ഇസ്‌ലാമാബാദ്: ഏഷ്യ കപ്പിനുള്ള (Asia Cup 2023) ഇന്ത്യൻ ടീം വളരെ സന്തുലിതമാണെന്ന് പാകിസ്ഥാന്‍റെ ഇതിഹാസ പേസര്‍ വസീം അക്രം (Wasim Akram On Asia Cup 2023 India Squad). ടൂര്‍ണമെന്‍റില്‍ കിരീടം നേടാനുള്ള കരുത്ത് ഇന്ത്യയ്‌ക്കുണ്ട്. എന്നാല്‍ മറ്റ് ചില ടീമുകളും സമാന കരുത്തുള്ളവരായതിനാല്‍ ഇന്ത്യയ്‌ക്ക് കാര്യങ്ങള്‍ അത്ര എളുപ്പമാവില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
"പുതിയ കളിക്കാരെ കൊണ്ടുവന്ന് വ്യത്യസ്‌തമായ കാര്യങ്ങള്‍ ചെയ്യാന്‍ ടീം ഇന്ത്യ ശ്രമിക്കുന്നുണ്ട്. പ്രത്യേകിച്ച് ടി20 ഫോർമാറ്റിൽ. ഏഷ്യ കപ്പിലേക്ക് എത്തുമ്പോള്‍ അവരുടെ സ്ക്വാഡ് വളരെ സന്തുലിതമാണ്.
എന്നിരുന്നാലും, മറ്റ് ടീമുകളും ഒരുപോലെ മികച്ചവരായതിനാൽ ടൂര്‍ണമെന്‍റ് വിജയിക്കുകയെന്നത് ഇന്ത്യക്ക് അത്ര എളുപ്പമാകില്ല. നിലവിലെ ഏകദിന റാങ്കിങ്ങില്‍ പാകിസ്ഥാനാണ് ഒന്നാം സ്ഥാനത്തുള്ളത്. കഴിഞ്ഞ തവണ ശ്രീലങ്കയാണ് ഏഷ്യ കപ്പ് നേടിയതെന്ന് കൂടെ ഓര്‍മിപ്പിക്കുകയാണ്.
ഇന്ത്യ-പാകിസ്ഥാൻ (India Vs Pakistan) മത്സരം വളരെ പ്രധാനപ്പെട്ടതാണ്. എന്നാല്‍ ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ ടീമുകളെ ഒരിക്കലും തള്ളിക്കളയരുത്. അഫ്‌ഗാനിസ്ഥാനിൽ പോലും അതിശയിപ്പിക്കുന്ന ഒരു ഘടകമുണ്ട്", വസീം അക്രം പറഞ്ഞു.
അതേസമയം ഏഷ്യ കപ്പ് ഹൈബ്രിഡ് മോഡലില്‍ ഓഗസ്റ്റ് 30 മുതല്‍ സെപ്‌റ്റംബര്‍ 17 വരെയാണ് അരങ്ങേറുന്നത്. പാകിസ്ഥാന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളിലാണ് ടൂര്‍ണമെന്‍റ് നടക്കുക. പാകിസ്ഥാന്‍ ആതിഥേയരാവുന്ന ടൂര്‍ണമെന്‍റിനായി സുരക്ഷ കാരണങ്ങള്‍ മുന്‍ നിര്‍ത്തി പാക് മണ്ണിലേക്ക് ഇന്ത്യന്‍ ടീമിനെ അയയ്‌ക്കില്ലെന്ന് ബിസിസിഐ നിലപാട് എടുക്കുകയായിരുന്നു.
ഇതോടെ ഏറെ അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവിലാണ് ഇന്ത്യയുടെ മത്സരങ്ങള്‍ നിഷ്‌പക്ഷ വേദിയില്‍ നടക്കുന്ന തരത്തിലുള്ള ഹൈബ്രിഡ് മോഡലില്‍ ഏഷ്യ കപ്പ് നടത്താന്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ തീരുമാനമെടുത്തത്. ആദ്യ മത്സരത്തില്‍ ഇന്ത്യയ്‌ക്ക് ചിരവൈരികളായ പാകിസ്ഥാനാണ് എതിരാളി. സെപ്റ്റംബര്‍ 2-നാണ് ഇന്ത്യ-പാക് പോര്.
ഏഷ്യ കപ്പ് ഇന്ത്യൻ സ്‌ക്വാഡ് (India Squad Asia Cup 2023): ഇഷാൻ കിഷൻ, ശുഭ്‌മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ, രോഹിത് ശർമ (ക്യാപ്റ്റൻ), സൂര്യകുമാർ യാദവ്, തിലക് വർമ്മ, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, ശാർദുൽ താക്കൂർ, ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റൻ), ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, പ്രസിദ്ധ് കൃഷ്‌ണ, സഞ്ജു സാംസണ്‍ (ബാക്കപ്പ്).