World Cup 2023 Trophy exhibition at Ramoji Film City). റാമോജി ഫിലിം (Ramoji Film City) സിറ്റിയിലെ കാരംസ് ഗാർഡനിലാണ് ജീവനക്കാര്‍ക്കായി ട്രോഫിയുടെ പ്രദര്‍ശനം നടക്കുന്നത്.
ലോകകപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി ഐസിസി നടത്തുന്ന ട്രോഫി പര്യടനത്തിന്‍റെ ഭാഗമായാണ് റാമോജി ഫിലിം സിറ്റിയിലും പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. ലോകകപ്പിന്‍റെ മുഖ്യവേദിയായ അഹമ്മദാബാദില്‍ നിന്നും തുടങ്ങിയ ട്രോഫി പര്യടനം 18 രാജ്യങ്ങളില്‍ നടത്തിയതിന് ശേഷമാണ് ഇന്ത്യയിലേക്ക് വീണ്ടും എത്തിയത്. ഇന്ത്യക്ക് പുറമേ കുവൈറ്റ്, ബഹ്‌റൈൻ, മലേഷ്യ, യുഎസ്എ, നൈജീരിയ, ഉഗാണ്ട, ഫ്രാൻസ്, ഇറ്റലി, അമേരിക്ക, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, പാപ്പുവ ന്യൂ ഗിനി തുടങ്ങിയ രാജ്യങ്ങളിലാണ് ഐസിസി ലോകകപ്പ് ട്രോഫിയുടെ പ്രദര്‍ശനം നടന്നത്.
ഏകദേശം 11 കിലോ ഭാരമാണ് ട്രോഫിക്കുള്ളത്. സിൽവർ ഗിൽറ്റിൽ നിർമ്മിച്ച ട്രോഫിക്ക് 60 സെന്‍റീമീറ്റർ ആണ് ഉയരം. ബാറ്റിങ്, ബോളിങ്, ഫീല്‍ഡിങ്, എന്നിവയെ പ്രതിനിധീകരിക്കുന്ന തരത്തില്‍ മൂന്ന് സില്‍വര്‍ കോളംസില്‍ ഉയർത്തിപ്പിടിച്ച ഒരു ഗോൾഡൻ ഗ്ലോബാണ് ലോകകപ്പ് ട്രോഫി. ക്രിക്കറ്റ് ബോളിന്‍റെ രൂപത്തിലാണ് ഗ്ലോബിന്‍റെ രൂപകല്‍പന. സ്റ്റംപും ബെയ്‌ല്‍സുമായാണ് കോളംസിന്‍റെ നിര്‍മ്മാണം.
ഏത് കോണിൽ നിന്ന് നോക്കിയാലും പ്രത്യേകത ഒറ്റ നോട്ടത്തില്‍ തന്നെ തിരിച്ചറിയപ്പെടുന്നതിന് പ്ലാറ്റോണിക് ഡൈമെന്‍ഷനിലാണ് ട്രോഫി രൂപകല്‍പന ചെയ്‌തിരിക്കുന്നത്. 1999-ലെ ലോകകപ്പ് മുതല്‍ക്കാണ് ഇപ്പോഴത്തെ ട്രോഫി ഉപയോഗിച്ച് തുടങ്ങിയത്. ആഗോള ക്രിക്കറ്റ് നിധിയായ ലോകകപ്പ് ട്രോഫി ഐസിസിയുടെ സ്വത്താണ്. ഇന്ത്യന്‍ രൂപ ഏകദേശം നാല്‍പ്പത് ലക്ഷത്തിന് അടുത്താണ് ഐസിസി പുരുഷ ലോകകപ്പ് ജേതാക്കള്‍ക്ക് നല്‍കുന്ന ട്രോഫിയുടെ മൂല്യം.
അതേസമയം ഒക്ടോബര്‍ അഞ്ച് മുതല്‍ നവംബര്‍ 19 വരെയാണ് ഇന്ത്യയില്‍ ഏകദിന ലോകകപ്പ് നടക്കുക. ഇന്ത്യയ്‌ക്ക് പുറമെ അഫ്ഗാനിസ്ഥാൻ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ന്യൂസിലൻഡ്, പാകിസ്ഥാൻ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, നെതർലൻഡ്‌സ് എന്നീ ടീമുകളാണ് ടൂര്‍ണമെന്‍റിന്‍റെ ഭാഗമാവുന്നത്. 10 ടീമുകളും പരസ്‌പരം മത്സരിക്കുന്ന റൗണ്ട് റോബിന്‍ ഫോര്‍മാറ്റിലാണ് പ്രാഥമിക ഘട്ട മത്സരങ്ങള്‍.
ആദ്യ നാല് സ്ഥാനങ്ങളില്‍ എത്തുന്ന ടീമുകള്‍ സെമി ഫൈനലിലേക്ക് കടക്കും. ആദ്യ സെമി നവംബര്‍ 15-ന് മുംബൈയിലാണ് ആദ്യ സെമി. രണ്ടാം സെമി 16-ന് കൊല്‍ക്കത്തയിലാണ് നടക്കുക. ഇംഗ്ലണ്ടാണ് നിലവിലെ ചാമ്പ്യന്മാര്‍. 2011-ന് ശേഷം വീണ്ടുമൊരു ലോകകപ്പ് കിരീടമാണ് അതിഥേയരായ ഇന്ത്യ ഇത്തവണ ലക്ഷ്യം വയ്‌ക്കുന്നത്.