സിൽഹെറ്റ് : വനിത ഏഷ്യ കപ്പ് ടി20 ക്രിക്കറ്റിന്‍റെ ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ ആദ്യം ബോള്‍ ചെയ്യും. ടോസ് നേടിയ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ചമാരി അട്ടപ്പട്ടു ബാറ്റിങ് തെരഞ്ഞെടുത്തു. ഉച്ചയ്ക്ക് ഒരു മണിക്ക് സിൽഹെറ്റ് സ്റ്റേഡിയത്തിലാണ് മത്സരം.
കഴിഞ്ഞ തവണ റണ്ണറപ്പായ ഇന്ത്യ ഏഴാം കിരീടം ലക്ഷ്യം വയ്‌ക്കുമ്പോള്‍ പ്രഥമ കിരീടമാണ് ശ്രീലങ്കയുടെ ഉന്നം. നേരത്തെ നാല് തവണ ഫൈനല്‍ കളിച്ചുവെങ്കിലും ഇന്ത്യയോട് കീഴടങ്ങാനായിരുന്നു ശ്രീലങ്കയുടെ വിധി. ടൂര്‍ണമെന്‍റില്‍ 14 വര്‍ഷത്തിന് ശേഷമാണ് ലങ്ക ഫൈനലിനിറങ്ങുന്നത്. ഗ്രൂപ്പ് ചാമ്പ്യന്മാരായി സെമിയിലെത്തിയ ഇന്ത്യ തായ്‌ലന്‍ഡിനെ 74 റണ്‍സിന് തോല്‍പ്പിച്ചാണ് ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചത്.
മറുവശത്ത് രണ്ടാം സെമിയില്‍ പാകിസ്ഥാനെ ഒരു റണ്‍സിന് കീഴടക്കിയാണ് ലങ്കന്‍ വനിതകളുടെ മുന്നേറ്റം. മുന്‍ മത്സരങ്ങളില്‍ ലങ്കയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് വ്യക്തമായ അധിപത്യമുണ്ട്. നേരത്തെ 21 തവണ പരസ്‌പരം ഏറ്റുമുട്ടിയപ്പോഴും 17 തവണയും ജയിച്ചത് ഇന്ത്യയാണ്. നാല് മത്സരങ്ങള്‍ മാത്രമാണ് ലങ്കയ്‌ക്കൊപ്പം നിന്നത്.
പ്ലേയിങ് ഇലവന്‍ അറിയാം
ഇന്ത്യൻ വനിതകൾ: ഹർമൻപ്രീത് കൗർ (ക്യാപ്‌റ്റന്‍), ഷഫാലി വർമ, സ്‌മൃതി മന്ദാന, ദയാലൻ ഹേമലത, ദീപ്‌തി ശർമ, ജെമീമ റോഡ്രിഗസ്, സ്നേഹ റാണ, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), പൂജ വസ്ത്രാകർ, രേണുക സിങ്, രാജേശ്വരി ഗെയ്‌ക്‌വാദ്.
ശ്രീലങ്ക വനിതകൾ: ചമാരി അട്ടപ്പട്ടു (ക്യാപ്‌റ്റന്‍), ഹാസിനി പെരേര, ഹർഷിത മാധവി, അനുഷ്‌ക സഞ്ജീവനി(വിക്കറ്റ് കീപ്പര്‍), നിലാക്ഷി ഡി സിൽവ, കവിഷ ദിൽഹാരി, മൽഷ ഷെഹാനി, ഒഷാദി രണസിന്‍ഹേ, സുഗന്ധിക കുമാരി, ഇനോക രണവീര, അച്ചിനി കുലസൂര്യ.