വെല്ലിങ്‌ടണ്‍: ന്യൂസിലൻഡ് ടെസ്റ്റ് ടീമിന്‍റെ നായകസ്ഥാനത്ത് നിന്ന് കെയ്‌ൻ വില്യംസണ്‍ പടിയിറങ്ങി. കിവീസിന്‍റെ ഏകദിന, ടി20 ടീമുകളുടെ നായകൻ കൂടിയായ വില്യംസണ്‍ ജോലി ഭാരം കാരണമാണ് ടെസ്റ്റ് ക്യാപ്‌റ്റൻസി ഒഴിഞ്ഞത്. വില്യംസണ് പകരം സീനിയർ താരം ടീം സൗത്തി നായകസ്ഥാനം ഏറ്റെടുക്കും.
ടോം ലാഥത്തിന്‍റെ വൈസ് ക്യാപ്റ്റനായും നിയമിച്ചിട്ടുണ്ട്. 2016-ല്‍ ബ്രണ്ടന്‍ മക്കല്ലം സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് വില്യംസണ്‍ ന്യൂസിലന്‍ഡ് ടെസ്റ്റ് ടീമിന്‍റെ നായകനായി സ്ഥാനമേറ്റത്. 40 ടെസ്റ്റുകളില്‍ താരം ടീമിനെ നയിച്ചു. ഇതിൽ 22 മത്സരങ്ങളില്‍ ടീമിന് വിജയം സമ്മാനിക്കാനും സാധിച്ചു. വില്യംസണിന്‍റെ കീഴിലാണ് ന്യൂസിലന്‍ഡ് 2021-ലെ പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടത്തില്‍ മുത്തമിട്ടത്.
ടെസ്റ്റ് ക്രിക്കറ്റ് പ്രധാനം: ടെസ്റ്റ് ടീമിന്‍റെ നായകനാകാൻ കഴിഞ്ഞത് വളരെ വലിയ ബഹുമതിയാണെന്ന് വില്യംസണ്‍ പറഞ്ഞു. എന്നെ സംബന്ധിച്ചിടത്തോളം ടെസ്റ്റ് ക്രിക്കറ്റാണ് പ്രധാനം. ഈ ഫോർമാറ്റിൽ ടീമിനെ നയിക്കാനുള്ള വെല്ലുവിളികൾ ഞാൻ ആസ്വദിച്ചിട്ടുണ്ട്. ക്യപ്‌റ്റൻസിയിൽ കളിക്കളത്തിനകത്തും പുറത്തും ജോലി ഭാരം വർധിക്കുന്നു.
ഈ തീരുമാനത്തിന് ഏറ്റവും ഉചിതമായ സമയം എന്‍റെ കരിയറിന്‍റെ ഈ ഘട്ടമാണെന്ന് ഞാൻ വിശ്വസിക്കുന്നു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ രണ്ട് ലോകകപ്പുകൾ വരാനിരിക്കുകയാണ്. ലോകകപ്പുകളുടെ തയ്യാറെടുപ്പിനായി വൈറ്റ് ബോൾ ക്രിക്കറ്റിൽ നായക സ്ഥാനത്ത് തുടരാനാണ് തീരുമാനം. വില്യംസണ്‍ പറഞ്ഞു.
കൂടാതെ ക്യാപ്‌റ്റനായി സൗത്തിയും, വൈസ് ക്യാപ്‌റ്റായി ടോമും മികച്ച പ്രകടനം കാഴ്‌ചവെയ്‌ക്കുമെന്നും ഇരുവർക്കും പിന്തുണ നൽകുന്നതായും വില്യംസണ്‍ പറഞ്ഞു. എന്‍റെ കരിയറിന്‍റെ ഭൂരിഭാഗവും ഞാൻ ഇവരുമായി കളിച്ചിട്ടുണ്ട്. അതിനാൽ തന്നെ ഇരുവരും മികച്ച പ്രകടനം കാഴ്‌ചവെയ്‌ക്കുമെന്ന കാര്യത്തിൽ എനിക്കുറപ്പുണ്ട്. വില്യംസണ്‍ കൂട്ടിച്ചേർത്തു.
വലിയ ബഹുമതിയെന്ന് സൗത്തി: ടെസ്റ്റ് ക്യാപ്‌റ്റനായി തന്നെ നിയമിച്ചത് വലിയ ബഹുമതിയായി കാണുന്നുവെന്ന് ടിം സൗത്തി പറഞ്ഞു. ഞാൻ ടെസ്റ്റ് ക്രിക്കറ്റിനെ ഇഷ്‌ടപ്പെടുന്നു. ഇത് സന്തോഷം തരുന്നൊരു വെല്ലുവിളി കൂടിയാണ്. ഈ ഫോർമാറ്റിൽ ടീമിനെ നയിക്കാൻ അവസരം ലഭിച്ചതിൽ ഞാൻ വളരെ ആവേശത്തിലാണ്. കെയ്‌ൻ മികച്ചൊരു ടെസ്റ്റ് ക്യാപ്‌റ്റനായിരുന്നു. സൗത്തി വ്യക്തമാക്കി.
ALSO READ: എറിഞ്ഞിട്ട് കുൽദീപും സിറാജും; ഇന്ത്യക്കെതിരെ ബംഗ്ലാദേശിന് ബാറ്റിങ് തകർച്ച
മുന്നിൽ നിന്ന് നയിച്ച നായകൻ: അതിശയകരമായ, വിജയകരമായ ഒരു കാലഘട്ടത്തിലൂടെയാണ് കെയ്‌ൻ ടീമിനെ നയിച്ചതെന്ന് ന്യൂസിലൻഡ് ടീമിന്‍റെ പരിശീലകൻ ഗാരി സ്റ്റെഡ് വ്യക്‌തമാക്കി. മുന്നിൽ നിന്ന് നയിച്ച നായകനാണ് കെയ്‌ൻ. അദ്ദേഹത്തിന്‍റെ കാലത്ത് ടെസ്റ്റ് ടീം കൂടുതൽ മികച്ചതായി. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് നേടാനായതും ഇക്കാലയളവിലാണ്.
പുതിയ താരങ്ങളെ പരീക്ഷിക്കാനും അവരെ മികച്ചതാക്കാനും കെയ്‌നിന് സാധിച്ചു. ജോലിഭാരം കുറയുന്നതോടെ അന്താരാഷ്‌ട്ര വേദിയിൽ കെയ്‌ൻ വില്യംസണിന്‍റെ ഏറ്റവും മികച്ച പ്രകടനം തന്നെ കാണാൻ സാധിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. നായകനല്ലെങ്കിലും നമ്മുടെ ടീമിന്‍റെ ലീഡർമാരിൽ ഒരാൾ തന്നെയാണ് വില്യംസണ്‍, ഗാരി സ്റ്റെഡ് കൂട്ടിച്ചേർത്തു.