മുംബൈ : ഇന്ത്യയുടെ യുവ പേസര്‍ ഉമ്രാൻ മാലിക്കിന് ടി20യേക്കാള്‍ ഏകദിന ഫോർമാറ്റാണ് അനുയോജ്യമെന്ന് മുൻ ബാറ്റർ വസീം ജാഫർ. മൊത്തത്തിലുള്ള വേരിയേഷനിലെ അഭാവമാണ് ടി20 ക്രിക്കറ്റില്‍ താരത്തിന് തിരിച്ചടിയാവുകയെന്നും ജാഫർ വിലയിരുത്തി. ഐപിഎല്ലില്‍ ഇക്കാര്യം നമ്മള്‍ കണ്ടിട്ടുണ്ടെന്നും ജാഫര്‍ കൂട്ടിച്ചേര്‍ത്തു.
"ഗെയിം വലുതാകുമ്പോൾ, നിങ്ങൾക്ക് കൂടുതൽ കഴിവുകൾ ഉണ്ടായിരിക്കണം, അത് പഠിച്ചെടുക്കേണ്ടതാണ്. ഉമ്രാന്‍ മാലിക്കിന് ടി20യേക്കാൾ ഏകദിന ഫോർമാറ്റാണ് അനുയോജ്യം.
ഈ ഫോര്‍മാറ്റില്‍ ആവശ്യമായ വേരിയേഷന്‍ താരത്തിനില്ലെന്ന് ഐപിഎല്ലില്‍ നമ്മള്‍ കണ്ടതാണ്. ആവശ്യമുള്ളപ്പോള്‍ ഷോർട്ട് ബോളില്‍ ശരിയായ ലൈനും ലെങ്തും കണ്ടെത്താന്‍ കഴിയണം" - ജാഫര്‍ പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്‌ച ഓക്ക്‌ലൻഡിലെ ഈഡൻ പാർക്കിൽ ന്യൂസിലൻഡിനെതിരെ ഉമ്രാന്‍ ഏകദിന അരങ്ങേറ്റം നടത്തിയിരുന്നു. വേഗമേറിയ പന്തുകളെറിഞ്ഞ് കിവീസ് ബാറ്റര്‍മാരെ ഭയപ്പെടുത്താന്‍ ഇന്ത്യന്‍ സ്‌പീഡ് സ്റ്റാറിന് കഴിഞ്ഞിരുന്നു. 153 കിലോ മീറ്ററിലേറെ വേഗത്തിലാണ് ഉമ്രാന്‍റെ ചില പന്തുകള്‍ പാഞ്ഞത്.
Also read: പാകിസ്ഥാനില്ലെങ്കില്‍ ആര് കാണും?; ഏകദിന ലോകകപ്പിലെ പദ്ധതി വെളിപ്പെടുത്തി റമീസ് രാജ
10 ഓവറില്‍ 66 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റാണ് താരം സ്വന്തമാക്കിയത്. തന്‍റെ ആദ്യ അഞ്ച് ഓവറിൽ 23കാരനായ ഉമ്രാന്‍ വെറും 19 റണ്‍സ് മാത്രമാണ് വിട്ട് നല്‍കിയിരുന്നത്. ഈ സ്‌പെല്ലിലാണ് താരം രണ്ട് വിക്കറ്റുകളും വീഴ്‌ത്തിയത്.