പോര്‍ട്ട് ഓഫ് സ്പെയിന്‍: ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന്‍റെ ആദ്യ ദിനത്തില്‍ വിരാട് കോലിയുടെ കളി കാണാന്‍ തന്‍റെ അമ്മ വരുന്നുണ്ടെന്ന് വെസ്റ്റ് ഇന്‍ഡീസ് വിക്കറ്റ് കീപ്പര്‍ ജോഷ്വ ഡി സിൽവ പറയുന്നത് സ്‌റ്റംപ് മൈക്ക് പിടിച്ചെടുത്തിരുന്നു. അമ്മയുടെ വാക്കുകള്‍ തനിക്ക് വിശ്വസിക്കാനായില്ലെന്നും കരിയറിലെ 500-ാം അന്താരാഷ്‌ട്ര മത്സരത്തില്‍ കോലി സെഞ്ചുറി നേടണമെന്നും കളിക്കളത്തില്‍ എതിരെ നില്‍ക്കുന്ന ജോഷ്വ ഡി സിൽവ പറയുന്നത് ആരാധകരെ അത്ഭുതപ്പെടുത്തുകയും ചെയ്‌തിരുന്നു. മത്സരത്തിന്‍റെ രണ്ടാം ദിനത്തില്‍ സെഞ്ചുറിയോടെയാണ് വിരാട് കോലി തന്‍റെ ഇന്നിങ്‌സ് അവസാനിപ്പിച്ചത്.
- " class="align-text-top noRightClick twitterSection" data="">
ഇതോടെ 500-ാം അന്താരാഷ്‌ട്ര മത്സരത്തില്‍ സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന അപൂര്‍വ റെക്കോഡും 35-കാരനായ കോലി സ്വന്തമാക്കുകയും ചെയ്‌തു. സ്റ്റേഡിയത്തില്‍ കോലിയുടെ സെഞ്ചുറി പ്രകടനത്തിന് സാക്ഷ്യം വഹിച്ചതിന് ശേഷം, രണ്ടാം ദിന മത്സരം കഴിഞ്ഞ് താരങ്ങള്‍ മടങ്ങുന്ന സമയത്ത് കോലിയെ കാണുന്നതിനായി സ്റ്റേഡിയത്തിന് പുറത്ത് കരീബിയന്‍ വിക്കറ്റ് കീപ്പറുടെ അമ്മ കാത്ത് നിന്നിരുന്നു. ടീം ബസിലേക്ക് കയറാന്‍ എത്തിയ വിരാട് കോലിയുടെ അരികിലേക്ക് ഓടിയെത്തി കെട്ടിപ്പിടിച്ചുകൊണ്ടായിരുന്നു സീനിയർ ഡി സിൽവ സന്തോഷം പ്രകടിപ്പിച്ചത്.
പിന്നെ വളരെ വികാരാധീനയായി പൊട്ടിക്കരയുന്ന സീനിയർ ഡി സിൽവയുടെ കാഴ്‌ച ഏതൊരു കായിക പ്രേമിയുടേയും ഹൃദയത്തില്‍ തൊടുന്നതാണ്. ഇതിന്‍റെ ദൃശ്യങ്ങള്‍ വൈറലാണ്. കോലിയെ കാണാനാണ് താന്‍ വന്നതെന്നും ഇതാദ്യമായാണ് താരത്തെ കാണുന്നതെന്നും സീനിയര്‍ ഡി സിൽവ പിന്നീട് പ്രതികരിച്ചു.
കോലി അത്ഭുതകരവും അനുഗ്രഹീതനുമായ മനുഷ്യനാണ്. ഏറെ കഴിവുള്ളയാളാണ് അദ്ദേഹം. സമകാലീന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റര്‍മാരിലൊരാളാണ് കോലി. തന്‍റെ മകന് അദ്ദേഹത്തോടൊപ്പം കളിക്കാന്‍ കഴിഞ്ഞത് തനിക്ക് ലഭിച്ച ബഹുമതിയായി കരുതുന്നു. തന്‍റെ മകനും കോലിയുടെ പാത പിന്തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും അവര്‍ പറഞ്ഞു. കോലിക്കൊപ്പം ചിത്രങ്ങളുമെടുത്താണ് പോര്‍ച്ചുഗീസുകാരിയായ സീനിയര്‍ സില്‍വ മടങ്ങിയത്. ട്രിനിഡാഡ് സ്വദേശിയാണ് ജോഷ്വാ ഡി സില്‍വയുടെ അച്ഛന്‍.
മത്സരത്തില്‍ 180 പന്തിൽ നിന്നാണ് 35-കാരനായ കോലി മൂന്നക്കം കടന്നത്. 206 പന്തുകളില്‍ 11 ഫോറുകൾ ഉൾപ്പെടെ 121 റണ്‍സ് നേടിയ താരം നിര്‍ഭാഗ്യകരമായി റണ്‍ ഔട്ട് ആയാണ് മടങ്ങിയത്. അന്താരാഷ്‌ട്ര കരിയറിൽ കോലിയുടെ 76-ാം സെഞ്ചുറിയാണിത്.
ഇതിനപ്പുറം അഞ്ച് വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിദേശ മണ്ണില്‍ വീണ്ടുമൊരു സെഞ്ചുറി കണ്ടെത്തുന്നത്. നേരത്തെ 2018 ഡിസംബറിന് ഓസ്‌ട്രേലിയയ്‌ക്ക് എതിരെ പെര്‍ത്തിലായിരുന്നു വിദേശത്ത് കോലിയുടെ അവസാന ടെസ്റ്റ് സെഞ്ചുറി പിറന്നത്. അതേസമയം ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 438 റണ്‍സിന് മറുപടിക്കിറങ്ങിയ വിന്‍ഡീസ് ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 86 റണ്‍സെടുക്കെയാണ് രണ്ടാം ദിന മത്സരം അവസാനിപ്പിച്ചത്.