കറാച്ചി : ഇന്ത്യ ആതിഥേയരാവുന്ന ഏകദിന ലോകകപ്പിന്‍റെ മത്സരക്രമം കഴിഞ്ഞ ദിവസം ഐസിസി പുറത്തുവിട്ടിരുന്നു. 10 ടീമുകളെ ഉള്‍പ്പെടുത്തിയാണ് ഇത്തവണത്തെ ലോകകപ്പിന്‍റെ മത്സരക്രമം ഐസിസി പ്രഖ്യാപിച്ചിരിക്കുന്നത്. ആതിഥേയരായ ഇന്ത്യയെ കൂടാതെ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ബംഗ്ലാദേശ്, പാകിസ്ഥാൻ, ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ്, അഫ്‌ഗാനിസ്ഥാൻ, എന്നീ ടീമുകൾ ഇതിനകം തന്നെ ടൂര്‍ണമെന്‍റിനായി യോഗ്യത നേടിയിട്ടുണ്ട്. ബാക്കിയുള്ള രണ്ട് സ്ഥാനങ്ങള്‍ യോഗ്യത മത്സരങ്ങള്‍ കളിച്ചെത്തുന്ന ടീമുകള്‍ക്കുള്ളതാണ്.
സര്‍ക്കാര്‍ അനുമതി വേണം : എന്നാല്‍ പാകിസ്ഥാന്‍റെ പങ്കാളിത്തം സംബന്ധിച്ച അനിശ്ചിതത്വം ഇപ്പോഴും തുടരുകയാണ്. കാരണം, ഐസിസി മത്സരക്രമം പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ ഏകദിന ലോകകപ്പിൽ പങ്കെടുക്കുന്നത് സർക്കാർ അനുമതിക്ക് വിധേയമായിരിക്കുമെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് വീണ്ടും ആവര്‍ത്തിച്ചിരിക്കുകയാണ്.
"ലോകകപ്പിലെ പങ്കാളിത്തവും, ഒക്ടോബർ 15-ന് അഹമ്മദാബാദിലും, തുടര്‍ന്ന് സെമി ഫൈനലില്‍ എത്തുകയാണെങ്കില്‍ മുംബൈയിലും കളിക്കുന്നത് സർക്കാർ അനുമതിയെ ആശ്രയിച്ചിരിക്കും" - എന്നായിരുന്നു പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രതികരിച്ചത്.
എന്‍ഒസി നല്‍കാതെ സര്‍ക്കാര്‍ : ഇതിന് പിന്നാലെ ഇന്ത്യയിലേക്ക് പോകുന്നതിന് സർക്കാർ ഇതുവരെ ബോർഡിന് എൻഒസി നൽകിയിട്ടില്ലെന്ന് പിസിബി ഉദ്യോഗസ്ഥന്‍ വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞിരുന്നു. വിഷയം ഏറെ സെൻസിറ്റീവായതിനാല്‍ സർക്കാരിൽ നിന്ന് വ്യക്തമായ നിർദേശങ്ങൾ ലഭിച്ചതിന് ശേഷം മാത്രമേ ബോർഡിന് മുന്നോട്ട് പോകാനാകൂ. ടൂർണമെന്‍റിലെ പങ്കാളിത്തവും വേദി സംബന്ധിച്ച പ്രശ്‌നങ്ങളും സർക്കാരിൽ നിന്നുള്ള അനുമതിയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് തങ്ങൾ ഇതിനകം ഐസിസിയെ അറിയിച്ചിട്ടുണ്ട് എന്നുമായിരുന്നു ഉദ്യോഗസ്ഥന്‍ പറഞ്ഞത്.
കളിക്കാര്‍ക്ക് ആശങ്കയില്ല : എന്നാല്‍ ടീമിലെ കളിക്കാർ വേദികളെ കുറിച്ച് ആശങ്കപ്പെടുന്നില്ലെന്നാണ് താൻ കരുതുന്നതെന്നാണ് പാകിസ്ഥാൻ പേസ് ഇതിഹാസം വസീം അക്രം ഇതിനോട് പ്രതികരിച്ചത് " - ഇക്കാര്യത്തില്‍ ഇവിടെ ഒരു പ്രശ്‌നവുമില്ല. എവിടെ മത്സരം നടന്നാലും പാകിസ്ഥാൻ അവിടെ കളിക്കേണ്ടിവരും. ആ സംഭാഷണവും അവിടെ അവസാനിക്കും.
വേദികളെക്കുറിച്ചുള്ള ഇത്തരം ചര്‍ച്ചകള്‍ അനാവശ്യ സമ്മർദ്ദം മാത്രമാണ്. ഇതേക്കുറിച്ച് എതെങ്കിലും പാകിസ്ഥാന്‍ താരത്തോട് ചോദിച്ചാല്‍ തങ്ങള്‍ അതൊന്നും കാര്യമാക്കുന്നില്ലെന്ന് തന്നെയാവും പറയുക. ഷെഡ്യൂൾ വരുന്നിടത്തെല്ലാം അവർ കളിക്കും" - വസീം അക്രം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പാകിസ്ഥാന്‍ വരും : ലോകകപ്പിലെ പങ്കാളിത്തവുമായി ബന്ധപ്പെട്ട് പാകിസ്ഥാന്‍ ഐസിസിയുമായി കരാര്‍ ഒപ്പുവച്ചതായി ഔദ്യോഗിക വക്താവ് വാര്‍ത്ത ഏജന്‍സിയോട് പ്രതികരിച്ചിരുന്നു. അവര്‍ മത്സരിക്കാന്‍ എത്തുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. വിപരീതമായി യാതൊരു സൂചനയും ഇല്ല.
എല്ലാ അംഗങ്ങളും അവരുടെ രാജ്യത്തിന്‍റെ നിയമങ്ങള്‍ അനുസരിക്കണം, തങ്ങൾ അത് മാനിക്കുന്നു. എന്നാൽ ലോകകപ്പിന് പാകിസ്ഥാൻ ഇന്ത്യയിൽ ഉണ്ടാകുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം നോക്കൗട്ട് ഘട്ടത്തില്‍ അല്ലാതെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ കളിക്കാന്‍ തയ്യാറല്ലെന്നും അഫ്‌ഗാനെതിരെ ചെന്നൈയിലും ഓസീസിനെതിരെ ബെംഗളൂരുവിലും നടത്താന്‍ നിശ്ചയിച്ച മത്സരങ്ങളുടെ വേദികള്‍ തമ്മില്‍ പരസ്‌പരം മാറ്റണമെന്നും പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ പാകിസ്ഥാന്‍റെ ഈ ആവശ്യം ബിസിസിഐയും ഐസിസിയും തള്ളിയിരുന്നു. ഓക്‌ടോബര്‍ 15-ന് നടക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ മത്സരം അഹമ്മദാബാദിലാണ് നിശ്ചയിച്ചിരിക്കുന്നത്.