ക്രൈസ്റ്റ് ചർച്ച്: വനിത ഏകദിന ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ വെസ്റ്റ് ഇന്‍ഡീസിന്‍റെ പേസറായ ഷാമിലിയ കോണല്‍ ഗ്രൗണ്ടില്‍ കുഴഞ്ഞുവീണു. മത്സരത്തിന്‍റെ 47-ാം ഓവറിൽ ഫീൽഡ് ചെയ്യുന്നതിനിടെയായിരുന്നു കോണൽ മൈതാനത്ത് കുഴഞ്ഞുവീണത്. ഉടൻ തന്നെ സഹതാരങ്ങളും മെഡിക്കൽ ടീമും താരത്തിന് സമീപത്തെത്തി പ്രഥമിക ചികിത്സ നൽകി ആശുപത്രിയിലേയ്‌ക്ക് മാറ്റി. താരം കുഴഞ്ഞുവീഴാനുള്ള കാരണം വ്യക്‌തമല്ല.
അതേസമയം കോണല്‍ ടൂര്‍ണമെന്‍റില്‍ തുടര്‍ന്നും കളിക്കുമോ എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. കോണലിനെ മെഡിക്കല്‍ സംഘം പരിശോധിച്ചുവരികയാണെന്നും അവര്‍ ശക്തമായി തിരിച്ചുവരുമെന്നാണ് പ്രതീക്ഷയെന്നും വിന്‍ഡീസ് ക്യാപ്റ്റന്‍ സ്റ്റെഫാനി ടെയ്‌ലര്‍ മത്സരശേഷം അറിയിച്ചു.
ALSO READ: All England Open: ചരിത്ര നേട്ടം; വനിത ഡബിൾസിൽ സെമിയിൽ പ്രവേശിച്ച് ട്രീസ ജോളി-ഗായത്രി ഗോപിചന്ദ് സഖ്യം
മത്സരത്തിൽ വിൻഡീസ് തകർപ്പൻ ജയം സ്വന്തമാക്കി. കോണൽ കുഴഞ്ഞു വീഴുമ്പോൾ ഒരു വിക്കറ്റ് ശേഷിക്കെ 19 പന്തിൽ 13 റണ്‍സായിരുന്നു ബംഗ്ലാദേശിന് ജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ അവസാന താരത്തെയും പുറത്താക്കി ടെയ്‌ലര്‍ വിന്‍ഡീസിന് നാലു റണ്‍സിന്‍റെ തകർപ്പൻ ജയം സമ്മാനിച്ചു.