മുംബൈ : ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (Indian Premier League) നിന്നും 'ഇംപാക്‌ട് പ്ലെയർ' നിയമം എടുത്തുകളയേണ്ടതുണ്ടെന്ന് ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ വസീം ജാഫര്‍ (Wasim Jaffer against Impact player rule in IPL). ഓള്‍റൗണ്ടര്‍മാരെ ബോള്‍ ചെയ്യാന്‍ പ്രോത്സാഹിപ്പിക്കാത്ത നിയമാണിത്. ഓള്‍റൗണ്ടേഴ്‌സും പന്തെറിയാന്‍ കഴിയുന്ന ബാറ്റര്‍മാരും ഇല്ലാതാവുന്നത് ഇന്ത്യന്‍ ക്രിക്കറ്റിന് ആശങ്കയാണെന്നും വസീം ജാഫര്‍ അഭിപ്രായപ്പെട്ടു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലാണ് വസീം ജാഫര്‍ (Wasim Jaffer) ഇതു സംബന്ധിച്ച പോസ്റ്റിട്ടിരിക്കുന്നത്.
സാഹചര്യത്തിന് അനുസരിച്ച് പ്ലേയിങ് ഇലവനില്‍ മാറ്റം വരുത്താന്‍ ടീമികളെ സഹായിക്കുന്നതാണ് 'ഇംപാക്‌ട് പ്ലെയർ' നിയമം. ടോസ് സമയത്ത് സ്റ്റാർട്ടിങ് ഇലവനോടൊപ്പം നല്‍കുന്ന അഞ്ച് പകരക്കാരില്‍ നിന്ന് ഒരാളെയാണ് ഇംപാക്‌ട് പ്ലെയറായി ടീമുകള്‍ക്ക് കളത്തിലെത്തിക്കാന്‍ കഴിയുക. ബോള്‍ ചെയ്യുന്ന സമയത്തോ ബാറ്റ് ചെയ്യുന്ന സമയത്തോ ഇംപാക്‌ട് പ്ലെയറെ ടീമുകള്‍ക്ക് കൊണ്ടുവരാം.
ഐപിഎല്ലില്‍ കഴിഞ്ഞ സീസണല്‍ മുതല്‍ക്കാണ് 'ഇംപാക്‌ട് പ്ലെയർ' നിയമം കൊണ്ടുവന്നത്. എന്നാല്‍ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ഇത്തരമൊരു നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഇതേവരെ ചര്‍ച്ചകള്‍ ഉണ്ടായിട്ടില്ല. ഐപിഎല്‍ (Indian Premier League 2024) പുതിയ സീസണിന് മുന്നോടിയായുള്ള താര ലേലം ദുബായില്‍ ഡിംബര്‍ 19-ന് നടക്കാനിരിക്കെയാണ് വസീം ജാഫറിന്‍റെ വാക്കുകള്‍.
ഇതാദ്യമായാണ് ഐപിഎല്‍ ലേലം ഇന്ത്യയ്‌ക്ക് പുറത്ത് വച്ച് നടക്കുന്നത്. പുതിയ സീസണിന് മുന്നോടിയായി ഓരോ ഫ്രാഞ്ചൈസികള്‍ നിലനിര്‍ത്തുകയും ഒഴിവാക്കുകയും ചെയ്‌ത കളിക്കാരുടെ പട്ടിക അടുത്തിടെ പുറത്ത് വിട്ടിരുന്നു. എന്നാല്‍ ട്രേഡ് വിന്‍ഡോ പൂട്ടിയിട്ടില്ല. ഇതോടെ ട്രേഡ് വിന്‍ഡോ പൂട്ടുന്ന ഡിസംബര്‍ 12 വരെ നിലവില്‍ നിലനിര്‍ത്തിയ കളിക്കാരെ ഫ്രാഞ്ചൈസികള്‍ക്ക് പരസ്‌പരം കൈമാറ്റം ചെയ്യാം.
ഈ സീസണില്‍ ഏറ്റവും ശ്രദ്ധേയമായ ട്രേഡ് ഗുജറാത്ത് ടൈറ്റന്‍സിന്‍റെ ക്യാപ്റ്റനായിരുന്ന ഹാര്‍ദിക് പാണ്ഡ്യയുടേതാണ്. തങ്ങളുടെ പ്രഥമ ഐപിഎല്‍ സീസണില്‍ ഗുജറാത്തിനെ കിരീടത്തിലേക്ക് നയിച്ച ഹാര്‍ദിക് കഴിഞ്ഞ സീസണില്‍ ടീമിനെ രണ്ടാം സ്ഥാനത്ത് എത്തിച്ചിരുന്നു. എന്നാല്‍ വരും സീസണിനായി തന്‍റെ പഴയ തട്ടകമായ മുംബൈ ഇന്ത്യന്‍സിനൊപ്പമാണ് ഹാര്‍ദിക് ചേര്‍ന്നത്. ഇതിന്‍റെ ഭാഗമായി ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിനെ മുംബൈ ഇന്ത്യന്‍സ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് നല്‍കി.
രോഹിത് ശര്‍മയുടെ പകരക്കാരനായ ഭാവി ക്യാപ്റ്റനയാണ് ഹാര്‍ദിക്കിനെ മുംബൈ തിരികെ എത്തിച്ചതെന്ന് പൊതുവെ ചര്‍ച്ച. എന്നാല്‍ ഇക്കാര്യത്തില്‍ സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുംറ അത്ര സന്തോഷത്തിലെന്നും സംസാരമുണ്ട്. ഹാര്‍ദിക്കിന്‍റെ തിരിച്ചുവരവിന് പിന്നാലെയുള്ള താരത്തിന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ് ഇതിന് വഴിയൊരുക്കിയത്. "നിശബ്‌ദതയാണ് ചിലപ്പോൾ ഏറ്റവും നല്ല ഉത്തരം" എന്നായിരുന്നു ബുംറ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.