ട്രിനിഡാഡ് : ഇന്ത്യന്‍ ക്രിക്കറ്റിലെ പരിവര്‍ത്തനം മുമ്പത്തേക്കാള്‍ വേഗത്തില്‍ നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ക്യാപ്‌റ്റന്‍ രോഹിത് ശര്‍മ. ടീമിന്‍റെ ഭാഗമാവുന്ന യുവ താരങ്ങളുടെ മികച്ച പ്രകടനം അംഗീകരിച്ചുകൊണ്ട്, അവരുടെ റോളില്‍ വ്യക്തത നൽകാനുള്ള മുതിർന്ന കളിക്കാരുടെ ഉത്തരവാദിത്തം ഊന്നിപ്പറഞ്ഞുകൊണ്ടാണ് രോഹിത് ഇക്കാര്യം വ്യക്തമാക്കിയത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍റെ വാക്കുകള്‍.
"ഇന്നായാലും നാളെയായാലും പരിവർത്തനം സംഭവിക്കണം. ടീമിന്‍റെ ഭാഗമാവുന്ന യുവ താരങ്ങള്‍ മികച്ച പ്രകടനം നടത്തുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ടീമില്‍ അവരുടെ റോളില്‍ വ്യക്തത നൽകേണ്ടതിനാൽ ഞാന്‍ അടക്കമുള്ള സീനിയര്‍ താരങ്ങളുടെ പങ്ക് വളരെ പ്രധാനമാണ്.
ടീമിനായി എങ്ങനെ തയ്യാറെടുക്കുകയും പ്രകടനം നടത്തുകയും ചെയ്യണമെന്ന് ഇപ്പോൾ അവരുടെ തീരുമാനമാണ്. ഞങ്ങൾ അവരില്‍ വിശ്വാസം അര്‍പ്പിക്കുന്നു. വ്യക്തമായും അവരാണ് ഇന്ത്യൻ ക്രിക്കറ്റിന്‍റെ ഭാവി, അവർക്ക് ഇന്ത്യൻ ക്രിക്കറ്റിനെ കൂടുതൽ ഉയരങ്ങളിലേക്ക് കൊണ്ടുപോകാന്‍ കഴിയും" - രോഹിത് ശര്‍മ പറഞ്ഞു.
ഡൊമനിക്കയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ ഇന്നിങ്‌സിനും 141 റണ്‍സിനും വിജയിച്ചിരുന്നു. ഇതോടെ രണ്ടാം ടെസ്റ്റിലും വിജയിക്കാന്‍ കഴിഞ്ഞാല്‍ ഇന്ത്യയ്‌ക്ക് പരമ്പര ഏകപക്ഷീയമായി തൂത്തുവാരാം. ആദ്യ ടെസ്റ്റിൽ വിജയിച്ച ടീമില്‍ കാര്യമായ മാറ്റങ്ങള്‍ക്ക് സാധ്യതയില്ലെന്നും രോഹിത് സൂചിപ്പിച്ചു. എന്നാല്‍ രണ്ടാം ടെസ്റ്റ് നടക്കുന്ന ക്വീൻസ് പാർക്ക് ഓവലിലെ പ്രതികൂല കാലാവസ്ഥ കാരണം പിച്ചിന്‍റെ സ്വഭാവം നിർണയിക്കുന്നത് വെല്ലുവിളിയായെന്നും ഇന്ത്യന്‍ നായകന്‍ കൂട്ടിച്ചേര്‍ത്തു.
"ഡൊമിനിക്കയിൽ, പിച്ച് കാണുകയും സാഹചര്യങ്ങൾ അറിയുകയും ചെയ്തപ്പോൾ പ്ലെയിങ് ഇലവന്‍ എങ്ങനെയാവണമെന്നത് സംബന്ധിച്ച് ഞങ്ങൾക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു. ഇവിടെ മഴയെക്കുറിച്ചുള്ള സംസാരം ഉള്ളതിനാൽ അത്തരത്തില്‍ നേരത്തേതുപോലുള്ള ഒരു വ്യക്തതയിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടില്ല. എന്നാല്‍ പ്ലെയിങ് ഇലവനില്‍ കാര്യമായ മാറ്റങ്ങളുണ്ടാകുമെന്ന് ഞാൻ കരുതുന്നില്ല. പക്ഷേ, സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ തന്നെയാവും അവസാന തീരുമാനം" - രോഹിത് ശര്‍മ വ്യക്തമാക്കി.
വിന്‍ഡീസിനെതിരായ ചരിത്രപരമായ 100-ാം ടെസ്റ്റിനാണ് ഇന്ത്യ ഇറങ്ങുന്നത്. രണ്ടാം ടെസ്റ്റിനുള്ള സ്‌ക്വാഡിനെ കഴിഞ്ഞ ദിവസം വെസ്റ്റ് ഇന്‍ഡീസ് പ്രഖ്യാപിച്ചിരുന്നു. ഡൊമിനിക്കയിൽ ഇന്ത്യയോട് തോറ്റ ടീമിലെ ഭൂരിഭാഗം കളിക്കാരെയും ആതിഥേയര്‍ നിലനിര്‍ത്തി. ഓൾറൗണ്ടർ റെയ്‌മൺ റെയ്‌ഫറിനാണ് ടീമില്‍ നിന്നും പുറത്ത് പോവേണ്ടി വന്നത്. പകരം അണ്‍ ക്യാപ്‌ഡ് താരമായ ഓഫ് സ്പിന്നർ കെവിൻ സിൻക്ലെയറാണ് പ്രധാന സ്‌ക്വാഡിലെത്തിയത്.
ALSO READ: Rinku Singh | ധോണിയോ കോലിയോ രോഹിത്തോ അല്ല ; റിങ്കുവിന്‍റെ 'ഐപിഎല്‍ കിങ്' മറ്റൊരാള്‍
ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള വെസ്റ്റ് ഇൻഡീസ് ടീം : ക്രെയ്‌ഗ് ബ്രാത്ത്‌വൈറ്റ് (ക്യാപ്റ്റന്‍), ജെർമെയ്ൻ ബ്ലാക്ക്‌വുഡ് (വൈസ് ക്യാപ്റ്റന്‍), അലിക്ക് അത്നാസെ, ടാഗനറൈൻ ചന്ദർപോൾ, റഹ്‌കീം കോൺവാൾ, ജോഷ്വ ഡ സിൽവ, ഷാനൻ ഗബ്രിയേൽ, ജേസൺ ഹോൾഡർ, അൽസാരി ജോസഫ്, കിർക്ക് മക്കെൻസി, കെമർ റോച്ച്, കെവിൻ സിൻക്ലെയർ, ജോമെൽ വാരിക്കൻ.
ഇന്ത്യ ടെസ്റ്റ് സ്‌ക്വാഡ് : രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്‌മാന്‍ ഗിൽ, റിതുരാജ് ഗെയ്‌ക്‌വാദ്, വിരാട് കോലി, യശസ്വി ജയ്‌സ്വാൾ, അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), കെഎസ് ഭരത് (വിക്കറ്റ് കീപ്പര്‍), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പര്‍), ആർ അശ്വിൻ, രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, അക്‌സർ പട്ടേൽ മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ജയ്ദേവ് ഉനദ്‌ഘട്ട്, നവ്ദീപ് സൈനി.