പോര്‍ട്ട് ഓഫ് സ്‌പെയിന്‍ : വെസ്റ്റ് ഇന്‍ഡീസ് (West Indies) ഇന്ത്യ (India) ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്. മത്സരത്തിന്‍റെ അവസാന ദിവസമായ ഇന്ന് (ജൂലൈ 24) വിന്‍ഡീസിന്‍റെ എട്ട് വിക്കറ്റുകള്‍ വീഴ്‌ത്തിയാല്‍ ഇന്ത്യയ്‌ക്ക് ജയം സ്വന്തമാക്കാം. മറുവശത്ത് 289 റണ്‍സാണ് ആതിഥേയരായ വിന്‍ഡീസിന് ഇനി വേണ്ടത്.
നാലാം ദിനത്തില്‍ സ്റ്റമ്പെടുക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 76 റണ്‍സ് ആണ് വെസ്റ്റ് ഇന്‍ഡീസ് നേടിയിട്ടുള്ളത്. 24 റണ്‍സുമായി തഗെനരൈന്‍ ചന്ദര്‍പോളും (Tagenarine Chanderpaul) 20 റണ്‍സ് നേടിയ ജെര്‍മെയിന്‍ ബ്ലാക്ക്‌വുഡുമാണ് (Jermaine Blackwood) ക്രീസില്‍. നായകന്‍ ക്രെയ്‌ഗ് ബ്രാത്ത്‌വെയ്‌റ്റ് (28), ക്രിക്ക് മക്കന്‍സി എന്നിവരുടെ വിക്കറ്റുകളാണ് അവര്‍ക്ക് നഷ്‌ടമായത്.
ആദ്യ ഇന്നിങ്‌സില്‍ 183 റണ്‍സ് ലീഡ് സ്വന്തമാക്കിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ് കാഴ്‌ചവച്ചത്. നായകന്‍ രോഹിത് ശര്‍മയും (44 പന്തില്‍ 57) സ്ഥാനക്കയറ്റം കിട്ടിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷനും (34 പന്തില്‍ 52*) ഇന്ത്യയ്‌ക്കായി അര്‍ധസെഞ്ച്വറികള്‍ നേടി. രണ്ടാം ഇന്നിങ്‌സില്‍ 24 ഓവര്‍ മാത്രം ബാറ്റ് ചെയ്‌ത ഇന്ത്യ 181-2 എന്ന നിലയില്‍ നില്‍ക്കെ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.
ഇതോടെ 364 റണ്‍സിന്‍റെ ലീഡാണ് സന്ദര്‍ശകര്‍ സ്വന്തമാക്കിയത്. 365 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ വിന്‍ഡീസ് കരുതലോടെയാണ് ബാറ്റ് വീശിയത്. ഓപ്പണര്‍മാരായ തഗെനരൈന്‍ ചന്ദര്‍പോളും നായകന്‍ ക്രെയ്‌ഗ് ബ്രാത്ത്‌വെയ്‌റ്റും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 18 ഓവറില്‍ 38 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 52 പന്തില്‍ 28 റണ്‍സ് നേടിയ ബ്രാത്ത്‌വെയ്‌റ്റിനെ വീഴ്‌ത്തി രവിചന്ദ്രന്‍ അശ്വിനാണ് (Ravichandran Ashwin) ഇന്ത്യയ്‌ക്ക് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്.
പിന്നാലെയെത്തിയ ക്രിക്ക് മക്കന്‍സിക്ക് (Krik McKenzie) ക്രീസിലൊന്ന് നിലയുറപ്പിക്കാന്‍ പോലും സാധിച്ചില്ല. നാല് പന്ത് മാത്രം നേരിട്ട താരത്തെ അശ്വിന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. പിന്നാലെ ക്രീസിലൊന്നിച്ച തഗെനരൈന്‍ ചന്ദര്‍പോള്‍ - ജെര്‍മെയിന്‍ ബ്ലാക്ക്‌വുഡ് സഖ്യം വിക്കറ്റ് നഷ്‌ടപ്പെടുത്താതെ നാലാം ദിനത്തില്‍ പിടിച്ചുനിന്നു.
നേരത്തെ, നാലാം ദിനത്തില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 229 റണ്‍സ് എന്ന നിലയില്‍ ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് പുനരാരംഭിച്ച വെസ്റ്റ് ഇന്‍ഡീസിന് ആകെ 29 റണ്‍സ് മാത്രമാണ് സ്‌കോര്‍ബോര്‍ഡിലേക്ക് കൂട്ടിച്ചേര്‍ക്കാനായത്. പേസര്‍ മുഹമ്മദ് സിറാജിന്‍റെ പ്രകടനമായിരുന്നു വിന്‍ഡീസ് തകര്‍ച്ച വേഗത്തിലാക്കിയത്. മത്സരത്തില്‍ സിറാജ് അഞ്ച് വിക്കറ്റ് സ്വന്തമാക്കി.
പിന്നാലെ, രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യാന്‍ എത്തിയ ഇന്ത്യയ്‌ക്ക് രോഹിത് ശര്‍മയും യശസ്വി ജയ്‌സ്വാളും ചേര്‍ന്ന് മിന്നും തുടക്കം നല്‍കി. ആദ്യ വിക്കറ്റില്‍ 98 റണ്‍സാണ് പിറന്നത്. അര്‍ധസെഞ്ച്വറി പിന്നിട്ട രോഹിത്തിനെ 12-ാം ഓവറിലെ അഞ്ചാം പന്തില്‍ ഷാനോന്‍ ഗബ്രിയേലാണ് വീഴ്‌ത്തിയത്. പിന്നാലെ സ്‌കോര്‍ 102ല്‍ നില്‍ക്കെ ജയ്‌സ്വാളിനെയും (38) ഇന്ത്യയ്‌ക്ക് നഷ്‌ടമായി.
ഇടയ്‌ക്ക് മഴയെത്തിയെങ്കിലും റണ്‍വേട്ട നിര്‍ത്താന്‍ ഇന്ത്യ തയ്യാറായിരുന്നില്ല. നാലാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തിയ ഇഷാന്‍ കിഷനും അതിവേഗം റണ്‍സടിച്ചു. ഇഷാന്‍ ടെസ്റ്റ് കരിയറിലെ ആദ്യ അര്‍ധസെഞ്ച്വറി സ്വന്തമാക്കിയതിന് പിന്നാലെയാണ് നായകന്‍ രോഹിത് ശര്‍മ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്‌തത്. രണ്ടാം ഇന്നിങ്‌സില്‍ മൂന്നാമനായി ക്രീസിലെത്തിയ ശുഭ്‌മാന്‍ ഗില്‍ (29) ഭേദപ്പെട്ട പ്രകടനം നടത്തിയിരുന്നു.