മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന, ടി20 ടീമിലേക്ക് മലയാളി ബാറ്റര്‍ സഞ്‌ജു സാംസണ്‍ തെരഞ്ഞെടുക്കപ്പെട്ടത് ആരാധകര്‍ ശരിക്കും ആഘോഷമാക്കിയിരുന്നു. തുടര്‍ച്ചയായ അവഗണനകള്‍ക്ക് ഒടുവില്‍ സഞ്‌ജുവിന് അര്‍ഹിക്കുന്ന അവസരം ലഭിച്ചതായിരുന്നു ഇതിന് കാരണം. ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ അര്‍ധ സെഞ്ചുറിയുമായി സഞ്‌ജു ആരാധകരുടെ പ്രതീക്ഷ കാത്തിരുന്നു.
പക്ഷെ, ടി20 പരമ്പരയില്‍ കളിച്ച രണ്ട് മത്സരങ്ങളിലും സഞ്‌ജു സാംസണ്‍ (Sanju Samson) തീര്‍ത്തും നിരാശപ്പെടുത്തി. ട്രിനിഡാഡിലെ ബ്രയാന്‍ ലാറ സ്റ്റേഡിയത്തില്‍ നടന്ന ആദ്യ ടി20-യില്‍ 12 പന്തുകളില്‍ 12 റണ്‍സ് മാത്രമാണ് 28-കാരനായ സഞ്‌ജുവിന് നേടാന്‍ കഴിഞ്ഞത്. മത്സരത്തില്‍ ആറാം നമ്പറില്‍ ക്രീസിലെത്തിയ സഞ്‌ജു റണ്ണൗട്ടാവുകയായിരുന്നു.
എന്നാല്‍ രണ്ടാം ടി20യില്‍ ബാറ്റിങ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം ലഭിച്ചെത്തിയ താരം വിക്കറ്റ് തുലയ്‌ക്കുന്ന കാഴ്‌ചയാണ് കാണാന്‍ കഴിഞ്ഞത്. വിന്‍ഡീസ് സ്‌പിന്നര്‍ അക്കീല്‍ ഹൊസൈനെ ആക്രമിക്കാന്‍ ക്രീസ് വിട്ടിറങ്ങിയ സഞ്‌ജുവിന്‍റെ ശ്രമം പാളിയതോടെ വിക്കറ്റ് കീപ്പര്‍ നിക്കോളാസ് പുരാന്‍ സ്റ്റംപ് ചെയ്താണ് താരത്തെ പുറത്താക്കിയത്. ഇത്തവണ ഏഴ് പന്തുകളില്‍ നിന്നും ഏഴ് റണ്‍സ് മാത്രമായിരുന്നു സഞ്‌ജുവിന്‍റെ സമ്പാദ്യം.
ഇതിന് പിന്നാലെ സഞ്‌ജുവിനെ കടന്നാക്രമിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരം പാര്‍ഥിവ് പട്ടേല്‍ (Parthiv Patel ). സഞ്‌ജുവിന് മികവ് കാട്ടാന്‍ ധാരാളം അവസരങ്ങള്‍ ലഭിക്കുന്നുണ്ട്. എന്നാല്‍ അതു ശരിയായി വിനിയോഗിക്കാന്‍ താരത്തിന് കഴിഞ്ഞിട്ടില്ലെന്നുമാണ് മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കൂടിയായ പാര്‍ഥിവ് പട്ടേലിന്‍റെ വാക്കുകള്‍.
"ഇന്ത്യ തോൽക്കുമ്പോഴെല്ലാം, നമ്മള്‍ നെഗറ്റീവ് പോയിന്‍റുകളാണ് നോക്കുന്നത്. വൈറ്റ്-ബോൾ പരമ്പരയിലുടനീളം, ബാറ്റർമാർ ദീർഘനേരം ബാറ്റ് ചെയ്യേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് സംസാരിക്കുന്നു, സമീപകാലത്തായി കാണാത്ത ഒരു കാര്യമാണത്. സഞ്‌ജു സാംസൺ സ്ക്വാഡിൽ ഇല്ലാത്തപ്പോഴെല്ലാം നമ്മള്‍ അവനെക്കുറിച്ച സംസാരിക്കും.
പക്ഷേ ഇതുവരെ ലഭിച്ച അവസരങ്ങൾ അവൻ മുതലാക്കിയിട്ടില്ല. നോക്കൂ... സമയം കടന്നുപോയിക്കൊണ്ടിരിക്കുകയാണ്. സത്യസന്ധമായി പറഞ്ഞാല്‍ സഞ്‌ജുവിന് ധാരാളം അവസരങ്ങള്‍ ലഭിക്കുന്നുണ്ട്. എന്നാല്‍ ലഭിച്ച അവസരങ്ങളില്‍ അധികവും മുതലാക്കാന്‍ അവന് കഴിഞ്ഞിട്ടില്ല" പാര്‍ഥിവ് പട്ടേല്‍ പറഞ്ഞു.
വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇതേവരെ മികവ് കാട്ടിയ ഒരേയൊരു ഇന്ത്യന്‍ ബാറ്റര്‍ തിലക് വര്‍മ ആണെന്നും പാര്‍ഥിവ് പട്ടേല്‍ കൂട്ടിച്ചേര്‍ത്തു. വിന്‍ഡീസിനെതിരായ ആദ്യ ടി20യിലൂടെയായിരുന്നു തിലക് വര്‍മ ഇന്ത്യയ്‌ക്കായി അരങ്ങേറ്റം നടത്തിയത്. മത്സരത്തില്‍ 22 പന്തുകളില്‍ 39 റണ്‍സ് നേടി താരം ഇന്ത്യയുടെ ടോപ് സ്‌കോററായിരുന്നു. പിന്നീട് രണ്ടാം ടി20യില്‍ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ തന്‍റെ കന്നി അര്‍ധ സെഞ്ചുറിയും തിലക് കണ്ടെത്തി.
41 പന്തുകളില്‍ 51 റണ്‍സായിരുന്നു താരം നേടിയത്. എന്നാല്‍ രണ്ട് വിക്കറ്റിന്‍റെ തോല്‍വിയായിരുന്നു ഇന്ത്യയെ കാത്തിരുന്നത്. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യയ്‌ക്ക് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 152 റണ്‍സാണ് നേടാന്‍ കഴിഞ്ഞത്. മറുപടിക്കിറങ്ങിയ വിന്‍ഡീസ് 18.5 ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 155 റണ്‍സെടുത്താണ് വിജയം ഉറപ്പിച്ചത്.