ഗയാന: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും തോല്‍വി വഴങ്ങിയ ഇന്ത്യന്‍ ടീമിനെതിരെ കടുത്ത വിമര്‍ശനമാണ് വിവിധ കോണുകളില്‍ നിന്നും ഉയരുന്നത്. സീനിയര്‍ താരങ്ങളെ മാറ്റി നിര്‍ത്തിയപ്പോള്‍ ലഭിച്ച അവസരം ഹാര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തില്‍ ഇറങ്ങുന്ന യുവതാരങ്ങള്‍ക്ക് മുതലാക്കാന്‍ കഴിയുന്നില്ലെന്നാണ് വിമര്‍ശനം.
ട്രിനിഡാഡിലെ ആദ്യ ടി20യില്‍ നാല് റണ്‍സിന് തോറ്റ സന്ദര്‍ശകര്‍ ഗയാനയിലെ രണ്ടാം മത്സരത്തില്‍ രണ്ട് വിക്കറ്റുകള്‍ക്കാണ് കീഴടങ്ങിയത്. ബാറ്റിങ് നിരയില്‍ യുവതാരം തിലക് വര്‍മ ഒഴികെയുള്ള മറ്റ് താരങ്ങളെല്ലാം നിറം മങ്ങുന്ന കാഴ്‌ചയാണ് വിന്‍ഡീസിനെതിരായ കഴിഞ്ഞ മത്സരങ്ങളില്‍ കാണാന്‍ കഴിഞ്ഞത്. ഇതോടെ മൂന്നാം ടി20യില്‍ ഇതിലൊരു മാറ്റമുണ്ടാവുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
നാളെ ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തിലാണ് മൂന്നാം ടി20 നടക്കുന്നത്. ഇന്ത്യന്‍ സമയം രാത്രി എട്ടിനാണ് മത്സരം തുടങ്ങുക. മത്സരത്തില്‍ തോല്‍വി വഴങ്ങിയാല്‍ പരമ്പര നേടാനാവാതെ സന്ദര്‍ശകര്‍ മടങ്ങേണ്ടിവരും. ഇതോടെ ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ മാറ്റം ഉറപ്പാണ്.
ALSO READ: Sanju Samson|'സഞ്ജുവിന് അവസരങ്ങളുണ്ട്, മുതലാക്കുന്നില്ലെന്ന്' മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ
മിന്നും ഫോമിലുള്ള യശസ്വി ജയ്‌സ്വാളിന് അരങ്ങേറ്റത്തിന് അവസരം ലഭിച്ചേക്കും. ഇഷാന്‍ കിഷനോ സഞ്‌ജു സാംസണോ ടീമില്‍ നിന്നും പുറത്താവാനാണ് കൂടുതല്‍ സാധ്യത. ഇഷാനാണ് പുറത്താവുന്നതെങ്കില്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായാവും സഞ്‌ജു പ്ലേയിങ് ഇലവനില്‍ എത്തുക. എന്നാല്‍ ശുഭ്‌മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് എന്നിവരില്‍ ഒരാള്‍ക്ക് വിശ്രമം അനുവദിക്കാന്‍ മാനേജ്‌മെന്‍റ് ചിന്തിക്കില്ലെന്ന് പറയാനുമാവില്ല.
ബോളിങ് യൂണിറ്റില്‍ അഴിച്ചുപണിക്ക് സാധ്യതയുണ്ട്. പരിക്ക് മാറിയാല്‍ കുല്‍ദീപ് യാദവ് പ്ലേയിങ് ഇലവനിലേക്ക് തിരികെയെത്തും. ഇതോടെ രവി ബിഷ്‌ണോയ്‌ക്ക് സ്ഥാനം നഷ്‌ടമാവും. ടെസ്റ്റ്, ഏകദിന പരമ്പരകള്‍ കളിച്ച മുകേഷ് കുമാറിന് വിശ്രമം നല്‍കുകയാണെങ്കില്‍ ആവേശ് ഖാന്‍, ഉമ്രാന്‍ മാലിക് എന്നിവരിലൊരാളെ ടീമില്‍ കണ്ടേക്കാം.
ഇന്ത്യന്‍ സ്‌ക്വാഡ് : ശുഭ്‌മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), യശസ്വി ജയ്‌സ്വാള്‍, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്‌റ്റന്‍), തിലക് വര്‍മ, അക്‌സര്‍ പട്ടേല്‍, അര്‍ഷ്‌ദീപ് സിങ്, ആവേശ് ഖാന്‍, കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍, രവി ബിഷ്‌ണോയ്, ഉമ്രാന്‍ മാലിക്ക്, യുസ്‌വേന്ദ്ര ചഹല്‍.
വെസ്റ്റ് ഇന്‍ഡീസ് സ്‌ക്വാഡ് : ബ്രാന്‍ഡന്‍ കിങ്, ജോണ്‍സണ്‍ ചാള്‍സ്, റോവ്‌മാന്‍ പവല്‍ (ക്യാപ്‌റ്റന്‍), ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍, കെയ്‌ല്‍ മെയേഴ്‌സ്, നിക്കോളസ് പുരാന്‍, ഷായ് ഹോപ്, ജേസണ്‍ ഹോള്‍ഡര്‍, ഒഡെയ്ന്‍ സ്‌മിത്ത്, റൊമാരിയോ ഷെഫേര്‍ഡ്, റോസ്റ്റേന്‍ ചേസ്, അകീല്‍ ഹൊസെന്‍, ഒബെഡ് മക്കോയ്, ഒഷെയ്‌ന്‍ തോമസ്, അല്‍സാരി ജോസഫ്.