പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ച് വെസ്റ്റ് ഇന്‍ഡീസ്. രണ്ട് പുതുമുഖ താരങ്ങള്‍ ഉള്‍പ്പടെ 13 അംഗ സ്ക്വാഡിനെയാണ് വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂലൈ 12നാണ് രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ പോരാട്ടം ആരംഭിക്കുന്നത്.
കിര്‍ക്ക് മക്കെന്‍സി (Kirk McKenzie), അലിക്ക് അത്നാസെ (Alick Athanaze) എന്നീ യുവതാരങ്ങളാണ് ഇന്ത്യയ്‌ക്കെതിരെ വിന്‍ഡീസ് സീനിയര്‍ ടീമില്‍ അരങ്ങേറ്റം നടത്തുക. അടുത്തിടെ ബംഗ്ലാദേശ് എ ടീമുമായി നടന്ന പരമ്പരയില്‍ ഇരു താരങ്ങളും മികച്ച പ്രകടനം നടത്തിയിരുന്നു. ഈ മികവാണ് ഇവര്‍ക്ക് സീനിയര്‍ ടീമിലേക്കുള്ള വാതില്‍ തുറന്ന് നല്‍കിയത്.
രണ്ട് വര്‍ഷത്തിന് ശേഷം റകീം കോൺവാളിനെയും (Rahkeem Cornwall) വിന്‍ഡീസ് ടീമിലേക്ക് തിരികെ വിളിച്ചു. പ്രധാന സ്‌പിന്നര്‍ ഗുഡകേഷ് മോട്ടി (Gudakesh Motie) പരിക്കേറ്റ് പുറത്തായ സാഹചര്യത്തിലാണ് കോൺവാളിന് വീണ്ടും അവസരം ലഭിച്ചത്. ഓള്‍ റൗണ്ടര്‍ ജേസണ്‍ ഹോള്‍ഡറും (Jason Holder) ടീമില്‍ ഇടം നേടി.
ഫാസ്റ്റ് ബോളര്‍ കീമര്‍ റോച്ചാണ് (Kemar Roach) ടീമിലെ മറ്റൊരു പ്രമുഖന്‍. ഓപ്പണിങ് ബാറ്റർ ക്രെയ്‌ഗ് ബ്രാത്‌വെയ്‌റ്റാണ് ടീം ക്യാപ്‌റ്റന്‍. രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടീമിനെ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നതാണ്.
ഏകദിന ലോകകപ്പ് യോഗ്യത നേടാന്‍ സാധിക്കാതെ വന്നതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2023-25 മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രവര്‍ത്തനം തങ്ങള്‍ നടത്തുമെന്ന് വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് ചീഫ് സെലക്‌ടര്‍ ഡെസ്‌മണ്ട് ഹെയ്ൻസ് (Desmond Haynes) അഭിപ്രായപ്പെട്ടിരുന്നു. ഏറെ വെല്ലുവിളി നിറഞ്ഞ ഒരു പരമ്പരയാണ് വരാനിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആദ്യ ടെസ്റ്റിനുള്ള വെസ്റ്റ് ഇന്‍ഡീസ് സ്‌ക്വാഡ്: ക്രെയ്‌ഗ് ബ്രാത്ത്‌വെയ്‌റ്റ് (ക്യാപ്‌റ്റന്‍), ജെർമെയ്ൻ ബ്ലാക്ക്‌വുഡ് (വൈസ് ക്യാപ്‌റ്റന്‍), അലിക്ക് അത്നാസെ, തഗെനരൈന്‍ ചന്ദര്‍പോള്‍, റകീം കോൺവാൾ, ജോഷ്വ ഡാ സിൽവ, ഷാനൻ ഗബ്രിയേൽ, ജേസൺ ഹോൾഡർ, അൽസാരി ജോസഫ്, കിർക്ക് മക്കൻസി, റെയ്‌മൺ റെയ്‌ഫർ, കീമർ റോച്ച്, ജോമൽ വാരിക്കൻ.
ഇന്ത്യന്‍ ടെസ്റ്റ് സ്ക്വാഡ്: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, റിതുരാജ് ഗെയ്‌ക്‌വാദ്, വിരാട് കോലി, യശസ്വി ജയ്‌സ്വാൾ, അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), കെഎസ് ഭരത് (വിക്കറ്റ് കീപ്പര്‍), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പര്‍), ആർ അശ്വിൻ, രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, അക്‌സർ പട്ടേൽ മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ജയ്ദേവ് ഉനദ്‌ഘട്ട്, നവ്ദീപ് സൈനി.
Also Read : ആരാധകരേ ശാന്തരാകുവിന്‍, അധികം വൈകാതെ റിങ്കുവും ഇന്ത്യന്‍ കുപ്പായമണിയും ; ടീമിന് പുതിയ മുഖം നല്‍കാന്‍ ബിസിസിഐ