മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ സ്ക്വാഡില്‍ നിന്നും പരിക്കേറ്റ് പുറത്തായ കെഎല്‍ രാഹുലിന്‍റെ പകരക്കാരനെ കഴിഞ്ഞ ദിവസമാണ് ബിസിസിഐ പ്രഖ്യാപിച്ചത്. രാഹുലിന്‍റെ അഭാവത്തില്‍ ഇഷാന്‍ കിഷനാണ് ടീമിലേക്ക് പരിഗണിക്കപ്പെട്ടത്. ബാക്ക് അപ്പ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്ന റോളിലാണ് ഇഷാനെ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പ്രഖ്യാപനം വന്നതിന് പിന്നാലെ ടീം സെലക്ഷനെതിരെ വ്യാപക വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഇഷാന്‍ കിഷനെ ടീമിലേക്ക് പരിഗണിച്ചത് വൃദ്ധിമാന്‍ സാഹ, സര്‍ഫറാസ് ഖാന്‍ എന്നിവര്‍ക്കെതിരെയുള്ള അനീതി ആണെന്നായിരുന്നു പൊതുവെ ഉയര്‍ന്ന വിമര്‍ശനം. എന്നാല്‍ ഇപ്പോള്‍ ഇതില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ ടീം സെലക്ഷന്‍ കമ്മിറ്റി.
'ടീം സെലക്ഷനില്‍ തുടര്‍ച്ച ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ഇഷാന്‍ കിഷനെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ബാക്ക് അപ്പ് വിക്കറ്റ് കീപ്പര്‍ ബാറ്ററായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓസ്‌ട്രേലിയക്കെതിരെ നടന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലും കെഎസ് ഭരതിന്‍റെ ബാക്ക് അപ്പായി ഇഷാന്‍ കിഷനായിരുന്നു ടീമില്‍ ഇടം പിടിച്ചത്. എന്നാല്‍ അന്ന് കിഷന് ഇന്ത്യക്കായി കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് കിഷനെ തന്നെ വീണ്ടും ടീമിലേക്ക് പരിഗണിച്ചിരിക്കുന്നത്' എന്ന് സെലക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍ അറിയിച്ചു.
ടീം സെലക്ഷന്‍ സമയത്ത് സാഹയുടെ പേര് തങ്ങളുടെ പരിഗണനയ്‌ക്ക് എത്തിയിരുന്നില്ലെന്നും സെലക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍ പറഞ്ഞിരുന്നെന്ന് വാര്‍ത്ത ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്‌തു. ഇന്ത്യക്കായി 2021ല്‍ ആയിരുന്നു വൃദ്ധിമാന്‍ സാഹ അവസാനമായി കളിച്ചത്. റിഷഭ് പന്ത് ടീമില്‍ സ്ഥിരസാന്നിധ്യമായതിന് പിന്നാലെ രണ്ടാം വിക്കറ്റ് കീപ്പറായിരുന്ന സാഹയെ വാര്‍ഷിക കരാറില്‍ നിന്നും ബിസിസിഐ ഒഴിവാക്കി.
ഇതിന് പിന്നാലെ തനിക്ക് ഇനി ഇന്ത്യന്‍ ടീമിലേക്ക് വരുന്നതിനുള്ള വാതിലുകള്‍ അടഞ്ഞെന്നും ഇനി, ടീമിലേക്ക് തിരിച്ചുവരവിന് സാധ്യത ഉണ്ടാകില്ലെന്നും സാഹ അഭിപ്രായപ്പെട്ടിരുന്നു. 37 കാരനായ സാഹ ഐപിഎല്ലില്‍ മിന്നും പ്രകടനം കാഴ്‌ചവയ്‌ക്കുന്നതിനിടെയായിരുന്നു ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും കെഎല്‍ രാഹുല്‍ പുറത്തായത്. ഈ സാഹചര്യത്തില്‍ സാഹയെ ടീമിലെടുക്കണമെന്ന ആവശ്യവുമായി ആരാധകരും രംഗത്തെത്തിയിരുന്നു.
എന്നാല്‍ താരത്തിന്‍റെ പേര് പരിഗണിക്കാന്‍ പോലും സെലക്ഷന്‍ കമ്മിറ്റി തയ്യാറായിരുന്നില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കൂടാതെ ജിതേഷ് ശര്‍മ, സര്‍ഫറാസ് ഖാന്‍ എന്നിവരെയും പരിഗണിക്കാന്‍ സെലക്ഷന്‍ കമ്മിറ്റി തയ്യാറായിരുന്നില്ല.
ഇന്ത്യന്‍ സ്ക്വാഡ്: രോഹിത് ശര്‍മ (ക്യാപ്‌റ്റന്‍), ശുഭ്‌മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, കെഎസ് ഭരത് (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ശര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയ്‌ദേവ് ഉനദ്‌ഘട്ട്, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍)
സ്റ്റാന്‍ഡ്‌ബൈ താരങ്ങള്‍ : സൂര്യകുമാര്‍ യാദവ്, റിതുരാജ് ഗെയ്‌ക്‌വാദ്, മുകേഷ് കുമാര്‍
Also Read : ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ : കെഎൽ രാഹുലിന് പകരം വിക്കറ്റ് കീപ്പർ ബാറ്ററായി ഇഷാൻ കിഷൻ