മുംബൈ: ഏഷ്യ കപ്പ് ടി20 ക്രിക്കറ്റ് ടൂര്‍ണമന്‍റിന്‍റെ മത്സരക്രമം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഓഗസ്റ്റ് 27ന് യുഎഇയിലാണ് ടൂര്‍ണമെന്‍റ് ആരംഭിക്കുക. 28ന് നടക്കുന്ന ഗ്രൂപ്പ് എയില്‍ നടക്കുന്ന ഇന്ത്യ-പാക് പോരിനായാണ് ആരാധകര്‍ അക്ഷമരായി കാത്തിരിക്കുന്നത്.
ടൂര്‍ണമെന്‍റിന്‍റെ ഫൈനലിന് മുമ്പ് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ രണ്ട് തവണ വീതം ഏറ്റമുട്ടുന്ന രീതിയിലാണ് ഇത്തവണത്തെ മത്സര ക്രമം. ചിരവൈരികളുടെ പോരെന്ന ആരാധകരുടെ ആവേശത്തിന് പുറമെ ബ്രോഡ്‌കാസ്റ്റർമാര്‍ക്ക് ഏറെ സന്തോഷം പകരുന്ന കാര്യമാണിത്.
ഇക്കാര്യം ചൂണ്ടിക്കാട്ടിയുള്ള ഇന്ത്യയുടെ മുന്‍ താരം വസീം ജാഫറിന്‍റെ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുകയാണ്. നെറ്റ്‌ഫ്‌ളിക്‌സ് ഷോ 'നാർകോസ്'-ൽ നിന്നുള്ള രസകരമായ ഒരു മീമാണ് ജാഫര്‍ പങ്കുവച്ചിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ടി20 ലോകകപ്പിലാണ് പാകിസ്ഥാനും ഇന്ത്യയും അവസാനമായി നേര്‍ക്കുനേര്‍ എത്തിയത്. അന്ന് ഇന്ത്യയെ കീഴടക്കാന്‍ പാകിസ്ഥാന് കഴിഞ്ഞു. ലോകകപ്പില്‍ ഇന്ത്യ പാകിസ്ഥാനെതിരെ വഴങ്ങുന്ന ആദ്യ തോല്‍വി കുടിയായിരുന്നു ഇത്.
അതേസമയം ശ്രീലങ്കയില്‍ നടക്കേണ്ടിയിരുന്ന ഇത്തവണത്തെ ഏഷ്യ കപ്പ് രാജ്യം സാമ്പത്തിക രാഷ്‌ട്രീയ പ്രതിസന്ധികളില്‍ അകപ്പെട്ടതോടെയാണ് ദുബായിലേക്ക് മാറ്റിയത്. ഇന്ത്യയേയും പാക്കിസ്ഥാനേയും കൂടാതെ ശ്രീലങ്ക, അഫ്‌ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ ടീമുകളും യോഗ്യത മത്സരം കളിച്ചെത്തുന്ന മറ്റൊരു ടീമുമാണ് ടൂര്‍ണമെന്‍റിന്‍റെ ഭാഗമാവുക. ഹോങ്കോങ്, കുവൈത്ത്, സിംഗപ്പൂര്‍, യുഎഇ എന്നീ ടീമുകളാണ് യോഗ്യത മത്സരം കളിക്കുന്നത്.
മത്സരങ്ങള്‍ എവിടെ കാണാം: ഇന്ത്യയില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സാണ് മത്സരങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്യുക. ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മത്സരങ്ങള്‍ ആരംഭിക്കുക. ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലും മത്സരം ലഭ്യമാണ്.
also read: ഏഷ്യാ കപ്പ്: ഇന്ത്യ- പാക് പോരാട്ടം ഓഗസ്റ്റ് 28ന്; മത്സരക്രമം പുറത്ത്