മുംബൈ: ടി20 ഫോര്‍മാറ്റില്‍ ലോക ഒന്നാം നമ്പര്‍ ബാറ്ററാണെങ്കിലും ഏകദിന ക്രിക്കറ്റില്‍ തിളങ്ങാന്‍ ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവിന് കഴിഞ്ഞിട്ടില്ല. ഏറെ അവസരങ്ങള്‍ ലഭിച്ചപ്പോഴും നിരാശപ്പെടുത്തുന്ന പ്രകടനമാണ് സൂര്യയുടെ ഭാഗത്ത് നിന്നുമുണ്ടായത്. ഇതോടെ ഏകദിനത്തില്‍ മികച്ച റെക്കോഡുള്ള മലയാളി ബാറ്റര്‍ സഞ്‌ജു സാംസണെ ടീമില്‍ എത്തിക്കണമെന്ന് വിവിധ കോണുകളില്‍ നിന്നും ആവശ്യങ്ങള്‍ ഉയര്‍ന്നിരുന്നു.
എന്നാല്‍ സൂര്യയെ അകമഴിഞ്ഞ് പിന്തുണച്ച മാനേജ്‌മെന്‍റ് വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തിലും സഞ്‌ജുവിനെ തഴഞ്ഞ് സൂര്യകുമാര്‍ യാദവിനെ പ്ലേയിങ് ഇലവനില്‍ ഇറക്കി. പക്ഷെ, 25 പന്തുകളില്‍ 19 റണ്‍സ് മാത്രം നേടി വിക്കറ്റ് തുലച്ച താരം വീണ്ടും നിരാശപ്പെടുത്തി.
ഫോര്‍മാറ്റില്‍ മോശം പ്രകടനം തുടരുമ്പോഴും സൂര്യകുമാര്‍ യാദവിനെ ഇന്ത്യയുടെ ഏകദിന ലോകകപ്പ് ടീമിലേക്ക് പിന്തുണച്ചിരിക്കുകയാണ് മുന്‍ പേസര്‍ ആര്‍പി സിങ്. ശ്രേയസ് അയ്യര്‍ക്കൊപ്പം ഇന്ത്യയുടെ നാലാം നമ്പറിലേക്ക് പരിഗണിക്കാവുന്ന താരമാണ് സൂര്യകുമാര്‍ യാദവ് എന്നാണ് ആര്‍പി സിങ് പറയുന്നത്.
"സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍ക്കൊപ്പം നാലാം നമ്പറിലേക്ക് പരിഗണിക്കാവുന്ന മികച്ച ഒരു ഓപ്ഷനാണ്. സൂര്യയെ ഒരു ബാക്കപ്പ് ആയാണ് പരിഗണിക്കുന്നതെങ്കിലും മത്സര സമയം നല്‍കേണ്ടത് പ്രധാനമാണ്. ഇന്ത്യയുടെ മധ്യനിരയിലേക്ക് യോജിച്ച താരം തന്നെയാണ് അവന്‍.
ഏകദിന ക്രിക്കറ്റിൽ സൂര്യയ്‌ക്ക് ഇതുവരെ വ്യക്തിമുദ്ര പതിപ്പിച്ചിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നത് സത്യം തന്നെ. പക്ഷേ ബാറ്റ് ചെയ്യുന്ന രീതിയും അതിനുള്ള അവന്‍റെ കഴിവും ചൂണ്ടിക്കാട്ടുന്നത് ടീമിന്‍റെ നാലോ, അഞ്ചോ നമ്പറിൽ ഒരു മികച്ച ഓപ്ഷനായിരിക്കും സൂര്യയെന്ന് തന്നെയാണ്"- ആര്‍പി സിങ് പറഞ്ഞു.
തന്‍റെ ഗെയിം പ്ലാനില്‍ മാറ്റം വരുത്താന്‍ സൂര്യകുമാര്‍ യാദവിന് സമയം ആവശ്യമുണ്ടെന്നും ആര്‍പി സിങ് വ്യക്തമാക്കി. "പ്രധാന ടൂര്‍ണമെന്‍റുകളില്‍ എപ്പോഴും മികച്ച ബാക്കപ്പ് ഓപ്ഷനുകൾ ഉണ്ടാവേണ്ടതുണ്ട്. ടി20 ക്രിക്കറ്റിലെ സൂര്യയുടെ നിലവിലെ ഫോം വളരെ മികച്ചതാണ്, ഏകദിന ഫോർമാറ്റ് അതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ്. കാരണം നിങ്ങൾക്ക് കൂടുതൽ പന്തുകൾ നേരിടേണ്ടി വരും.
അത് കൊണ്ട് തന്നെ അവന് തന്‍റെ ഗെയിം പ്ലാനില്‍ കുറച്ച് മാറ്റങ്ങളും വേണ്ടിവരും. ഏറെ പരിചയസമ്പന്നനായ കളിക്കാരനാണ് സൂര്യ. ഒന്ന് ക്ലിക്ക് ആവുന്നത് വരെയാണ് ഇതെല്ലാം. ഒരു വലിയ സ്കോർ നേടുന്നതിന് അവന് എത്ര മത്സരങ്ങള്‍ വേണ്ടിവരുമെന്ന് പറയാനാവില്ല. പക്ഷെ, അത് ഒരിക്കല്‍ സംഭവിച്ചാൽ, പിന്നീട് ഇത്തരം പ്രശ്നങ്ങളൊന്നും നേരിടേണ്ടിവരില്ല" - ആര്‍പി സിങ് കൂട്ടിച്ചേര്‍ത്തു.
നാലാം നമ്പറിലേക്ക് ഇന്ത്യയ്ക്ക് അത്രയധികം ഓപ്‌ഷനുകളില്ലെന്നും അതിനാല്‍ തന്നെ സൂര്യയെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും ആര്‍പി സിങ് പറഞ്ഞുനിര്‍ത്തി. ഇതേവരെ 24 ഇന്നിങ്‌സുകള്‍ കളിച്ച സൂര്യകുമാര്‍ യാദവിന് 23.78 മാത്രമാണ് ബാറ്റിങ് ശരാശരി. മറുവശത്ത് 11 ഇന്നിങ്‌സുകളില്‍ നിന്നും 66 ആണ് സഞ്‌ജുവിന് ബാറ്റിങ് ശരാശരിയുള്ളത്.
ALSO READ: Ishan kishan| ഇഷാന്‍റെ ആ.. അര്‍ധ സെഞ്ചുറിക്ക് ഒരു അര്‍ഥവുമില്ല; തുറന്നടിച്ച് ആകാശ് ചോപ്ര