മുംബൈ: ക്രിക്കറ്റിനെ ചുറ്റിപ്പറ്റി മാത്രമുള്ള തന്‍റെ ജീവിതം ഒരു സന്യാസിയെപ്പോലെയാണ് ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി നയിക്കുന്നെതന്ന് മുന്‍ താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര. ക്രിക്കറ്റിനോടുള്ള വിരാട് കോലിയുടെ അർപ്പണബോധം ഏറെ വ്യക്തമാണ്. അതാണ് താരത്തെ ഇന്നത്തെ നിലയില്‍ എത്തിച്ചതെന്നും ആകാശ് ചോപ്ര.
വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റിലൂടെ കരിയറില്‍ 500 അന്താരാഷ്‌ട്ര മത്സരങ്ങള്‍ എന്ന നേട്ടം വിരാട് കോലി സ്വന്തമാക്കാന്‍ ഇരിക്കെയാണ് ആകാശ് ചോപ്രയുടെ വാക്കുകള്‍. "ക്രിക്കറ്റിനോടുള്ള വിരാട് കോലിയുടെ അർപ്പണബോധം വളരെ വ്യക്തമാണ്, യഥാർത്ഥത്തിൽ അതാണ് അദ്ദേഹത്തെ നിർവചിക്കുന്നത്. ക്രിക്കറ്റിനെ കുറിച്ച് മാത്രമുള്ള തന്‍റെ ജീവിതം ഒരു സന്യാസിയെപ്പോലെയാണ് അദ്ദേഹം നയിച്ചത്.
അതിനാലാണ് വിരാട് കോലിക്ക് ഇന്നത്തെ നിലയില്‍ എത്താന്‍ കഴിഞ്ഞത്. ഏറെ മനോഹരമായ ഗെയിമിന്‍റെ ഇപ്പോഴത്തെ ബ്രാൻഡ് അംബാസഡറാണ് അദ്ദേഹം. ക്രിക്കറ്റിനും ഇന്ത്യന്‍ ക്രിക്കറ്റിനും വേണ്ടി കോലി ചെയ്‌തതിന് നമ്മളെല്ലാവരും അദ്ദേഹത്തോട് നന്ദിയുള്ളവരാണ്" ആകാശ് ചോപ്ര പറഞ്ഞു.
ഇന്ത്യയുടെ റണ്‍മെഷിനെന്ന് വിശേഷണമുള്ള വിരാട് കോലി ഇതിനകം തന്നെ ടീമിന്‍റെ നിവരവധി ഐതിഹാസിക വിജയങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിട്ടുണ്ട്. ഇന്ത്യയുടെ നായകനെന്ന നിലയിലും മികച്ച പ്രകടനം നടത്തിയ താരം ടെസ്റ്റ് ടീമിന് പുതുവഴി കാട്ടുകയും ചെയ്‌തിരുന്നു. ഇതുവരെ ഒമ്പത് താരങ്ങളാണ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ 500 മത്സരങ്ങള്‍ എന്ന നാഴികകല്ല് പിന്നിട്ടിട്ടുള്ളത്. എന്നാല്‍ അന്താരാഷ്‌ട്ര തലത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ ആറാമതാണ് നിലവില്‍ വിരാട് കോലി. സെഞ്ചുറികളുടെ കാര്യമെടുത്താന്‍ ഇതിഹാസ താരം സച്ചിന്‍ ടെൻഡുല്‍ക്കർ മാത്രമണ് ഇനി 35-കാരന് മുന്നിലുള്ളത്.
അതേസമയം നാളെ ക്യൂന്‍സ് പാര്‍ക്കിലാണ് ഇന്ത്യ -വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ടെസ്റ്റ് നടക്കുക. വിഡ്‌സര്‍പാര്‍ക്കില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ ഇന്നിങ്‌സിനും 141 റണ്‍സിനും വിജയിച്ചിരുന്നു. ഇതോടെ ക്യൂന്‍സ് പാര്‍ക്കിലും വിജയിക്കാന്‍ കഴിഞ്ഞാല്‍ ഇന്ത്യയ്‌ക്ക് പരമ്പര സ്വന്തമാക്കാം. ആദ്യ മത്സരം വിജയിച്ച പ്ലേയിങ് ഇലവനില്‍ കാര്യമായ മാറ്റത്തിന് സാധ്യതയില്ലെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ നേരത്തെ സൂചിപ്പിച്ചിരുന്നു.
ഇന്ത്യ ടെസ്റ്റ് സ്‌ക്വാഡ് : രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്‌മാന്‍ ഗിൽ, റിതുരാജ് ഗെയ്‌ക്‌വാദ്, വിരാട് കോലി, യശസ്വി ജയ്‌സ്വാൾ, അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), കെഎസ് ഭരത് (വിക്കറ്റ് കീപ്പര്‍), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പര്‍), ആർ അശ്വിൻ, രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, അക്‌സർ പട്ടേൽ മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ജയ്ദേവ് ഉനദ്‌ഘട്ട്, നവ്ദീപ് സൈനി.
രണ്ടാം ടെസ്റ്റിനുള്ള വെസ്റ്റ് ഇൻഡീസ് ടീം : ക്രെയ്‌ഗ് ബ്രാത്ത്‌വൈറ്റ് (ക്യാപ്റ്റന്‍), ജെർമെയ്ൻ ബ്ലാക്ക്‌വുഡ് (വൈസ് ക്യാപ്റ്റന്‍), അലിക്ക് അത്നാസെ, ടാഗനറൈൻ ചന്ദർപോൾ, റഹ്‌കീം കോൺവാൾ, ജോഷ്വ ഡ സിൽവ, ഷാനൻ ഗബ്രിയേൽ, ജേസൺ ഹോൾഡർ, അൽസാരി ജോസഫ്, കിർക്ക് മക്കെൻസി, കെമർ റോച്ച്, കെവിൻ സിൻക്ലെയർ, ജോമെൽ വാരിക്കൻ.