പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ടെസ്റ്റ് ക്രിക്കറ്റിന്‍റെ സാമ്പ്രദായിക രീതിയില്‍ നിന്നും വിട്ടുമാറി ഇംഗ്ലണ്ട് അവതരിപ്പിച്ച ആക്രമാണത്മക ശൈലിയുടെ വിളിപ്പേരാണ് 'ബാസ്‌ബോള്‍'. എന്നാല്‍ ഇതിനെ കടത്തിവെട്ടുന്ന രീതിയിലായിരുന്നു വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിന്‍റെ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ ബാറ്റ് ചെയ്‌തത്. ഇംഗ്ലണ്ടിന്‍റെ പുസ്തകത്തിൽ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് കളിക്കാന്‍ ഇറങ്ങിയ ഇന്ത്യ വെറും 24 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 181 റണ്‍സായിരുന്നു അടിച്ച് കൂട്ടിയത്.
ഇതിന് ശേഷം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുമ്പോള്‍ 7.54 ആയിരുന്നു ഇന്ത്യയുടെ നെറ്റ് റണ്‍ റേറ്റ്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഒരു ഇന്നിങ്‌സിലെ നെറ്റ് റണ്‍റേറ്റ് എടുത്താല്‍ സര്‍വകാല റെക്കോഡാണിത്. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയും കോച്ച് രാഹുൽ ദ്രാവിഡും ചേര്‍ന്ന സമ്മാനിച്ച ഈ ബാറ്റിങ് ശൈലിയെ എന്തുപേരിട്ടുവിളിക്കണമെന്നാണ് നിലവില്‍ ആരാധകര്‍ക്കിടയില്‍ സംസാരം.
വിന്‍ഡീസിനെതിരായ ഇന്ത്യയുടെ കടന്നാക്രമണത്തോടെ 2017-ല്‍ പാകിസ്ഥാനെതിരെ ഓസ്‌ട്രേലിയ സ്ഥാപിച്ച റെക്കോഡാണ് പഴങ്കഥയായത്. അന്ന് 32 ഓവറുകളില്‍ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 241 റണ്‍സടിച്ച് ഇന്നിങ്‌സ് അവസാനിപ്പിക്കുമ്പോള്‍ 7.53 ആയിരുന്നു ഓസ്‌ട്രേലിയയുടെ നെറ്റ് റണ്‍റേറ്റ്. ടെസ്റ്റിന്‍റെ ഒരു ഒന്നിങ്‌സില്‍ ഏഴിന് മുകളില്‍ നെറ്റ് റണ്‍റേറ്റുള്ള മറ്റൊടീം 'ബാസ്‌ബോള്‍' വക്താക്കളായ ഇംഗ്ലണ്ട് മാത്രമാണ്. 7.36 റണ്‍ റേറ്റ് നേടിയാണ് ഇംഗ്ലണ്ട് പട്ടികയില്‍ ഇടം നേടിയത്.
ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍ എന്നിവരുടെ തകര്‍പ്പന്‍ അര്‍ധ സെഞ്ചുറിയാണ് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയ്‌ക്ക് മുതല്‍ക്കൂട്ടായത്. 44 പന്തുകളില്‍ അഞ്ച് ഫോറുകളും മൂന്ന് സിക്‌സും സഹിതം 57 റണ്‍സായിരുന്നു രോഹിത് നേടിയത്. 35 പന്തുകളില്‍ നിന്നായിരുന്നു രോഹിത് അര്‍ധ സെഞ്ചുറി തികച്ചത്. ടെസ്റ്റില്‍ താരത്തിന്‍റെ ഏറ്റവും വേഗത്തിലുള്ള അര്‍ധ സെഞ്ചുറി കൂടിയാണിത്. 2021-ല്‍ ഇംഗ്ലണ്ടിനെതിരെ ചെപ്പോക്കില്‍ 47 പന്തുകളില്‍ അന്‍പത് നേടിയതായിരുന്നു ഇതിന് മുന്നത്തെ റെക്കോഡ്.
പുറത്താവാതെ 34 പന്തുകളില്‍ നാല് ഫോറുകളും രണ്ട് സിക്‌സും സഹിതം 52 റണ്‍സാണ് ഇഷാന്‍ കിഷന്‍ അടിച്ചെടുത്തത്. ടെസ്റ്റില്‍ താരത്തിന്‍റെ കന്നി അര്‍ധ സെഞ്ചുറിയാണിത്. 30 പന്തുകളില്‍ 38 റണ്‍സെടുത്ത യശസ്വി ജയ്‌സ്വാളാണ് പുറത്തായ മറ്റൊരു താരം. 37 പന്തില്‍ 29 റണ്‍സുമായി ശുഭ്‌മാന്‍ ഗില്‍ പുറത്താവാതെ നിന്നു.
അതേസമയം മത്സരത്തില്‍ തികഞ്ഞ വിജയ പ്രതീക്ഷയിലാണ് സന്ദര്‍ശകര്‍. സന്ദര്‍ശകര്‍ ഉയര്‍ത്തിയ 366 റണ്‍സിന്‍റെ വിജയ ലക്ഷ്യം പിന്തുടരുന്ന വെസ്റ്റ് ഇന്‍ഡീസ് നാലാം ദിനത്തില്‍ സ്റ്റമ്പെടുക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 76 റണ്‍സെന്ന നിലയിലാണ്. ഇതോടെ മത്സരത്തിന്‍റെ അവസാന ദിവസമായ ഇന്ന് (ജൂലൈ 24) വിന്‍ഡീസിന്‍റെ ശേഷിക്കുന്ന എട്ട് വിക്കറ്റുകള്‍ കൂടെ വീഴ്‌ത്തിയാല്‍ സന്ദര്‍ശകര്‍ക്ക് പരമ്പര തൂത്തുവാരാം.
മറുവശത്ത് കളി പിടിക്കാന്‍ വെസ്റ്റ് ഇന്‍ഡീസിന് 289 റണ്‍സാണ് വേണ്ടത്. 24 റണ്‍സുമായി തഗെനരൈന്‍ ചന്ദര്‍പോളും 20 റണ്‍സ് നേടിയ ജെര്‍മെയിന്‍ ബ്ലാക്ക്‌വുഡുമാണ് ഇന്നലെ പുറത്താവാതെ നല്‍ക്കുന്നത്. നായകന്‍ ക്രെയ്‌ഗ് ബ്രാത്ത്‌വെയ്‌റ്റ് (28), ക്രിക്ക് മക്കന്‍സി എന്നിവരുടെ വിക്കറ്റുകളായിരുന്നു സന്ദര്‍ശകര്‍ക്ക് കഴിഞ്ഞ ദിവസം നഷ്‌ടമായത്. ആര്‍ ആശ്വിനാണ് വിക്കറ്റ്.