ന്യൂഡല്‍ഹി: ക്യാപ്റ്റൻസിയുടെ ഭാരമില്ലാത്ത വിരാട് കോലി "സമ്മർദരഹിതനായി" കാണപ്പെടുന്നുവെന്ന് ബാംഗ്ലൂർ റയല്‍ ചലഞ്ചേഴ്‌സിലെ സഹതാരം ഗ്ലെൻ മാക്‌സ്‌വെൽ. നടക്കാനിരിക്കുന്ന ഐപിഎല്ലില്‍ ബംഗ്ലൂരിന്‍റെ എതിരാളികള്‍ക്ക് അപകടകരമായ സൂചനയാണിതെന്നും മാക്‌സ്‌വെല്‍ പറഞ്ഞു.
ക്യാപ്റ്റന്‍ സ്ഥാനം കുറച്ച് കാലമായി കോലിക്ക് ഭാരമായിരുന്നുവെന്നും മാക്‌സ്‌വെല്‍ ആര്‍സിബി പോഡ്‌കാസ്റ്റിനോടാണ് പ്രതികരിച്ചത്. 'ബാഹ്യ സമ്മർദ്ദങ്ങളൊന്നുമില്ലാതെ തന്‍റെ കരിയറിലെ അടുത്ത കുറച്ച് വർഷങ്ങൾ ശരിക്കും ആസ്വദിക്കുന്നത് അദ്ദേഹത്തിന് അൽപ്പം ആശ്വാസം പകരുന്നത് അതിശയകരമാണെന്നും' മാക്‌സ്‌വെല്‍ കൂട്ടിച്ചേര്‍ത്തു.
മുന്‍ ദിവസങ്ങളില്‍ മികച്ച ഒരു എതിരാളിയാണ് താരമെന്നും, എല്ലായ്‌പ്പോഴും സ്വയം കളിയില്‍ സമര്‍പ്പിക്കുന്നയാളാണ് കോലിയെന്നും ഓസീസ് ഓള്‍റൗണ്ടര്‍ പറഞ്ഞു. കോലിയുമായുള്ള ക്രിക്കറ്റ് സംഭാഷണങ്ങൾ ഇഷ്ടപ്പെടുന്നു. മുൻ ഇന്ത്യൻ നായകൻ അടുത്ത സുഹൃത്തായി മാറിയതിൽ സ്വയം ആശ്ചര്യപ്പെടുന്നതായും താരം വ്യക്തമാക്കി.
ഐപിഎല്ലിന്‍റെ കഴിഞ്ഞ സീസണിന് ശേഷം ആർസിബിയുടെ നായകസ്ഥാനം വിരാട് കോലി ഒഴിഞ്ഞിരുന്നു. മുന്‍ സൗത്ത് ആഫ്രിക്കന്‍ നായകന്‍ ഫാഫ് ഡു പ്ലെസിസിനെയാണ് ആര്‍സിബി കോലിക്ക് പകരക്കാരനായി പ്രഖ്യാപിച്ചിരിക്കുന്നത്.
ചെന്നൈ സൂപ്പര്‍ കിങ്‌സ് താരമായിരുന്ന ഡു പ്ലെസിയെ ഇത്തവണത്തെ മെഗാ ലേലത്തില്‍ കടുത്ത മത്സരത്തിനൊടുവിലാണ് ആര്‍സിബി സ്വന്തമാക്കിയത്. 7 കോടി രൂപയാണ് ഡു പ്ലെസിസിനായി ആര്‍സിബി ചെലവഴിച്ചത്.