ഹൈദരാബാദ് : എറിഞ്ഞ് വരിഞ്ഞുമുറുക്കിയ പാക് പടയ്ക്കുമുന്നില്‍ 81 റണ്‍സകലെ കീഴടങ്ങി നെതര്‍ലന്‍ഡ്‌സ്. 287 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ നെതര്‍ലന്‍ഡ്‌സിന്‍റെ പ്രയാണം 41 ഓവറില്‍ 205 റണ്‍സില്‍ അവസാനിച്ചു. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ 49 ഓവറില്‍ 286 റണ്‍സ് നേടിയിരുന്നു.
9.1 ഓവറില്‍ 3 വിക്കറ്റ് നഷ്‌ടത്തില്‍ 38 റണ്‍സെന്ന ദുര്‍ബലാവസ്ഥയില്‍ നിന്നാണ് മുഹമ്മദ് റിസ്‌വാന്‍റെയും (75 പന്തില്‍ 68) സൗദ് ഷക്കീലിന്‍റെയും (52 പന്തില്‍ 68) മികവില്‍ പാകിസ്ഥാന്‍ ഭേദപ്പെട്ട വിജയലക്ഷ്യം പടുത്തുയര്‍ത്തിയത്. പാകിസ്ഥാനുവേണ്ടി ഹാരിസ് റൗഫ് മൂന്നും ഹസന്‍ അലി രണ്ടും വിക്കറ്റുകള്‍ നേടി. ഇഫ്‌തിഖര്‍ അഹമ്മദ്, ഷഹീന്‍ അഫ്രീദി, മൊഹമ്മദ് നവാസ്, ഷദാബ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.
പാകിസ്ഥാന്‍ ഉയര്‍ത്തിയ 287 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ നെതര്‍ലന്‍ഡ്‌സിന്‍റെ തുടക്കം അത്ര ഗംഭീരമായിരുന്നില്ല. ആറാം ഓവറില്‍ മാക്‌സ് ഒഡോഡിനെ അവര്‍ക്ക് നഷ്‌ടമായി. അഞ്ച് റണ്‍സ് നേടിയ നെതര്‍ലന്‍ഡ്‌സ് ഓപ്പണര്‍ മടങ്ങുമ്പോള്‍ 28 റണ്‍സായിരുന്നു അവരുടെ സ്‌കോര്‍ബോര്‍ഡിലുണ്ടായിരുന്നത്.
പിന്നാലെയെത്തിയ കോളിന്‍ അക്കര്‍മാനും അധികനേരം ക്രീസില്‍ ചെലവഴിക്കാന്‍ കഴിഞ്ഞില്ല. ഇതോടെ, പാക് പട അനായാസം ജയത്തിലേക്ക് കുതിക്കുമെന്ന് തോന്നിപ്പിച്ചു. എന്നാല്‍, മൂന്നാം വിക്കറ്റില്‍ ക്രീസിലൊന്നിച്ച വിക്രംജീത് സിങും ബാസ് ഡി ലീഡും പാക് പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചു.
12 ഓവറിനുള്ളില്‍ 70 റണ്‍സായിരുന്നു ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത്. അര്‍ധ സെഞ്ച്വറി നേടിയതിന് തൊട്ടുപിന്നാലെ വിക്രംജീത് സിങ്ങിനെ പുറത്താക്കി ഷദാബ് ഖാന്‍ പാക് പടയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. ഇതോടെ 120-3 എന്ന നിലയിലേക്കായിരുന്നു നെതര്‍ലന്‍ഡ്‌സ് വീണത്.
പിന്നാലെയെത്തിയ തേജ നിടമാനുരു നായകന്‍ സ്കോട്ട് എഡ്വേര്‍ഡ്‌സ് എന്നിവര്‍ അതിവേഗം മടങ്ങിയത് ഓറഞ്ച് പടയുടെ പോരാട്ടവീര്യത്തെയും ബാധിച്ചു. മറുവശത്ത് പാക് ബൗളിങ് നിരയ്‌ക്ക് തലവേദനയായി ബാസ് ഡി ലീഡ് സ്‌കോര്‍ ഉയര്‍ത്തിയെങ്കിലും സഹതാരങ്ങളുടെ പിന്തുണ ലഭിക്കാതെ വന്നത് അവര്‍ക്ക് തിരിച്ചടിയാകുകയായിരുന്നു. നാലാം നമ്പറില്‍ ക്രീസിലെത്തിയ ബാസ് ഡി ലീഡ് 68 പന്തില്‍ 67 റണ്‍സ് നേടിയാണ് പുറത്തായത്. നോരത്തെ, മത്സരത്തില്‍ 9 ഓവര്‍ പന്തെറിഞ്ഞ താരം 62 റണ്‍സ് വഴങ്ങി പാകിസ്ഥാന്‍റെ നാല് വിക്കറ്റ് സ്വന്തമാക്കുകയും ചെയ്‌തിരുന്നു. വാലറ്റത്ത് ലോഗന്‍ വാന്‍ ബീക്ക് നടത്തിയ ചെറുത്ത് നില്‍പ്പായിരുന്നു നെതര്‍ലന്‍ഡ്‌സിന്‍റെ തോല്‍വി ഭാരം കുറച്ചത്.