കേപ്‌ടൗണ്‍ : ഐസിസി വനിത ടി20 ലോകകപ്പിന്‍റെ കലാശപ്പോരാട്ടത്തിൽ ഓസ്‌ട്രേലിയക്കെതിരെ ദക്ഷിണാഫ്രിക്കയ്‌ക്ക് 157 റണ്‍സ് വിജയ ലക്ഷ്യം. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസ്‌ട്രേലിയ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്‌ടത്തിൽ 156 റണ്‍സ് അടിച്ചുകൂട്ടി. ഓപ്പണർ ബേത് മൂണിയുടെ (53 പന്തിൽ 74) ഒറ്റയാൾ പ്രകടനമാണ് ഓസ്‌ട്രേലിയയെ മികച്ച സ്‌കോറിലേക്കെത്തിച്ചത്.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസ്‌ട്രേലിയക്കായി ഓപ്പണർമാരായ അലിസ ഹീലിയും ബേത് മൂണിയും ചേർന്ന് മികച്ച തുടക്കമാണ് സമ്മാനിച്ചത്. പവർപ്ലേയിൽ തകർത്തടിച്ച ഇരുവരും ചേർന്ന് ആദ്യ നാല് ഓവറിൽ തന്നെ ടീം സ്‌കോർ 30 കടത്തി. എന്നാൽ 36 ൽ നിൽക്കെ അലിസ ഹീലിയെ ഓസീസിന് നഷ്‌ടമായി. പുറത്താകുമ്പോൾ 20പന്തിൽ 18 റണ്‍സായിരുന്നു താരത്തിന്‍റെ സമ്പാദ്യം.
പിന്നാലെയെത്തിയ ആഷ്‌ലി ഗാർഡ്‌നറെ കൂട്ടുപിടിച്ച് ബേത് മൂണി സ്‌കോർ ഉയർത്തി. ഇരുവരും ചേർന്ന് 10 ഓവറിൽ ടീം സ്‌കോർ 70 കടത്തി. തുടർന്ന് ടീം സ്‌കോർ 82ൽ നില്‍ക്കെ ആഷ്‌ലി ഗാർഡ്‌നർ പുറത്തായി. 21 പന്തിൽ 29 റണ്‍സായിരുന്നു താരം നേടിയത്. തുടർന്ന് ക്രീസിലെത്തിയ ഗ്രേസ് ഹാരിസ് ബേത് മൂണിക്ക് മികച്ച പിന്തുണ നൽകി.
ഇരുവരും ചേർന്ന് ടീം സ്‌കോർ 100 കടത്തി. എന്നാൽ തൊട്ടുപിന്നാലെ തന്നെ ഗ്രേസ് ഹാരിസ്(10) പുറത്തായത് ഓസീസിന് തിരിച്ചടിയായി. പിന്നാലെ ക്യാപ്‌റ്റൻ മെഗ് ലാന്നിങും(10) മടങ്ങിയതോടെ ഓസ്‌ട്രേലിയ 17.1 ഓവറിൽ നാല് വിക്കറ്റ് നഷ്‌ടത്തിൽ 122 എന്ന നിലയിലായി. ഇതോടെ ടീമിന്‍റെ പൂർണ ഉത്തരവാദിത്തം ബേത് മൂണി ഏറ്റെടുക്കുകയായിരുന്നു.
ഒരുവശത്ത് എൽസി പെറി(7), ജോർജിയ വരേഹാം(0) എന്നിവരുടെ വിക്കറ്റുകൾ പൊഴിയുമ്പോൾ മൂണി തകർപ്പനടികളുമായി കളം നിറയുകയായിരുന്നു. ബേത് മൂണി 53 പന്തിൽ ഒൻപത് ഫോറും ഒരു സിക്‌സും ഉൾപ്പടെ 74 റണ്‍സുമായും തഹ്ലീയ മഗ്രാത്ത് ഒരു റണ്‍സുമായും പുറത്താകാതെ നിന്നു.