മുംബൈ: യുവ താരങ്ങളെ ഉള്‍പ്പെടുത്തി ഒരു പുതിയ ടി20 ടീമിനെ വാര്‍ത്തെടുക്കാനുള്ള ശ്രമത്തിലാണ് ബിസിസിഐ. ഇതോടെ ടി20 ലോകകപ്പിന് ശേഷം ഇന്ത്യ ഫോര്‍മാറ്റില്‍ കളിക്കാനിറങ്ങുമ്പോള്‍ വെറ്ററന്‍ താരങ്ങളായ രോഹിത് ശര്‍മയ്‌ക്കും വിരാട് കോലിക്കും വിശ്രമം അനുവദിക്കുന്ന രീതിയാണ് നിലവില്‍ കാണാന്‍ കഴിയുന്നത്. ഇതോടെ ഫോര്‍മാറ്റില്‍ ഇരുവരുടെയും ഭാവിയെക്കുറിച്ചുള്ള ചോദ്യങ്ങളും ഉയര്‍ന്നു കഴിഞ്ഞു.
അടുത്ത ടി20 ലോകകപ്പില്‍ ഇരുവരും കളിക്കുമോയെന്നാണ് പ്രധാന ചോദ്യം. ഇതിന് ഉത്തരവുമായെത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരം വസീം ജാഫര്‍. അടുത്ത ടി20 ലോകകപ്പിൽ രോഹിത് ഇന്ത്യൻ ടീമിന്‍റെ ഭാഗമാകുന്നത് താൻ കാണുന്നില്ലെന്നാണ് ജാഫര്‍ പറയുന്നത്.
എന്നാല്‍ കോലിയെ സംബന്ധിച്ചിടത്തോളം സാധ്യതകൾ കൂടുതലാണെന്നും ജാഫര്‍ വ്യക്തമാക്കി. പാകിസ്ഥാൻ മുൻ താരം ബാസിത് അലിയുമായുള്ള യൂട്യൂബിൽ ചാറ്റിലാണ് ജാഫറിന്‍റെ പ്രതികരണം.
"ശ്രീലങ്കയ്ക്കും ന്യൂസിലൻഡിനുമെതിരായ ടി20 പരമ്പരയില്‍ വിരാട് കോലിക്കും രോഹിത് ശർമയ്ക്കും വിശ്രമം അനുവദിച്ചിരുന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയാണ് നടക്കാനിരിക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്കും ഇന്ത്യക്ക് യോഗ്യത നേടാം.
ഐപിഎല്ലും ഏകദിന ലോകകപ്പും വരാനിരിക്കുന്നുണ്ട്. ഭാവിയിലേക്ക് നോക്കുമ്പോൾ, ടി20 ക്രിക്കറ്റ് യുവാക്കൾക്കുള്ളതാണ്. രോഹിത് ശർമ്മ അടുത്ത ടി20 ലോകകപ്പിൽ കളിക്കുമെന്ന് വ്യക്തിപരമായി എനിക്ക് തോന്നുന്നില്ല.
പക്ഷേ കോലി കളിച്ചേക്കാം, രോഹിത്തിന് ഇപ്പോള്‍ തന്നെ 36 വയസായെന്നാണ് എനിക്ക് തോന്നുന്നത്". വസീം ജാഫര്‍ പറഞ്ഞു. ഏകദിന ലോകകപ്പ് അടുത്തിരിക്കെ ശാരീരികമായും മാനസികമായും കൂടുതല്‍ ശക്തരാക്കുന്നതിനാവും ഇരുവരേയും ടി20 മത്സരങ്ങളില്‍ നിന്നും നിലവില്‍ മാറ്റി നിര്‍ത്തുന്നതെന്നും ജാഫര്‍ അഭിപ്രായപ്പെട്ടു.
ഇന്ത്യയുടെ ടി20 ടീമിലെ യുവ താരങ്ങള്‍ക്ക് രോഹിത്തിനേയും കോലിയേയും പോലെയുള്ള ഒരു 'ഗൈഡിങ് ഫോഴ്‌സിന്‍റെ' ആവശ്യമില്ലെന്നും ജാഫര്‍ പറഞ്ഞു. ഐപിഎല്ലിൽ വളരെയധികം മത്സരങ്ങള്‍ കളിച്ച താരങ്ങളാണ് അവരെന്നും ജാഫര്‍ ചൂണ്ടിക്കാട്ടി.
ALSO READ: സ്‌മിത്തിനെ പൂട്ടാന്‍ അക്‌സറിന് കഴിയും; കാരണം ചൂണ്ടിക്കാട്ടി ഇര്‍ഫാന്‍ പഠാന്‍