സിൽഹെറ്റ്: വനിത ഏഷ്യ കപ്പ് ടി20 ക്രിക്കറ്റില്‍ തായ്‌ലന്‍ഡിനെ തരിപ്പണമാക്കി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്‌ത തായ്‌ലന്‍ഡിനെ വെറും 37 റണ്‍സിന് പുറത്താക്കിയ ഇന്ത്യ 84 പന്തുകള്‍ ബാക്കി നിര്‍ത്തി ഒമ്പത് വിക്കറ്റിന്‍റെ വിജയമാണ് നേടിയത്. സ്‌കോര്‍: തായ്‌ലന്‍ഡ്- 37/10 (15.1), ഇന്ത്യ- 40/6 (6).
സബ്ബിനേനി മേഘന (18 പന്തില്‍ 20), പൂജ വസ്‌ത്രാകര്‍ (12 പന്തില്‍ 12) എന്നിവര്‍ പുറത്താവാതെ നിന്നാണ് ഇന്ത്യയുടെ വിജയം ഉറപ്പിച്ചത്. ഷഫാലി വര്‍മയുടെ വിക്കറ്റാണ് ഇന്ത്യയ്‌ക്ക് നഷ്‌ടമായത്. ആറ് പന്തില്‍ എട്ട് റണ്‍സാണ് താരത്തിന്‍റെ സമ്പാദ്യം.
നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ തായ്‌ലന്‍ഡിനെ ഇന്ത്യന്‍ ബോളര്‍മാര്‍ എറിഞ്ഞ് ഒതുക്കുകയായിരുന്നു. സ്‌നേഹ് റാണ നാല് ഓവറില്‍ വെറും ഒമ്പത് റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്‌ത്തി. ദീപ്‌തി ശര്‍മ നാല് ഓവറില്‍ 10 റണ്‍സും രാജേശ്വരി ഗെയക്‌വാദ് മൂന്ന് ഓവറില്‍ എട്ടും റണ്‍സ് വിട്ടുനല്‍കി രണ്ട് വിക്കറ്റുകള്‍ വീതം സ്വന്തമാക്കി.
മേഘ്‌ന സിങ് ഒരു വിക്കറ്റെടുത്തു. രണ്ട് താരങ്ങള്‍ റണ്ണൗട്ടാവുകയായിരുന്നു. 19 പന്തില്‍ 12 റണ്‍സെടുത്ത നന്‍പത് കൊഞ്ചെരോയെന്‍കായ് ആണ് സംഘത്തിന്‍റെ ടോപ് സ്‌കോറര്‍. മറ്റാര്‍ക്കും രണ്ടക്കം തൊടാനായില്ല. മൂന്ന് താരങ്ങള്‍ സംപൂജ്യരായാണ് മടങ്ങിയത്. സ്‌നേഹ് റാണയാണ് കളിയിലെ താരം.